ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി ജനക്കൂട്ടത്തെ ഇളക്കി മറിക്കുമ്പോൾ ബി.ജെ.പി. ആശങ്കയിലാഴുന്നത് സ്വാഭാവികമാണ്. ഇന്ദിര ഗാന്ധിയുമായി ഏറ്റുമുട്ടിയിട്ടുള്ള സംഘപരിവാറിന് പ്രിയങ്കയെ കണ്ട് പനി പിടിക്കേണ്ട കാര്യമില്ല. മോദിക്കും അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പ്രിയങ്ക ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നുണ്ടാവാം. പക്ഷെ, നാഗ്പൂരിലെ ആസ്ഥാനത്ത് ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിനെ പിടിച്ചുകുലുക്കാൻ പ്രിയങ്കയുടെ ഈ റോഡ് ഷോകളൊന്നും മതിയാവില്ല. ഇതിലും എത്രയോ വലിയ കളികൾ കണ്ടിട്ടുള്ള കക്ഷിയാണ് മോഹൻജി. ഒരു പ്രിയങ്ക വിചാരിച്ചാലൊന്നും മോഹൻജിയുടെ ഉറക്കം കളയാനാവില്ല. പ്രിയങ്കയുടെ വരവിൽ ശരിക്കും ബേജാറാവുന്നത് മായാവതിയും അഖിലേഷുമായിരിക്കും. കാരണം ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിനെന്നതുപോലെ തന്നെ ബി.എസ്.പിക്കും എസ്.പിക്കും ജീവന്മരണ പോരാട്ടമാകുന്നു. ബി.ജെ.പിയുടെ പരാജയം മാത്രമല്ല മായാവതിയും അഖിലേഷും ലക്ഷ്യമിടുന്നത്. കോൺഗ്രസ് ഒരിക്കലും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തരുതെന്നും ഇരുവരും ആഗ്രഹിക്കുന്നു. ബി.ജെ.പിക്ക് തിരിച്ചടി നേരിടുമ്പോൾ തന്നെ കേന്ദ്രത്തിൽ പ്രാദേശിക പാർട്ടികൾക്ക് നിർണ്ണായക സ്ഥാനമുള്ള മന്ത്രിസഭയാണ് മായാവതിയുടേയും അഖിലേഷിന്റെയും ഉന്നം. ഈ അജണ്ടയുടെ പുറത്താണ് യു.പിയിൽ രണ്ടേ രണ്ടു സീറ്റുകൾ മാത്രം ഇവർ കോൺഗ്രസ്സിനായി നീക്കിവെക്കുന്നത്. റായ്ബറേലിയും അമേത്തിയും ഔദാര്യം പോലെ വെച്ചു നീട്ടിയ മായാവതിക്കും അഖിലേഷിനും കോൺഗ്രസ് നൽകിയ മറുപടിയാണ് പ്രിയങ്ക ഗാന്ധി. യുപിയിലെ 80 ലോക്സഭ സീറ്റുകളിൽ രണ്ടെണ്ണം മാത്രം കിട്ടുന്നതുകൊണ്ട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ ആ കണ്ണഞ്ചിപ്പിക്കുന്ന അധികാരപീഠത്തിലേക്ക് എത്താനാവില്ലെന്ന് കോൺഗ്രസിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഒന്നുമില്ലെങ്കിലും 133 കൊല്ലത്തെ ചരിത്രമുള്ള പാർട്ടിയോടാണ് തങ്ങൾ ഈ കളി കളിക്കുന്നതെന്ന് മായാവതിയും അഖിലേഷും ഓർക്കണമായിരുന്നു. വെല്ലുവിളികൾ മുളയിലേ നുള്ളുകയെന്നതാണ് നെഹ്രു കുടുംബത്തിന്റെ ഒരു രീതി. ആന്ധ്രയിൽ വൈ.എസ്. രാജശേഖർ റെഡ്ഡിയായിരുന്നു അടുത്ത കാലത്ത് കുടുംബം പേടിച്ച ഒരു നേതാവ്. 1990 കളിൽ സോണിയ ഗാന്ധി ദുർബ്ബലയായിരുന്ന സമയത്താണ് വൈ.എസ്.ആർ. കയറിയങ്ങ് വളർന്നത്. കാമരാജും എസ്.കെ. പാട്ടിലും നിജലിംഗപ്പയുമൊക്കെ അടങ്ങിയ സിൻഡിക്കേറ്റിനു ശേഷം മറ്റൊരു നേതാവും ഇതുപോലെ വളർന്നിട്ടില്ല. വൈ.എസ്.ആറിന്റെ അകാല മരണത്തെതുടർന്ന് കോൺഗ്രസ് ഹൈക്കമാന്റ് ആന്ധ്രയിൽ കളിച്ച കളി ഈ പരിസരത്തിലായിരുന്നു. പാർട്ടിയുടെ തുടർച്ചയെന്നാൽ ഹൈക്കമാന്റിനെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ തുടർച്ചയാണ്. വൈ.എസ്.ആറിന്റെ മകൻ ജഗൻമോഹനെ ഒതുക്കാൻ കൈവിട്ട കളി കോൺഗ്രസ് കളിച്ചതും ഇതുകൊണ്ടുതന്നെയാണ്. ആ കളിക്ക് കൊടുക്കേണ്ടി വന്ന കനത്ത വിലയെക്കുറിച്ച് ഇപ്പോഴും കോൺഗ്രസ്സുകാർ പരസ്യമായി വിലപിക്കാത്തത് പാർട്ടിക്ക് എല്ലാത്തിലും വലുത് കുടുംബമാണെന്നതു കൊണ്ടു തന്നെയാണ്. യു.പിയിൽ കോൺഗ്രസ് കളിക്കുന്നതും ഇതുപോലൊരു കളിയാണ്. മായാവതിയേയും അഖിലേഷിനേയും സമ്മർദ്ദത്തിലാഴ്ത്തി കുറഞ്ഞത് 15 സീറ്റെങ്കിലും നേടിയെടുക്കുകയാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം. ബി.എസ്.പിയും എസ്.പിയും ലോക്സഭയിൽ നിർണ്ണായക ശക്തിയാകരുതെന്ന നെഹ്രു കുടുംബത്തിന്റെ താൽപര്യമാണിതിനു പിന്നിൽ. രാഹുലിനു മുന്നിൽ മായാവതിക്കും അഖിലേഷിനും വില പേശാനുള്ള ഒരവസരമുണ്ടാവരുതെന്ന് സോണിയ ഗാന്ധിക്ക് നിർബ്ബന്ധമുണ്ട്. പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും യു.പിയിൽ ഇറക്കിക്കൊണ്ട് കോൺഗ്രസ് കളിക്കുന്ന കളിയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ഇതു തന്നെയാണ്. പ്രിയങ്കയുടെ വെല്ലുവിളി ലോക്സഭ തിരഞ്ഞെടുപ്പുകൊണ്ട് തീരില്ലെന്നും 2022-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക യു.പിയിൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവാനുള്ള സാദ്ധ്യത ശക്തമാണെന്നും മായാവതിയും അഖിലേഷും തിരിച്ചറിയുന്നുണ്ടാവണം. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചായിരിക്കും ഇരുവരും മുന്നോട്ടുള്ള ഓരോ ചുവടും വെയ്ക്കുന്നത്. മായാവതിയേയും അഖിലേഷിനെയും വളയ്ക്കാനാവുമോയെന്നാണ് കോൺഗ്രസ് നോക്കുന്നത്. പക്ഷേ, അതിനപ്പുറത്തേക്ക് അവരെ ഒടിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ആവർത്തിക്കുന്നത് ആന്ധ്രയിലെ അബദ്ധമായിരിക്കും. ഇരുതല മൂർച്ചയുള്ള വാളുകൊണ്ടാണ് കോൺഗ്രസ് യു.പിയിൽ കളിക്കുന്നത്. കൈവിട്ടുപോയാൽ കളി കരച്ചിലാവാൻ അധികം സമയം വേണ്ടി വരില്ല. രാഷ്ട്രീയം പക്ഷേ, റിസ്കെടുക്കുന്നവർക്കുള്ളതാണ്. രാജീവ് ഗാന്ധിയുടെ ഉപദേശകനായിരുന്ന സാം പിത്രോദയാണ് ഇപ്പോൾ രാഹുലിന്റെയും വഴികാട്ടി. റിസ്കെടുക്കാൻ മടിയുള്ളയാളല്ല പിത്രോദ. പക്ഷേ, യു.പിയിലേത് ഒരു ഞാണിന്മേൽ കളിയാണ്. ഈ കളിയിൽ ചുവടൊന്നു പിഴച്ചാൽ കോൺഗ്രസ്സിന്റെ മൊത്തം ആസൂത്രണം പാളിപ്പോകും. എസ്.പിക്കും ബി.എസ്.പിക്കും കോൺഗ്രസ്സിനുമിടയിൽ ഉരുത്തിരിയുന്ന യു.പിയിലെ സമവാക്യമായിരിക്കും ഇന്ദ്രപ്രസ്ഥം ആരു പിടിക്കുമന്നെതിൽ നിർണ്ണായകമാവുക. നാഗ്പൂരിലെ ആസ്ഥാനത്ത് മോഹൻജി കാത്തിരിക്കുന്നതും ഈ സമവാക്യത്തിന്റെ ജാതകമായിരിക്കും. Content Highlight: The Great Indian War 2019, Election 2019, Congress in Uttar Pradesh, Priyanka Gandhi Vadra, Rahul, RSS, SP, BSP,
from mathrubhumi.latestnews.rssfeed http://bit.ly/2EbaHLH
via
IFTTT
No comments:
Post a Comment