പാലക്കാട്: കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 52 അംഗ കൗൺസിലിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലം വന്നതുമുതൽ പാലക്കാട് നഗരസഭ വാർത്തകളിൽ നിറയുന്നത് പതിവാണ്. 24 അംഗങ്ങളുള്ള ഭരണകക്ഷിയായ ബി.ജെ.പി.ക്കെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽ.ഡി.എഫിന്റെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണയോടെ പാസാവുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് കോൺഗ്രസ് കൗൺസിലർ വി. ശരവണൻ രാജിവെക്കുന്നത്. ഇതോടെ, അവിശ്വാസപ്രമേയം പരാജയപ്പെട്ടു. ഫലത്തിൽ വിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന് വിശ്വാസം തിരിച്ചുപിടിക്കലായി ഉപതിരഞ്ഞെടുപ്പുഫലം. നഗരസഭ രണ്ടാംവാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥി പി.എസ്. വിബിൻ 421 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി.പി.എമ്മിനും ബി.ജെ.പി.ക്കും വോട്ട് കുറഞ്ഞു. വോട്ടും ഭൂരിപക്ഷവും ഉയർത്തി കോൺഗ്രസ്സിന്റെ വിജയത്തിന് തിളക്കമേറി. 2015 ൽ 2107 വോട്ടർമാരായിരുന്നു വാർഡിലുണ്ടായിരുന്നത്. 1,421പേർ വോട്ട് രേഖപ്പടുത്തി. കോൺഗ്രസ് 532ഉം ബി.ജെ.പി. 479ഉം സി.പി.എം. 417ഉം വോട്ട് നേടി. 53 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണ ആകെ വോട്ടർമാർ 2,353. വോട്ട് രേഖപ്പെടുത്തിയത് 1,676 പേർ. കോൺഗ്രസ് സ്ഥാനാർഥി പി.എസ്. വിപിൻ 885 വോട്ട് നേടി. ബി.ജെ.പി.യിലെ എൻ. ശാന്തകുമാരൻ 464 വോട്ട് നേടി. സി.പി.എമ്മിലെ പി. സത്യഭാമ 309 വോട്ട് നേടി. 421 വോട്ടിന്റെ തിളക്കമാർന്ന ഭൂരിപക്ഷമാണ് കോൺഗ്രസ്സിന്. കഴിഞ്ഞ തവണത്തേക്കാൾ 353 വോട്ട് കോൺഗ്രസ് കൂടുതൽ നേടി. അതായത് ഭൂരിപക്ഷം കൂടിയത് എട്ടിരട്ടി. കഴിഞ്ഞതവണത്തേക്കാൾ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയവരും കൂടിയിട്ടും സി.പി.എമ്മിന് 108 വോട്ട് കുറഞ്ഞു. ബി.ജെ.പി.ക്ക് 15 വോട്ട് കുറഞ്ഞു. സി.പി.എം. വോട്ടുകൾ കോൺഗ്രസിന് ചോർന്നെന്ന ആരോപണം ഉയരുമെന്ന് ഉറപ്പാണ്. നിർണായക ഉപതിരഞ്ഞെടുപ്പായിട്ടും വോട്ടർമാരും വോട്ട് ചെയ്തവരും കൂടിയിട്ടും 15 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞതോടെ ബി.ജെ.പി.യും പ്രതിരോധത്തിലാവും. ഇതോടെ പ്രതിപക്ഷം യോജിച്ച് അവിശ്വാസപ്രമേയവുമായി വന്നാൽ ബി.ജെ.പി.ക്ക് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലായി ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ നഗരസഭ. 52 അംഗ കൗൺസിലിൽ ബി.ജെ.പി.ക്ക് 24-ഉം എൽ.ഡി.എഫിന് ഒമ്പതും അംഗങ്ങളുണ്ട്. വെൽഫെയർ പാർട്ടിക്ക് ഒരംഗമുണ്ട്. 18 പേരുള്ള യു.ഡി.എഫ്. കൗൺസിലർമാരിൽ ഒരംഗത്തിന് തിരഞ്ഞെടുപ്പു കേസുള്ളതിനാൽ വോട്ടവകാശമില്ല. 27 പേർ അനുകൂലമായി വോട്ടുചെയ്താൽ അവിശ്വാസപ്രമേയം പാസാവും. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതോടെ തിരഞ്ഞെടുപ്പുകേസുള്ള അംഗം വോട്ടുചെയ്തില്ലെങ്കിലും പ്രതിപക്ഷം ഒരുമിച്ചുനിന്നാൽ 27 വോട്ടാവും. ഇതാണ് ബി.ജെ.പി.ക്ക് മുന്നിലുള്ള വെല്ലുവിളി. കോടതിയിലുള്ള കേസുതീർന്ന് മുസ്ലിം ലീഗ് അംഗത്തിന് വോട്ടവകാശം കിട്ടിയാൽ ഇത് 28 ആവും. നവംബർ ആറിനാണ് അവിശ്വാസപ്രമേയം കൗൺസിലിൽ വന്നത്. അടുത്ത അവിശ്വാസം പ്രമേയം ആറുമാസം കഴിഞ്ഞേ കൊണ്ടുവരാൻ പറ്റൂ. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷമേ ഫലത്തിൽ സാധ്യമാവൂ. അപ്പോഴും പ്രതിപക്ഷ ഐക്യമെന്ന സാഹചര്യമുണ്ടാവണം. കൗൺസിലർമാരിൽനിന്ന് മറുകണ്ടംചാടാനുള്ള സാധ്യതകൂടി കണക്കിലെടുത്ത് മാത്രമേ യു.ഡി.എഫ്. ഇനിയൊരു അവിശ്വാസപ്രമേയത്തിന് മുതിരുകയുള്ളൂ. പണാധിപത്യമാണ് അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് ബി.ജെ.പി.ക്കെതിരേ കോൺഗ്രസ് ഉന്നയിച്ച ആരോപണം. കോൺഗ്രസ്-സി.പി.എം.-ലീഗ് സഖ്യത്തിനേറ്റ തിരിച്ചടിയാണെന്നായിരുന്നു ബി.ജെ.പി.യുടെ മറുപടി. കോൺഗ്രസിൽനിന്നുള്ള മാനസികപീഡനംകൊണ്ടാണ് ശരവണൻ രാജിവെച്ചതെന്നും കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നയങ്ങളിൽ എതിർപ്പുള്ള പ്രവർത്തകർ ഇരുപാർട്ടികളിലുമുണ്ടെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു. എന്നാൽ, ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയം കോൺഗ്രസ് ബി.ജെ.പി.ക്ക് നൽകിയ രാഷ്ട്രീയമറുപടിയായി. ആകെവോട്ട്-2353 പോൾചെയ്തത്-1676 പി.എസ്. വിബിൻ (യു.ഡി.എഫ്.)-885 എൻ. ശാന്തകുമാരൻ (ബി.ജെ.പി.)-464 പി. സത്യഭാമ (സി.പി.എം.)-309 ആർ. ചന്ദ്രൻ (സ്വത.)-4 എൻ. മണികണ്ഠൻ (സ്വത.)-0 വി. വിബിൻ (സ്വത.)-11 എൻ. രമേശ് (സ്വത.)-3. Content Highlights: Congress wins, BJP and CPM lost
from mathrubhumi.latestnews.rssfeed http://bit.ly/2GKHN6x
via
IFTTT
No comments:
Post a Comment