തിരുവനന്തപുരം: ആലപ്പാട് എന്ന കടലോര ഗ്രാമത്തിൽനിന്ന് കടലോളം സിനിമാ മോഹവുമായി തലസ്ഥാനത്ത് വന്നിറങ്ങിയ നയനാ സൂര്യന്റെ വേർപാട് ഒഴിച്ചിടുന്നത് സിനിമയിലെ കരുത്തുറ്റ പെൺ ഇടം. സംവിധായക കലയിലേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്ന കാലത്താണ് നയന സംവിധാന സഹായിയുടെ തൊപ്പിയണിഞ്ഞ് നിരവധി പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചത്. 'പക്ഷിയുടെ മണം' എന്ന ചിത്രം സംവിധാനംചെയ്തുകൊണ്ട്, കരിമണലിന്റെ നാട്ടിൽനിന്നെത്തിയ നയന തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറുകയും ചെയ്തു. ലെനിൻ രാജേന്ദ്രന്റെ 'മകരമഞ്ഞി'ലൂടെയാണ് സഹസംവിധായക ആകുന്നത്. തുടർന്ന് അദ്ദേഹത്തിനൊപ്പം മറ്റ് ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും പ്രവർത്തിച്ചു. കമലിന്റെ 'സെല്ലുലോയിഡ്', 'നടൻ', 'ഉട്ടോപ്യയിലെ രാജാവ്' തുടങ്ങിയ സിനിമകളിലും ജിത്തു ജോസഫിന്റെ 'മെമ്മറീസി'ലും സംവിധായക സഹായിയായി. ഡോ. ബിജുവിന്റെ ചിത്രങ്ങളിലും സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു ആഴ്ചപ്പതിപ്പിൽ വന്ന ചെറുകഥയുടെ അവകാശം നേടി അതിനെ അധികരിച്ച് സിനിമ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. വീട്ടുപേരായ 'സൂര്യൻ' തന്റെ പേരിൽ ചേർത്തുവെച്ച നയന അസ്തമിച്ചത് തന്റെ പിറന്നാൾ ദിനത്തിലായത് പ്രിയപ്പെട്ടവർക്ക്് ഇരട്ടി സങ്കടമായി. പിറന്നാൾ ആശംസിക്കാൻ വിളിച്ച സുഹൃത്തുക്കൾക്ക് ഫോണിൽ കിട്ടാതായതോടെയാണ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തിയത്. അങ്ങനെയാണ് മരണവിവരം പുറത്തറിയുന്നത്. നയനയുടെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും വിങ്ങിപ്പൊട്ടിക്കൊണ്ടാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ, ബീനാപോൾ, ഭാഗ്യലക്ഷ്മി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. Content Highlights:Nayana Suryan Found Dead in Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2ViFjk0
via
IFTTT
No comments:
Post a Comment