യെലഹങ്കയിൽ കത്തിയത്300 കാറുകൾ ബെംഗളൂരു: യെലഹങ്ക വ്യോമസേനാതാവളത്തിൽ എയർഷോയുടെ പാർക്കിങ് സ്ഥലത്തുണ്ടായ വൻ തീപ്പിടിത്തത്തിൽ മുന്നൂറോളം കാറുകൾ കത്തിനശിച്ചു. ആളപായമില്ല. ദേശീയപാതയ്കുസമീപം അഞ്ചാം പ്രവേശനകവാടത്തിനടുത്തുള്ള പാർക്കിങ് സ്ഥലത്താണ് ശനിയാഴ്ച രാവിലെ 11.55-ഓടെ തീപ്പിടിത്തമുണ്ടായത്. ഉണങ്ങിയ പുല്ലിൽനിന്ന് തീ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് പടർന്നുപിടിച്ചു. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. 150 കാറുകൾ കത്തിനശിച്ചെന്നാണ് ഒൗദ്യോഗിക വിശദീകരണം. എയ്റോ-ഇന്ത്യ നടക്കുന്ന വേദിയുടെ 700 മീറ്റർ അകലെയാണ് പാർക്കിങ് ഗ്രൗണ്ട്. അതിനാൽ വൻദുരന്തം ഒഴിവായി. 33 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറോളം പ്രയത്നിച്ചാണ് തീകെടുത്തിയത്. വാഹനങ്ങൾ കൂട്ടമായി കത്തിയതോടെ സ്ഫോടനങ്ങളുമുണ്ടായി. വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. ബാണാസുരമല കത്തിയെരിഞ്ഞു വെള്ളമുണ്ട: ഒറ്റരാത്രി. ബാണാസുരമലയിലെ പതിനായിരത്തോളം ഹെക്ടർ പുൽമേടുകൾ കത്തിയെരിഞ്ഞു. ചോലവനങ്ങളെയും കാറ്റിൽ പടർന്ന തീ ഭസ്മമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ താഴെനിന്ന് കണ്ടുതുടങ്ങിയ തീ ഒരു രാത്രി പിന്നിട്ട് ശനിയാഴ്ചയും മറ്റിടങ്ങളിലേക്ക് പടരുകയാണ്. ആദ്യമായാണ് ഇത്രയും വലിയ തീപ്പിടിത്തം ഇവിടെയുണ്ടാകുന്നത്. ബന്ദിപ്പുരിലും മുതുമലയിലും വൻ തീപ്പിടിത്തം മൈസൂരു: ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിലും മുതുമല വന്യജീവി സങ്കേതത്തിലും വൻ തീപ്പിടിത്തം. ബന്ദിപ്പുരിൽ 600 ഏക്കറോളം വനഭൂമി കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗോപാലസ്വാമിബേട്ട എന്ന സ്ഥലത്താണ് ആദ്യം തീപിടിച്ചത്. തീ അണയ്ക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് പ്രതികൂലമാവുകയാണ്. മൈസൂരു-ബന്ദിപ്പുർ റോഡിൽ ഏറെനേരം ഗതാഗതവും സ്തംഭിച്ചു. മുതുമലയിലെ തീപ്പിടിത്തത്തെത്തുടർന്ന് മൈസൂർ-ഊട്ടി ദേശീയപാത 67 -ലും ഗതാഗതം മുടങ്ങി. മുൾമുനയിൽ എടവണ്ണ എടവണ്ണ (മലപ്പുറം): മഞ്ചേരിക്കടുത്ത് എടവണ്ണ തുവ്വക്കാട്ട് പെയിന്റ് ഗോഡൗണിൽ തീപ്പിടിത്തം. ഗോഡൗൺ പൂർണമായും കത്തിയമർന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. മരം പോളിഷ് ചെയ്യാനുള്ള രാസമിശ്രിതങ്ങൾ നിറച്ച ലോറിയും മറ്റൊരു മിനിലോറിയും കത്തിയമർന്നു. സമീപവീടുകളിലേക്ക് തീപടരുന്ന സാഹചര്യം ഉടലെടുത്തതോടെ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഗോഡൗണിൽനിന്ന് വൻതോതിൽ തീയും പുകയും ഉയരുകയായിരുന്നു. പെട്ടെന്നുതന്നെ ഇത് അന്തരീക്ഷത്തിൽ വ്യാപിച്ചു. നാട്ടുകാരെ അധികൃതർ ഗോഡൗൺ പരിസരത്തേക്ക് കടത്തിവിട്ടില്ല. 200 മീറ്റർ അകലെ ആളുകളെ തടഞ്ഞു. ചൂടിന്റെ കാഠിന്യത്തിൽ സമീപത്തെ തെങ്ങുകളും മരങ്ങളും നശിച്ചു. സമീപവീടുകളിലെ കുടിവെള്ള സംഭരണികൾപോലും ഉരുകി. തൊട്ടടുത്ത വീട്ടുമുറ്റത്തെ കാറിന്റെ ഒരു വശവും കത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും പാലക്കാട്, േകാഴിക്കോട് എന്നിവടങ്ങളിൽനിന്നും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി. ഗോഡൗൺ പരിസരത്തെ തീ നിയന്ത്രിക്കാൻ രണ്ടുമണിക്കൂറെടുത്തു. എന്നാൽ, ഗോഡൗണിനകത്തെ തീ അണയ്ക്കാനായില്ല. വൈകീട്ട് അഞ്ചോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള അഗ്നിരക്ഷാ വിഭാഗത്തിന്റെ വാഹനങ്ങളുമെത്തി. രാത്രി വൈകിയും തീ പൂർണമായും അണയ്ക്കാനായില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്താണ് അഗ്നിരക്ഷാസേനയുടെ കൂടുതൽ വാഹനങ്ങൾ എത്തിച്ചത്. കെട്ടിടത്തിനുചുറ്റും ഉയരത്തിൽ മതിൽ ഉണ്ടായിരുന്നതിനാൽ പുറത്തേക്ക് തീപടരുന്നതിന്റെ വ്യാപ്തി കുറഞ്ഞു. പാലക്കാട്ട് ചൂട്40 ഡിഗ്രി പാലക്കാട്: മുണ്ടൂർ െഎ.ആർ.ടി.സി.യിലെ താപമാപിനി ശനിയാഴ്ച പകൽ രേഖപ്പെടുത്തിയത് 40 ഡിഗ്രി സെൽഷ്യസ്. മുൻ വർഷങ്ങളിൽ ഫെബ്രുവരി അവസാനദിവസമെത്തിയ 40 ഡിഗ്രി ചൂട് ഇത്തവണ അഞ്ചുനാൾ നേരത്തേ എത്തി. വെള്ളിയാഴ്ച 39 ഡിഗ്രി സെൽഷ്യസ്സാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. മലന്പുഴയിൽ ശനിയാഴ്ച 36.5 ഡിഗ്രി സെൽഷ്യസും പട്ടാമ്പിയിൽ 38.2 ഡിഗ്രി സെൽഷ്യസുമായിരുന്നു കൂടിയ താപനില. എരിഞ്ഞും പുകഞ്ഞും കൊച്ചി കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീപ്പിടിത്തത്തിൽ കൊച്ചി നഗരവും പരിസര പ്രദേശങ്ങളും മണിക്കൂറുകളോളം ശ്വാസംമുട്ടി. തീയണച്ചെങ്കിലും നഗരപ്രദേശങ്ങളിൽ മിക്കയിടത്തും പുകശല്യം രൂക്ഷമായിരുന്നു. വൈറ്റില, പനമ്പിള്ളി നഗർ, മരട്, കുണ്ടന്നൂർ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ പുകപടർന്നതിനെതുടർന്ന് ഒട്ടേറെപ്പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യക്കൂന പൂർണമായും കത്തിയതാണ് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കിയത്. പുകപടലം കാരണം പല റോഡുകളിലും വാഹനങ്ങൾ ലൈറ്റ് തെളിച്ചാണ് സഞ്ചരിച്ചത്. മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം ആസൂത്രിതമാണെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ അടക്കമുള്ളവർ സംശയം പ്രകടിപ്പിച്ചു. പ്ലാന്റിന്റെ പല ഭാഗങ്ങളിൽനിന്ന് തീ പിടിച്ചതാണ് സംശയത്തിനിടയാക്കിയത്. മേയർ പോലീസിന് പരാതി നൽകി. തീപ്പിടിത്തം അട്ടിമറിയാണെന്ന ആരോപണത്തെത്തുടർന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. അട്ടിമറിസാധ്യതയടക്കം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. പ്രാഥമിക റിപ്പോർട്ട് കളക്ടർ ഞായറാഴ്ച സമർപ്പിച്ചേക്കും. മംഗളവനവും കത്തി കൊച്ചി: എറണാകുളം മംഗളവനത്തിനു സമീപം റെയിൽവേ ക്വാർട്ടേഴ്സ് പരിസരത്ത് ശനിയാഴ്ച വൈകീട്ട് നാലരയോടെ തീപ്പിടിത്തമുണ്ടായി. തൂശൻ ഗ്രൗണ്ടിലാണ് തീ പിടിച്ചത്. പിന്നീട് ഇത് വ്യാപിച്ചു. ഏക്കറുകണക്കിന് പ്രദേശത്ത് പുല്ല് കത്തി. നഗരത്തിൽ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ തീപ്പിടിത്തമാണ്. വയനാട് വന്യജീവി സങ്കേതത്തിലും തീ സുൽത്താൻബത്തേരി: വയനാട് വന്യജീവി സങ്കേത്തിൽ തുടർച്ചയായി മൂന്നാംദിവസവും കാട്ടുതീ പടർന്നു പിടിക്കുന്നു. കുറിച്യാട് റെയ്ഞ്ചിനു കീഴിലുള്ള വിവിധയിടങ്ങളിലാണ് ഒരേസമയം വീണ്ടും തീപ്പിടിച്ചത്. കാടിനു തീയിടുന്നതാണെന്നാണ് വനംവകുപ്പിന് ലഭിച്ച സൂചന. content highlights:bengaluru, Wayanad,palakkad, kochi
from mathrubhumi.latestnews.rssfeed https://ift.tt/2GFn3hn
via
IFTTT
No comments:
Post a Comment