കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിലെ ഒരു വിഭാഗം മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നെന്ന് ചെന്നൈയിൻ എഫ്.സി താരം മുഹമ്മദ് റാഫി. ബ്ലാസ്റ്റേഴ്സ് ആരാധകർക്കെതിരെ സഹതാരം സി.കെ.വിനീത് പരാതി കൊടുത്ത പശ്ചാത്തലത്തിലാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ റാഫിയുടെ പ്രതികരണം. തനിയ്ക്കും ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ക്ലബ്ബ് വിട്ടപ്പോൾ മനസ്സമാധാനത്തോടെ കളിക്കാനാകുന്നുണ്ടെന്നും റാഫി പറഞ്ഞു. ബ്ലാസ്റ്റേഴ്സിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ചെന്നൈയിനിൽ എത്തിയ ശേഷം ആദ്യമായി കൊച്ചിയിൽ കളിക്കാനെത്തിയപ്പോഴാണ് സി.കെ.വിനീതിനെതിരെ ബോൾ ബോയിയോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിൽ ആരോപണമുയർന്നത്. കളിക്കളത്തിന് പുറത്തേക്ക് ബോൾ പോയപ്പോൾ എഴു വയസ്സുകാരനായബോൾ ബോയിയോട് വിനീത് അനാവശ്യമായി കയർത്തെന്ന പേരിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വാട്സ്ആപ്പ് കൂട്ടായ്മകളിലും ഫെയ്സ്ബുക്കിലും മറ്റും വോയ്സ് ക്ലിപ്പ് പ്രചരിച്ചത്. തന്നെ മന:പൂർവം അവഹേളിക്കാനുദ്ദേശിച്ചാണ് പ്രചാരണമെന്നും ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക സംഘമായ മഞ്ഞപ്പടയുടെ ഭാരവാഹികളിൽ ഒരാളാണ് വോയ്സ് ക്ലിപ്പിനു പിന്നിലെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് വിനീത് പരാതിയും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ്വിനീതിന്റെ ഭാഗത്തുനിന്ന് തെറ്റായ പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റാഫി രംഗത്തെത്തിയത്. സികെ (സി.കെ.വിനീത്) കളിക്കുമ്പോൾ ബെഞ്ചിൽ ആ കുട്ടിയുടെ തൊട്ടടുത്ത് ഞാനുണ്ടായിരുന്നു. സികെ ആ കുട്ടിയോട് ബോൾ ചോദിച്ചെന്ന് മാത്രമേയുള്ളൂ. വേറൊന്നുമില്ല. ബാക്കി കഥകളൊക്കെ അവർ മെനഞ്ഞുണ്ടാക്കിയതാണ് -റാഫി പറയുന്നു. യഥാർത്ഥത്തിലുള്ള ആരാധകർ ഇത്തരത്തിൽ പ്രവർത്തിക്കില്ല. മലയാളി താരങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. ആദ്യം സുശാന്തിനെതിരെയായിരുന്നു. രണ്ടാമത്തെ വർഷമായപ്പോൾ അത് എനിക്കെതിരെയായി. പിന്നെ റിനോ ആന്റോയ്ക്കെതിരെയായി; ഇപ്പോൾ വിനീതിനെതിരെയാണ്. ഇനി അനസിനെയും സഹലിനെയുമൊക്കെയാകും അടുത്തതായി അവർ ലക്ഷ്യമിടുക. എല്ലാ കളിയിലും എല്ലാവർക്കും നന്നായി കളിക്കാനാവില്ലല്ലോ. മോശം ഫോം എല്ലാവർക്കുമുണ്ടാകും. അപ്പോൾ അവരുടെ കൂടെനിന്ന് കളി നന്നാക്കാൻ സഹായിക്കാതെ അവരുടെ വീട്ടുകാരെ ചീത്ത വിളിച്ചിട്ട് എന്തുകാര്യം. കളിയുടെ പേരിൽ നമ്മളെ വിമർശിക്കുന്നതല്ല വീട്ടുകാരെ ചീത്തവിളിക്കുന്നതാണ് തീരെ സഹിക്കാൻ പറ്റാത്തത്. വീട്ടുകാരല്ലല്ലോ നമ്മളല്ലേ കളിക്കുന്നത്. വലിയ ഓഫറുകളൊക്കെ നിരസിച്ചിട്ടാണ് കേരളത്തിനു വേണ്ടി, സ്വന്തം നാടിനു വേണ്ടി കളിക്കാൻ നിന്നിരുന്നത്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്. ടീമിൽ നിന്ന് പോയ ശേഷം ഇത്തരം ആക്രമണങ്ങളൊന്നുമില്ല, നല്ല മനസ്സമാധാനമുണ്ട്. സമ്മർദമില്ലാതെ കളിക്കാൻ പറ്റുന്നുണ്ട്. എനിക്കെതിരെ മോശം പ്രചാരണമൊക്കെ ഉണ്ടായ ശേഷം ഫൈനലിൽ ഗോളടിച്ചപ്പോൾ ചീത്ത വിളിച്ചവരൊക്കെ സോറി പറഞ്ഞുവന്നിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞിട്ട് സോറിയുമായി വന്നിട്ടെന്ത് കാര്യം. കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാർ. പുറത്തിരുന്നാൽ പറയും അവൻ പുറത്തിരുന്ന് പ്രാർത്ഥിച്ചതുകൊണ്ടാണ് കളി തോറ്റതെന്ന്. തെറി വിളിക്കുന്നവർ യഥാർത്ഥ ആരാധകരല്ല. ശരിയായ ആരാധകർ ടീമിനൊപ്പമുണ്ടാകും. ആരാധകരിലെ തന്നെ ഒരു വിഭാഗമാണ് മലയാളി താരങ്ങൾക്ക് നേരെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളുമായെത്തുന്നത്. മലയാളികളല്ലാത്ത കളിക്കാർ മോശമായി കളിച്ചാലും ഇവർക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ല. മലയാളി കളിക്കാർക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ താൽപര്യമുണ്ടാവില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും റാഫി പറഞ്ഞു. Content Highlights: Mohammed Rafi former Kerala Blasters Player on Manjappada Fans
from mathrubhumi.latestnews.rssfeed http://bit.ly/2SKSlK8
via
IFTTT
No comments:
Post a Comment