ന്യുഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിലെ ഓഫീസില്‍ നിന്നും മോഷണംപോയെന്ന വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സര്‍ക്കാരിന്റെ ജോലി പലതും അപ്രത്യക്ഷമാക്കലാണ്. റഫാല്‍ രേഖകള്‍ കാണാതായി എന്ന് സര്‍ക്കാര്‍ പറയുന്നു. അതിന്റെ അര്‍ത്ഥം ആ രേഖകള്‍ സത്യമാണെന്നതാണ്. റഫാല്‍ ഇടപാടില്‍ പ്രാധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയ കാര്യം ആ രേഖകളില്‍ വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണം. അനില്‍ അംബാനിക്ക് പണം നല്‍കുന്നതിന് വേണ്ടിയാണ് റഫാല്‍ ഇടപാട് വൈകിപ്പിച്ചത്. പ്രധാനമന്ത്രിക്കെതിരെയും അന്വേഷണം വേണം. ഈ സര്‍ക്കാരില്‍ എല്ലാം അപ്രത്യക്ഷമാകുകയാണ്. രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ശരിയായ വില നല്‍കുമെന്ന ഉറപ്പ്, 15 ലക്ഷം രൂപ നല്‍കുമെന്ന ഉറപ്പ്... അങ്ങനെ പലതും അപ്രത്യക്ഷമായി- രാഹുല്‍ പരിഹസിച്ചു.
രേഖകള്‍ മോഷണം പോയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണം. അതോടൊപ്പംതന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ഇടപാടുകളെ കുറിച്ച് അന്വേഷണത്തിനും തയ്യാറാകണം. റഫാല്‍ ഫയലുകള്‍ അപ്രത്യക്ഷമായി. അതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 30,000 കോടി രൂപയുടെ കുംഭകോണം നടത്തിയവര്‍ക്കെതിരെ ഒരു അന്വേഷണവും വേണ്ടെ? പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൗശലംപ്രയോഗിക്കുകയാണ്. ഇന്ത്യയിലെ പ്രശ്‌നം ഇതാണ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ മാത്രമാണ് ഇവിടെ ക്രിമിനല്‍ അന്വേഷണം നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ താന്‍ തേടുന്നില്ല. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂവരിച്ച ചില സി.ആര്‍.പി.എഫ് ജവാന്മാരുടെ കുടുംബം ഈ ആവശ്യമുന്നയിച്ചതായി താന്‍ അറിഞ്ഞു. തങ്ങളുടെ വികാരം മുറിപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്നതിന് തെളിവു നല്‍കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യ ചര്‍ച്ചകള്‍ തുടരുകയാണ്. ഡല്‍ഹിയില്‍ സഖ്യമില്ലെന്ന് പാര്‍ട്ടി ഘടകം ഐക്യകണേ്ഠന അറിയിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
from mangalam.com https://ift.tt/2tV6l5m
via IFTTT
No comments:
Post a Comment