കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പിന്മാറി. തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന കേസ് പിൻവലിക്കാൻ സന്നദ്ധമാണെന്ന് സുരേന്ദ്രൻ ഹൈക്കോടതിയെ അപേക്ഷയിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടായേക്കും. കേസ് പിൻവലിച്ചാലും രാഷ്ട്രീയമായി നേരിടുമെന്നും ലീഗും സിപിഎമ്മും കേസ് അട്ടിമറിച്ചെന്നും സുരേന്ദ്രൻ പ്രതികരിച്ചു. 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ പരാജയപ്പെട്ടത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കെ അബ്ദുൾ റസാഖ് മരിച്ചെങ്കിലും കേസ് പിൻവലിക്കാൻ തയ്യാറല്ല എന്ന നിലപാടിലായിരുന്നു സുരേന്ദ്രൻ. ഇതിനിടെയാണ് ലോക്സഭാ സ്ഥാനാർഥികളുടെ ചർച്ചകളിൽ ഇദ്ദേഹത്തിന്റെ പേരും ഉയർന്നുകേൾക്കുന്നത്. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നതിനാലാണ് മഞ്ചേശ്വരത്തുനിന്ന് പിന്മാറാൻ സുരേന്ദ്രൻ തയ്യാറായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയോടൊപ്പം ഇന്ന് അദ്ദേഹം മന്നം സമാധിയിലെത്തി എൻസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടിരുന്നു. നാലുതവണ കെ. സുരേന്ദ്രൻ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2009 ലും 2014 ലും കാസർകോട് മണ്ഡലത്തിൽ നിന്നും 2011 ലും 2016 ലും മഞ്ചേശ്വരത്തു നിന്നുമാണ് സുരേന്ദ്രൻ മത്സരിച്ചിരുന്നത്. മഞ്ചേശ്വരത്ത് പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും. Content Highlights:k surendran withdraw mancheswaram election case
from mathrubhumi.latestnews.rssfeed https://ift.tt/2GHC6al
via
IFTTT
No comments:
Post a Comment