കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ ഇന്ന് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം നൽകിയ സാഹചര്യത്തിലാണ് ചേംബർ ഓഫ് കൊമേഴ്സും തൃശൂരിലെ മലയാളവേദിയും ഹർജി സമർപിക്കുന്നത്. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചു കൊണ്ട്ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം നൽകരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഞായറാഴ്ച രാത്രി വെട്ടി കൊലപ്പെടുത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം നൽകി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡീൻ കുര്യക്കോസ് ഹർത്താലാഹ്വാനം നടത്തിയത്. ഡീൻ കുര്യക്കോസ് കോടതി ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ച് ചേംബർ ഓഫ് കൊമേഴ്സും മലയാളവേദിയുമാണ് കോടതിയലക്ഷ്യഹർജി സമർപിക്കുന്നത്. മിന്നൽ ഹർത്താലുകൾക്കെതിരെ കോടതിയെ സമീപിച്ച കക്ഷികളാണ് ഇവർ. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന് മുമ്പിലാണ് കോടതിയലക്ഷ്യഹർജി നൽകുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2EgTi4g
via
IFTTT
No comments:
Post a Comment