മുസാഫര്‍നഗര്‍: വിസ്താരത്തിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ 2013 മുസാഫര്‍നഗര്‍ കലാപക്കേസിലെ മുഖ്യസാക്ഷി അഷ്ബാബ് വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ബൈക്കില്‍ എത്തിയ രണ്ടു പേരാണ് 35 കാരനെതിരേ വെടിയുതിര്‍ത്തത്.
കലാപകേസില്‍ വിചാരണ തുടങ്ങിയിരിക്കെ സാക്ഷിവിസ്താരം നടക്കാന്‍ രണ്ടാഴ്ചയേ ബാക്കിയുണ്ടായിരുന്നുള്ളൂ. പാല്‍വില്‍പ്പനക്കാരനായ അഷ്ബാബ് മുസാഫര്‍നഗറില്‍ തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
അഞ്ചു ബുള്ളറ്റുകളാണ് ശരീരത്തില്‍ തുളഞ്ഞു കയറിയത്. കലാപക്കേസില്‍ നിര്‍ണ്ണായക സാക്ഷികളില്‍ ഒരാളായ അഷ്ബാബ് മുമ്പ് തനിക്ക് നേരെ വധഭീഷണി ഉണ്ടെന്ന് പറഞ്ഞിരുന്നതായും ഇക്കാര്യത്തില്‍ ഫെബ്രുവരിയില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ നേരത്തേ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും എല്ലാവരും ജാമ്യം നേടി പുറത്ത് പോയിരുന്നു.
അഷ്ബാബ് മുഖ്യ സാക്ഷിയായ കേസ് മാര്‍ച്ച് 25 ന് അടുത്ത വിചാരണയ്ക്കായി എടുക്കാനിരിക്കുകയാണ്. അഷ്ബാബ് കൊല്ലപ്പെട്ടേക്കുമോ എന്ന സംശയം നേരത്തേ തന്നെ കേസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉണ്ടായിരുന്നു.
അക്രമം നടത്തിയവര്‍ ഒത്തുതീര്‍പ്പിനായി ഇയാള്‍ക്ക് മേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലൂം അഷ്ബാബ് വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞെന്നും അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
2013 ല്‍ കലാപം നടക്കുമ്പോള്‍ തന്റെ രണ്ടു സഹോദരങ്ങളെ അക്രമികള്‍ കൊലപ്പെടുത്തുന്നതിന് അഷ്ബാബ് സാക്ഷിയായിരുന്നു. മുസാഫര്‍ഗനറിലെ മന്‍സൂര്‍പൂര്‍ നഗരത്തിന് സമീപത്തെ ഖേരി താഗാന്‍ ഗ്രാമത്തില്‍ കലാപം നടക്കുമ്പോള്‍ അഷ്ബാബും മാതാപിതാക്കളും ഗ്രാമം വിട്ടോടുകയായിരുന്നു. കലാപകാരികള്‍ സഹോദരങ്ങളായ നവാബിനെയും ഷഹീദിനെയും കൊലപ്പെടുത്തിയത് അഷ്ബാബിന്റെ കണ്‍മുന്നിലായിരുന്നു. അന്നുമുതല്‍ അഷ്ബാബിന്റെ ജീവന്‍ ഭീഷണിയിലായിരുന്നെന്ന് പിതാവ് 65 കാരനായ അഖ്തര്‍ പറയുന്നു.
അതേസമയം ആര്‍ക്കും ഇടയില്‍ ഒരു ശത്രുതയും ഇല്ലെങ്കിലും കലാപം ഇപ്പോഴും തീര്‍ത്തിട്ടില്ലെന്നും നടക്കുന്ന വിചാരണയുമായി ബന്ധപ്പെട്ട് തന്നെയാകും മകന്‍ കൊല്ലപ്പെട്ടതെന്നും അഖ്തര്‍ പറയുന്നു.
സഹോദരന്മാരെ കൊലപ്പെടുത്തിയ കേസില്‍ അനേകം തവണ ഒത്തുതീര്‍പ്പിന് എതിരാളികള്‍ ശ്രമം നടത്തിയെങ്കിലും അഷ്ബാബ് വഴങ്ങിയിരുന്നില്ലെന്നും അഖ്തര്‍ പറഞ്ഞു. കേസില്‍ ആറുപേര്‍ അറസ്റ്റിലായെങ്കിലും എല്ലാവരും ജാമ്യത്തില്‍ പുറത്തുണ്ടെന്നും പറഞ്ഞു.
from mangalam.com https://ift.tt/2T3HDK2
via IFTTT
No comments:
Post a Comment