മൂവാറ്റുപുഴ: ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴിനൽകിയ കന്യാസ്ത്രീയെ മഠത്തിൽ തടങ്കലിൽവെച്ച് പീഡിപ്പിക്കുന്നുവെന്ന സഹോദരന്റെ പരാതിയെത്തുടർന്ന് പോലീസെത്തി മോചിപ്പിച്ചു. മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തിൽനിന്ന് ഇടുക്കി രാജാക്കാട് സ്വദേശിനി ലിസി കുര്യനെ(57)യാണ് മൂവാറ്റുപുഴ സി.ഐ. സി. ജയകുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയോടെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവന്നത്. ജീവനു ഭീഷണിയുണ്ടെന്നും ഇവരെ മഠത്തിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും കാണിച്ച് സഹോദരൻ ജിമി കുര്യനാണ് പരാതിനൽകിയത്. സഭാവസ്ത്രമണിഞ്ഞശേഷം ആദ്യം വിജയവാഡയിലായിരുന്ന ഇവർ മൂവാറ്റുപുഴ തൃക്കയിലെ മഠം കേന്ദ്രീകരിച്ച് 14 വർഷമായി പ്രവർത്തിക്കുന്നു. തുടർന്ന് സിസ്റ്റർ ഓരോ മഠങ്ങളും പ്രൊവിൻസുകളും കേന്ദ്രീകരിച്ച് പ്രേഷിത പ്രവർത്തനങ്ങളും കൗൺസലിങ്ങും നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ബിഷപ്പിനെതിരേ മൊഴികൊടുത്തത്. മൊഴി നൽകിയശേഷം തന്നെ വിജയവാഡയ്ക്കു കൊണ്ടുപോയിരുന്നെന്ന് സിസ്റ്റർ മൂവാറ്റുപുഴ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് രണ്ടു കന്യാസ്ത്രീകൾക്കൊപ്പം ആലുവയിലെത്തിയ സിസ്റ്ററെ രോഗിയായ അമ്മയെ കാണിക്കാൻ തൊടുപുഴയ്ക്ക് വിട്ടിരുന്നു. ആശുപത്രിയിലെത്തി അമ്മയെ കണ്ടശേഷം സിസ്റ്ററെക്കുറിച്ച് വിവരങ്ങളില്ലാതായി. ഇതോടെ സഹോദരൻ ആദ്യം കോട്ടയം പോലീസിൽ പരാതിനൽകി. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലുൾപ്പെട്ട സിസ്റ്ററുമായി അടുപ്പമുള്ള ഇവർ ബിഷപ്പിനെതിരേ മൊഴിനൽകിയത് മഠാധികാരികളെ ചൊടിപ്പിച്ചിരുന്നു. ഇതാണ് ഇവരെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ മഠത്തിൽ തടങ്കലിലെന്നപോലെ പാർപ്പിക്കാൻ കാരണമെന്നും പറയുന്നു. വിജയവാഡയിലേക്കുതന്നെ ഇവരെ പറഞ്ഞയക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. ഇതിനിടെ വീട്ടിൽനിന്ന് സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതിനെത്തുടർന്നാണ് സഹോദരൻ പരാതിയുമായി പോലീസിനെ സമീപിച്ചത്. കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി. Content Highlights:nun locked in muvattupuzha nunnery
from mathrubhumi.latestnews.rssfeed http://bit.ly/2U01ueE
via
IFTTT
No comments:
Post a Comment