വെല്ലിങ്ടൺ: ഒരു ദിവസത്തിനുള്ളിൽ ഫെയ്സ്ബുക്ക് ഒഴിവാക്കിയത് ന്യൂസിലൻഡ് വെടിവെപ്പിന്റെ 15 ലക്ഷം ദൃശ്യങ്ങൾ. ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിലാണ് 50 പേരുടെ മരണത്തിന് കാരണമായ വെടിവെപ്പ് നടന്നത്. ബ്രെന്ററൺ ടാരന്റ് എന്ന കൊലയാളി വെടിവെക്കുന്നതിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്ക് അക്കൗണ്ടുവഴി തത്സമയം നൽകിയിരുന്നു. ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് ഇത്രയും വലിയ തോതിൽ വീഡിയോ അപ്ലോഡ് ചെയ്തത്. 15 ലക്ഷം വീഡിയോകളിൽ 12 ലക്ഷവും അപ്ലോഡ് ചെയ്തയുടൻ നീക്കുകയായിരുന്നുവെന്ന് ന്യൂസിലൻഡിലെ ഫെയ്സ്ബുക്ക് വക്താവ് മിയ ഗാർലിക് വ്യക്തമാക്കി. ആക്രമണം നടത്തിയ ബ്രെന്ററൺ ടാരന്റ് നെറ്റിയിൽ ഘടിപ്പിച്ച ക്യാമറ വഴിയാണ് ദൃശ്യങ്ങൾ പകർത്തി ലൈവായി ഫെയ്സ്ബുക്കിൽ നൽകിയത്. ഒരു വീഡിയോ ഗെയിം പോലെ തോന്നിക്കുന്ന വീഡിയോ ആയിരുന്നു അത്. സംഭവം ലോകം അറിഞ്ഞ ഉടൻ തന്നെ ഇയാളുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ നീക്കിയിരുന്നു. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നതടക്കമുള്ള പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടി വരുമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ പ്രതിയുടെ ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ് വീഡിയോ ആദ്യം കാണുന്നത്. പ്രതി പിടിയിലായിട്ടും വീഡിയോകൾ ഡൗൺലോഡ് ചെയ്ത് മറ്റുള്ളവർ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷെയർ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ലോകത്തെ നടുക്കിയ വെടിവെപ്പ് നടന്നത്. ഓഡിയോ ടെക്നോളജി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ആക്രമണ വീഡിയോ കണ്ടെത്തി നീക്കിക്കൊണ്ടിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി. Content highlights: Facebook Removed 15 lakh Videos of the New Zealand Mosque Attack Within 24 Hours
from mathrubhumi.latestnews.rssfeed https://ift.tt/2O9Usla
via
IFTTT
No comments:
Post a Comment