ന്യുഡല്‍ഹി: ഫ്രാന്‍സുമായുള്ള റഫാല്‍ ജെറ്റ് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാമെന്ന് കോടതി. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള ഇടപാടില്‍ സംശയം പ്രകടിപ്പിച്ച് മുന്‍കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് തള്ളിയത്. 'സംശയത്തിന് സാഹചര്യമില്ല' എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം, ഹര്‍ജികള്‍ എന്നത്തേക്ക് പരിഗണിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കിയില്ല. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നാല് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നുവെന്നും അവയിലൊന്ന് തകരാറുകള്‍ ചൂണ്ടിക്കാട്ടി രജിസ്ട്രി തള്ളിയിരുന്നുവെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ജഡ്ജിമാരുടെ ബെഞ്ചുകള്‍ മാറേണ്ടതുണ്ട്. അതിനാല്‍ ഉടന്‍ ഹര്‍ജി പരിഗണിക്കുന്നത് ബുദ്ധിമുട്ടാണെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോള്‍ ഒരു തീയതി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മറ്റ് ഹര്‍ജികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജിക്കു പുറമേ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മുദ്രവച്ച കവറില്‍ കള്ളസത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും അപേക്ഷ നല്‍കുമെന്ന് ഭൂഷണ്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2DXhWFw
via IFTTT
No comments:
Post a Comment