ന്യൂഡൽഹി:വൈമാനികരുടെ കുറവ്, വിമാനക്കമ്പനികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയ്ക്കുപുറമേ, ബോയിങ് മാക്സ് പ്രതിസന്ധിയുംകൂടി വന്നതോടെ ഇന്ത്യൻ വിമാനയാത്രക്കാർ വലിയ വിലകൊടുക്കേണ്ടിവരും. കുടുംബങ്ങൾ വ്യാപകമായി യാത്രചെയ്യുന്ന സ്കൂൾ അവധിക്കാലം വരാനിരിക്കേ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കൂടിയേക്കുമെന്നാണ് പ്രമുഖ ഓൺലൈൻ ബുക്കിങ് കമ്പനികളുടെ അനുമാനം. വിവിധ കാരണങ്ങളാൽ അമ്പതോളം വിമാനങ്ങൾ ഈവർഷം സർവീസ് നടത്തുന്നില്ല. കടബാധ്യതയെത്തുടർന്ന് ജെറ്റ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡ് 40 ശതമാനം വിമാനങ്ങളും പറപ്പിക്കുന്നില്ല. 12 ബോയിങ് 737 മാക്സ് വിമാനങ്ങൾ തത്കാലത്തേക്ക് ഒഴിവാക്കുന്നതായി സ്പൈസ്ജെറ്റും ബുധനാഴ്ച അറിയിച്ചു. ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞ വിമാനമായ ഇൻഡിഗോ അടുത്ത രണ്ടുമാസത്തിനുള്ളിൽ ദിവസേന ഡസൺ കണക്കിന് സർവീസുകൾ റദ്ദാക്കിയേക്കും. വൈമാനികരുടെ കുറവുമൂലമാണിത്. വിമാനത്തിൽ യാത്രചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്ക്. 2018 ജൂൺവരെ തുടർച്ചയായ 46 മാസം വിമാനയാത്രക്കാരുടെ എണ്ണത്തിലെ വളർച്ച രണ്ടക്കസംഖ്യയിലാണ് രേഖപ്പെടുത്തിയത്. ഈരീതിയിൽ മുന്നോട്ടുപോയാൽ, 2024 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവുമധികം ആഭ്യന്തര വിമാന യാത്രക്കാരുള്ള രാജ്യമായി ഇന്ത്യ മാറും.
from mathrubhumi.latestnews.rssfeed https://ift.tt/2TBnHTT
via
IFTTT
No comments:
Post a Comment