മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍.
2019 ജനുവരി 07 മുതല്‍ 18 വരെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ 27മത് സിനഡിന്റെ പ്രഥമ സമ്മേളനത്തിനുശേഷം എല്ലാ സീറോമലബാര്‍ വിശ്വാസികള്‍ക്കും വേണ്ടി മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍.
മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരെ,
2018 ആഗസ്റ്റ് മാസത്തില്‍ നടക്കേണ്ടിയിരുന്ന 26മതു സിനഡിന്റെ രണ്ടാം സമ്മേളനം പ്രളയംമൂലം നടത്താന്‍ സാധിച്ചില്ലല്ലോ. തന്മൂലം 27മത് സിനഡിന്റെ ഒന്നാം സമ്മേളനം 2019 ജനുവരിയില്‍ ഒരാഴ്ചയ്ക്കു പകരം രണ്ടാഴ്ചയായി വര്‍ദ്ധിപ്പിച്ച് സഭാകേന്ദ്രമായ മൗണ്ട് സെന്റ് തോമസില്‍ വച്ച് കൂടി. പ്രളയക്കെടുതിയില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിടുകയും ഏറെ ക്ലേശ അനുഭവിക്കുകയും ചെയ്ത എല്ലാവരുടെയും വേദനയില്‍ സിനഡുപിതാക്കന്‍മാര്‍ പങ്കുചേര്‍ന്നു. പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. കേരളത്തിലും ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹായസന്നദ്ധതയും മഹാമനസ്‌കതയും വെളിപ്പെടുത്തുന്നതായിരുന്നു പ്രളയാനന്തരപ്രവര്‍ത്തനങ്ങള്‍. വേദനയനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ കരുണയുടെ കരങ്ങളായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സിനഡ് കൃതജ്ഞതയും അഭിനന്ദനവും അറിയിച്ചു.
പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ആത്മാര്‍ത്ഥമായി പങ്കുചേര്‍ന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമായ വസ്തുതയാണ്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കണക്കനുസരിച്ച് സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളും ഇടവകകളും സമര്‍പ്പിത സമൂഹങ്ങളും അല്മായ സഹോദരങ്ങളും ചേര്‍ന്ന് 187,59,94806 (നൂറ്റി എണ്‍പത്തിയേഴ് കോടി അന്‍പത്തിയൊന്‍പത് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി എണ്ണൂറ്റിയാറ്) രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇതില്‍, സീറോമലബാര്‍സഭയുടെ സാമൂഹിക പ്രവര്‍ത്തനശൃംഖലയായ സ്പന്ദനിലൂടെ സമാഹരിച്ച 1,13,05204 (ഒരു കോടി പതിമൂന്നു ലക്ഷത്തി അയ്യായിരത്തി ഇരുന്നൂറ്റി നാല്) രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യുകയുണ്ടായി.
കെ.സി.ബി.സി.യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നേരത്തേ നല്‍കിയ ഒരുകോടിരൂപയില്‍ 50 ലക്ഷം രൂപ സീറോ മലബാര്‍ സഭയുടെ വിഹിതമായിരുന്നു എന്നതും ഈ സാഹചര്യത്തില്‍ ഓര്‍മിപ്പിക്കുന്നു. കൂടാതെ കേരളത്തിലെ എല്ലാ രൂപതകളില്‍നിന്നും ചെറുതും വലുതുമായ സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സ്വന്തംനിലയില്‍ കൊടുക്കുകയും ചെയ്തിരുന്നു.
മെത്രാഭിഷേകത്തിനുശേഷം ഈ സിനഡില്‍ ആദ്യമായി പങ്കെടുത്ത ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിനും സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളം പിതാവിനും സിനഡ് സ്വാഗതം ആശംസിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ര്‌ടേറ്ററായി ചുമതലയേറ്റ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവിനും സിനഡ് ആശംസകള്‍ നേര്‍ന്നു. മുന്‍ സിനഡിന്റെ തീരുമാനങ്ങള്‍ പുനരവലോകനം ചെയ്തുകൊണ്ടാണ് സിനഡുസമ്മേളനം ആരംഭിച്ചത്. പല തീരുമാനങ്ങളും അതതു രൂപതാതലത്തിലും ആഗോളതലത്തിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു.
അജപാലന സമീപനങ്ങളും സഭാനവീകരണവും അടുത്തകാലത്ത് നമുക്ക് അഭിമുഖീഭവിക്കേണ്ടിവന്ന സംഭവവികാസങ്ങളെ തികഞ്ഞ ആത്മീയതയുടെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ പിതാക്കന്‍മാര്‍ സിനഡു സമ്മേളനത്തില്‍ ശ്രമിക്കുകയുണ്ടായി. സഭയിലെ വൈദികരും സന്ന്യസ്തരും തങ്ങളുടെ യഥാര്‍ത്ഥമായ വിളിയും ദൗത്യവും കൂടുതല്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്. വൈദികമേല്‍ക്കോയ്മ, സ്ഥാപനവത്കരണം എന്നിവ ഒഴിവാക്കി ഈശോയുടെ മാതൃകയില്‍ പൗരോഹിത്യശുശ്രൂഷയിലേക്ക് ഏവരും കടന്നുവരേണ്ടതുണ്ട്. ഈ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് സഭാത്മകമായ ഒരു ശാശ്വതപരിഹാരം ആവശ്യമാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. സഭയുടെ അടിസ്ഥാനപരമായ സാക്ഷ്യത്തെപ്പറ്റിയും ആനുകാലികപ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടും അവധാനപൂര്‍ണമായ ആത്മശോധന നടത്തുകയുണ്ടായി. യഥാര്‍ത്ഥത്തിലുള്ള ആത്മനവീകരണവും വിശുദ്ധീകരണവും സഭാനേതൃത്വം മുതല്‍ എല്ലാതലങ്ങളിലും അനിവാര്യമാണെന്ന് സിനഡ് വിലയിരുത്തി. അതിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ നമ്മുടെ എല്ലാ ഇടവകകളിലും വായിച്ചിരുന്നല്ലോ.
മാറിയ സാമൂഹിക സാംസ്‌കാരിക രാഷ്ര്ടീയ പശ്ചാത്തലത്തില്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും എങ്ങനെ തരണം ചെയ്യണമെന്നത് സിനഡു പിതാക്കന്‍മാര്‍ ശ്രദ്ധാപൂര്‍വം വിചിന്തനം ചെയ്തു. നമ്മുടെ ക്രൈസ്തവ തനിമയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനുള്ള സമീപനങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ആലോചനകളും നടത്തി.
ഒരു സ്വയാധികാരസഭയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ രജതജൂബിലി ആഘോഷിച്ച നമ്മുടെ സഭ കൂടുതല്‍ ആത്മീയവളര്‍ച്ചയുടെയും സാക്ഷ്യത്തിന്റെയും വഴിയിലേക്ക് വരണമെന്ന അഭിപ്രായമുയര്‍ന്നു വന്നു. സഭയിലെ എല്ലാ വിഭാഗങ്ങളും ഘടകങ്ങളും തങ്ങളുടെ വിളിയെയും വിശുദ്ധിയെയുംപറ്റി കൂടുതല്‍ ബോധമുള്ളവരായിത്തീരണം. വൈദികസാക്ഷ്യവും സന്ന്യസ്തസമര്‍പ്പണവും കൂടുതല്‍ ശക്തിപ്പെടുത്തേണ്‍ണ്ടതുണ്ട്. ഇടവകകളിലെ കുടുംബയൂണിറ്റുകള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍, ഭക്തസംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനശൈലി പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ട തുണ്ട്. സാമൂഹികതലങ്ങളില്‍ സഭാമക്കളുടെയും സന്ന്യസ്തരുടെയും പങ്കാളിത്തം പുതിയ രൂപഭാവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സഭാത്മകവും ക്രിസ്തീയവുമായ സാക്ഷ്യത്തിനുള്ള അവസരമാക്കി മാറ്റണം.
സഭയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ലഭിക്കുന്ന പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രൂപതാതലത്തില്‍ ഒരു പ്രശ്‌നപരിഹാരസമിതി (ഏൃശല്മിരല ഞലറൃലമൈഹ ഇലഹഹ) രൂപീകരിക്കേണ്ടണ്‍തിന്റെ ആവശ്യകത സിനഡ് ചര്‍ച്ച ചെയ്യുകയും അതതു രൂപതാദ്ധ്യക്ഷന്‍മാര്‍ അതിന് മുന്‍കൈ എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇത്തരം സമിതികളില്‍ അല്മായരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമയബന്ധിതമായി തീര്‍പ്പുകല്പ്പിച്ച് നീതി നടപ്പാക്കുകയും വേണം.
കാലാകാലങ്ങളില്‍ സഭയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് വൈദികരുടെയും സന്ന്യസ്തരുടെയും അല്മായരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുവാനും അവരെ ശ്രവിക്കുവാനുമുള്ള കൂടുതല്‍ കാര്യക്ഷമമായ വേദി നല്‍കണമെന്നും സിനഡ് അഭിപ്രായപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍, വരുംകാല സിനഡുസമ്മേളനങ്ങളോടനുബന്ധിച്ച് ഒരു ദിവസം അല്മായ പ്രതിനിധികളെ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സംഘടനാഭാരവാഹികളുടെ പ്രതിനിധികള്‍ തുടങ്ങിയവരെ, പങ്കെടുപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചു.
സെയ്ഫ് എന്‍വയണ്‍മെന്റ് പ്രോഗ്രാം വത്തിക്കാനിലെ വിശ്വാസതിരുസംഘത്തിന്റെയും ഭാരതമെത്രാന്‍ സമിതിയുടെയും മാര്‍ഗരേഖകളുടെ വെളിച്ചത്തില്‍ പള്ളികള്‍, വൈദികഭവനങ്ങള്‍, മതബോധന ക്‌ളാസ്സുകള്‍, ഭക്തസംഘടനകള്‍, ആതുരാലയങ്ങള്‍, സന്ന്യാസഭവനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനരംഗങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്തോഷകരമായും സുരക്ഷിതമായും പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ സിനഡു തീരുമാനിച്ചു.
കെ.സി.ബി.സി. പ്രസിദ്ധീകരിച്ച സെയ്ഫ് എന്‍വയണ്‍മെന്റ് പ്രോഗ്രാം ളിസി, നമ്മുടെ എല്ലാ രൂപതകളിലും സമര്‍പ്പിതസമൂഹങ്ങളിലും സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഡിക്രിയുടെ കൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും സന്ന്യാസസമൂഹങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ സമിതികള്‍ രൂപീകരിക്കുകയും ഡയറക്ടര്‍മാരെ നിയമിക്കുകയും ചെയ്യേണ്ടതാണ.് ഇത് നടപ്പിലാക്കുവാന്‍ ബഹു. വികാരിയച്ചന്‍മാരും സമര്‍പ്പിതരും മറ്റു ബന്ധപ്പെട്ടവരും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ വീഴ്ചകളും പിഴവുകളും നിയമലംഘനങ്ങളും സംഭവിച്ചാല്‍ ഇന്ത്യയിലെ നിയമവ്യവസ്ഥ അനുശാസിക്കുന്ന നടപടികളായിരിക്കും സ്വീകരിക്കേണ്ടതെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
മാധ്യമവിചിന്തനം അതിവേഗം വളരുകയും അനുസ്യൂതം വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാമൂഹികമാധ്യമങ്ങളുടെയും ദൃശ്യശ്രാവ്യമാധ്യമങ്ങളുടെയും ഉത്തരവാദിത്വബോധത്തോടെയുള്ള ഉപയോഗത്തെക്കുറിച്ചും ഈ മേഖലയില്‍ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കുറിച്ചും സിനഡ് ചര്‍ച്ചചെയ്തു.
മാധ്യമസാക്ഷരതയും ധാര്‍മ്മികതയും നമ്മുടെ വിശ്വാസി സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയും അവരെ പരിശീലിപ്പിക്കുകയും വേണം. അസത്യവും അവാസ്തവവുമായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. വ്യക്തിഹത്യയും സഭാസംവിധാനങ്ങള്‍ക്കെതിരേയുള്ള ബോധപൂര്‍വകമായ ദുഷ്പ്രചാരണങ്ങളും നടത്തുന്നത് മാന്യമായ മാധ്യമപ്രവര്‍ത്തനമല്ല. സാമൂഹികമാധ്യമങ്ങളിലൂടെ സഭയുടെ പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കാനും അവഹേളിക്കാനും ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. സഭയോടുള്ള ചില മാധ്യമങ്ങളുടെ വിപ്രതിപത്തി തിരിച്ചറിഞ്ഞ് സഭയ്ക്കും സുവിശേഷമൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുവാന്‍ നമ്മുടെ വിശ്വാസികളെ പ്രത്യേകിച്ച്, യുവജനങ്ങളെ പരിശീലിപ്പിക്കേണ്‍ണ്ടതുണ്ട്. സഭയുടെ മാധ്യമപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ സിനഡിന്റെ നേതൃത്വത്തില്‍ ഒരു മാധ്യമ കമ്മീഷനെ നിയമിച്ചിട്ടുള്ള വിവരം ഈ അവസരത്തില്‍ നിങ്ങളെ അറിയിക്കട്ടെ.
വൈദിക പരിശീലനത്തിലെ നൂതനാഭിമുഖ്യങ്ങള്‍
സഭയിലെ വൈദികപരിശീലനപദ്ധതികളെക്കുറിച്ച് സിനഡ് വിശദമായി ചര്‍ച്ച ചെയ്യുകയും സെമിനാരികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്തു. ഭാവിവൈദികരുടെ പരിശീലനം ആനുകാലികപ്രസക്തവും സഭാത്മകവുമായിരിക്കണം. വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലന കാലത്തുള്ള അജപാലനശുശ്രൂഷ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്. വിശ്വാസപരിശീലനംപോലെ മാധ്യമപരിശീലന വും പ്രധാനപ്പെട്ടതാണ്. ആത്മീയവളര്‍ച്ച ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ മാനസികമായ പക്വത കൈവരിക്കുവാന്‍ പരിശീലനകാലഘട്ടത്തില്‍ വൈദികവിദ്യാര്‍ത്ഥികളെ സഹായിക്കേണ്ടതു ണ്ട്. സെമിനാരികളുടെ പ്രവര്‍ത്തനത്തില്‍ അല്മായരുടെയും സന്ന്യസ്തരുടെയും സഹകരണവും പങ്കാളിത്തവും പ്രോല്‍സാഹനവും അനിവാര്യമാണെന്ന് സിനഡുപിതാക്കന്‍മാര്‍ ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ അജപാലനം
കേരളത്തിനു വെളിയിലും ഇന്ത്യയ്ക്കുപുറത്തുമുള്ള പ്രവാസി സമൂഹങ്ങളുടെ അജപാലനശുശ്രൂഷ എന്നും സിനഡിന്റെ സത്വരശ്രദ്ധാവിഷയമാണ്. ഷംഷാബാദ് രൂപതാസ്ഥാപനത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ സഭാമക്കള്‍ കൗദാശികവും അജപാലനാപരവുമായ ആവശ്യങ്ങള്‍ക്ക് നാട്ടില്‍ വരുമ്പോള്‍ തങ്ങള്‍ ആയിരിക്കുന്ന സീറോ മലബാര്‍ ഇടവകകളി ല്‍നിന്ന് ആവശ്യമായ രേഖകള്‍ കൊണ്ടുവരേണ്ടതാണെന്ന കാര്യം ഓര്‍മിപ്പിക്കുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം അഭിവന്ദ്യ പിതാക്കന്‍മാര്‍ എല്ലാ രൂപതകളിലും നല്കുമല്ലോ. ഗള്‍ഫിലുള്ള നമ്മുടെ വിശ്വാസിസമൂഹത്തിന്റെ അജപാലനകാര്യങ്ങളും സിനഡില്‍ ചര്‍ച്ച ചെയ്തു. മാര്‍പ്പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം അവിടെയുള്ള നമ്മുടെ വിശ്വാസികള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. അതില്‍ സംബന്ധിച്ച എനിക്ക് ഇക്കാര്യം നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ചു. എല്ലാ സമൂഹങ്ങളിലും, പ്രത്യേകിച്ച് പ്രവാസി സമൂഹങ്ങളിലും, സഭാത്മകചൈതന്യം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിനു പുറത്തുള്ള സാഗര്‍, സത്‌ന, ഉജ്ജയിന്‍ രൂപതകള്‍ സുവര്‍ണജൂബിലി ആഘോഷിച്ച വിവരം ഈയവസരത്തില്‍ സന്തോഷത്തോടെ സ്മരിക്കുന്നു. രൂപതയായി ഉയര്‍ത്തപ്പെട്ട കാനഡയിലെ മിസ്സിസ്സാഗായുടെ മേലദ്ധ്യക്ഷനും വിശ്വാസികള്‍ക്കും ഈയവസരത്തില്‍ അനുമോദനങ്ങള്‍ അറിയിക്കുന്നു.
സുവിശേഷവത്കരണത്തിന് നവസാധ്യതകള്‍
നമ്മുടെ സഭ ഭാരതം മുഴുവനിലും ആഗോളതലത്തിലും വളരുന്നത് സഭയുടെ സുവിശേഷവല്‍കരണത്തിനുള്ള സാധ്യതകള്‍ വിപുലമാക്കാനുള്ള അവസരമായിട്ടുവേണം നാം സ്വീകരിക്കാന്‍. ഇന്ത്യയിലെവിടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിച്ചത് മുഖ്യമായും പ്രേഷിതപ്രവര്‍ത്തനത്തിനുള്ള വലിയ സാധ്യതകള്‍ നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ 2017 ഒകേ്ടാബര്‍ 9-ന് പ്രസിദ്ധീകരിച്ച എഴുത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
സുവിശേഷചൈതന്യത്തിന്റെ അടിസ്ഥാനത്തിലും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ വിവേചിച്ചറിഞ്ഞും സഭയുടെ സുവിശേഷവത്കരണപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യണം. സഭാത്മക പ്രവര്‍ത്തനങ്ങളിലൂടെയും നമ്മുടെ സാന്നിദ്ധ്യത്തിലൂടെയും സാക്ഷ്യത്തിലൂടെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള സാദ്ധ്യതകളേറെയാണ്. ഇതിനായി സഹകരിക്കുവാന്‍ മാതൃസഭയിലെ വൈദികരും സന്ന്യസ്തരും അല്മായപ്രേഷിതരും മുമ്പോട്ട് വരേണ്ടതുണ്ട്. നാട്ടിലെ ഓരോ രൂപതാവൈദികനും, പ്രത്യേകിച്ച് യുവവൈദികര്‍, രണ്ടോ മൂന്നോ വര്‍ഷത്തേക്കെങ്കിലും കേരളത്തിനു പുറത്തുള്ള നമ്മുടെ മിഷന്‍ കേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്ന കാര്യം ആലോചിക്കണമെന്ന അഭിപ്രായമുണ്ടായി.
ഈ മിഷന്‍ സംരംഭത്തില്‍ നാട്ടിലെ രൂപതകളിലെ സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും പുറത്തുള്ള മിഷനുകളെ ദത്തെടുക്കുന്ന ഒരു സംവിധാനത്തെപ്പറ്റി ചിന്തിക്കേണ്‍ണ്ടതുണ്ട്. ഇതിനോടകം നമ്മുടെ മിഷന്‍രൂപതകളെ നാട്ടിലെ പല രൂപതകളും ദത്തെടുത്തിട്ടുണ്ടെന്നതും നമ്മുടെ പല വൈദികരും സന്ന്യാസസമൂഹങ്ങളും അവിടെ സേവനം ചെയ്യുന്നുവെന്നതും ഈയവസരത്തില്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികള്‍
വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷസ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സഭ ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെ വലയുന്ന അദ്ധ്യാപകരുടെ സാഹചര്യം സഹാനുഭൂതിയോടെ സഭ മനസ്സിലാക്കുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ പരിഗണിക്കുമ്പോള്‍ മതങ്ങള്‍ക്ക് ഉപവിഭാഗങ്ങളില്ല എന്നുള്ള കോടതിവിധിയും അനുബന്ധമായ സര്‍ക്കാര്‍ ഉത്തരവും ന്യൂനപക്ഷസ്ഥാപനങ്ങളുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുകയും ക്രമേണ അവയെ ഇല്ലാതാക്കുകയും ചെയ്യുമെന്നത് നമുക്ക് ആശങ്കയുണര്‍ത്തുന്നതാണ്.
ഇനിയും പരിഹരിക്കാത്ത കര്‍ഷകരുടെ പ്രശ്‌നങ്ങള്‍
നമ്മുടെ കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, കൃഷിയിടങ്ങളിലെ വന്യമൃഗശല്യം എന്നിവയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശാശ്വതമായ പരിരക്ഷയും പരിഹാരവുമാണ് സഭ പ്രതീക്ഷിക്കുന്നത്. അതിനായി രൂപതാതലത്തിലും ഇടവകതലത്തിലും ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്‍ണ്ടതാണ്. കത്തോലിക്കാകോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമാക്കേണ്ടതാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ദളിത്സംവരണം തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാകോണ്‍ഗ്രസ് കൂടുതല്‍ ഇടപെടണമെന്ന അഭിപ്രായവുമുണ്ടായി.
സംഘടനാപ്രവര്‍ത്തനങ്ങള്‍
നമ്മുടെ യുവജനസംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നിയമാവലിക്ക് സിനഡ് നല്‍കിയിരുന്ന താത്കാലിക അംഗീകാരം മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടുകയുണ്ടായി. നമ്മുടെ എല്ലാ രൂപതകളിലും യുവജന സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുവാനും അതുവഴി നമ്മുടെ യുവതീയുവാക്കളുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുവാനും സിനഡ് പിതാക്കന്‍മാര്‍ ആഹ്വാനം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നിയമാവലിയും ഈ സിനഡു സമ്മേളനത്തില്‍ അംഗീകരിക്കുകയുണ്‍ണ്ടായി. നമ്മുടെ സഭയുടെ ദൈവവിളി പ്രോത്സാഹനത്തിനുള്ള മാര്‍ഗരേഖയും ഈ സിനഡ് അംഗീകരിച്ചു.
അസംബ്ലി തീരുമാനങ്ങള്‍ പ്രായോഗിക തലത്തിലേയ്ക്ക്
2016 ആഗസ്റ്റ് മാസത്തില്‍ നടന്ന നാലാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനഡില്‍ രൂപപ്പെട്ട 10 തീരുമാനങ്ങള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി നമ്മുടെ എല്ലാ രൂപതകളിലും നടപ്പിലാക്കുന്നതിനായി ഈ സിനഡ് സമ്മേളനം ചര്‍ച്ച ചെയ്തു തീരുമാനിച്ച 10 നിര്‍ദേശങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്.
1. സഭയില്‍ നേതൃത്വശുശ്രൂഷയിലേക്ക് കടന്നുവരുന്ന അല്മായ സഹോദരങ്ങള്‍ക്ക്, പ്രത്യേകിച്ച് കൈക്കാര?ാര്‍, ദേവാലയശുശ്രൂഷികള്‍, മതാദ്ധ്യാപകര്‍, കുടുംബക്കൂട്ടായ്മ ഭാരവാഹികള്‍, സംഘടനാഭാരവാഹികള്‍ എന്നിവര്‍ക്ക്, സഭയുടെ ജീവിതശൈലിക്ക് യോജിച്ച ലാളിത്യത്തെക്കുറിച്ച് വേണ്ടണ്‍ത്ര പരിശീലനം നല്കണം. പ്രായപരിധികള്‍ക്കനുസരിച്ചും കുടുംബതലത്തിലും ധ്യാനങ്ങളും ബോധവത്കരണ സെമിനാറുകളും കൂടുതലായി പ്രോത്സാഹിപ്പിക്കണം.
2. ഇടവക ഉള്‍പ്പെടെയുള്ള സഭയുടെ ഭരണസംവിധാനങ്ങളില്‍ പ്രകടമാകുന്ന ഉദ്യോഗസ്ഥ മേധാവിത്വശൈലി ഉപേക്ഷിക്കണം. സഭാസംവിധാനങ്ങളുടെ ഓഫീസുകള്‍ അജപാലനശുശ്രൂഷയുടെ സ്വഭാവം നിലനിര്‍ത്തുകയും ആവശ്യമെങ്കില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സംലഭ്യമാകുംവിധം പുനഃക്രമീകരണം നടത്തുകയും വേണം.
3. വൈദികരില്‍നിന്നും സമര്‍പ്പിതരില്‍നിന്നും കൂടുതല്‍ ഹൃദ്യമായ വാക്കുകളും സമീപനങ്ങളും എല്ലാ ജനങ്ങള്‍ക്കും, വിശിഷ്യ യുവജനങ്ങള്‍ക്കും ലഭിക്കണം.
4. പരിസ്ഥിതി സംരക്ഷണത്തിനായി ഇടവകകളും സ്ഥാപനങ്ങളും ക്ലീന്‍ പാരിഷ് പരിപാടികളും ക്ലീന്‍ ക്യാംപസ് പ്രോജക്റ്റുകളും നടപ്പിലാക്കണം.
5. യുവജനങ്ങളുടെ ജോലിസാദ്ധ്യതകള്‍ സംബന്ധിച്ചും വിവിധ രീതികളില്‍ ക്ലേശമനുഭവിക്കുന്നവര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍, സബ്‌സിഡികള്‍, സഹായങ്ങള്‍ മുതലായവയെക്കുറിച്ചും അറിവ് നല്കുന്നതിനായി ഹെല്‍പ്‌ഡെസ്‌ക്, രൂപത/ഫൊറോന തലങ്ങളില്‍ ഏര്‍പ്പെടുത്തണം.
6. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ ഇന്ത്യയില്‍ ക്രൂരമായ പീഡനത്തിനു വിധേയരായിക്കൊണ്‍ണ്ടിരിക്കുന്നത് തികച്ചും അപലപനീയമാണ്. ദളിതരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മതന്യൂനപക്ഷങ്ങളുടെയും വിമോചനത്തിനും ശാക്തീകരണത്തിനും വേണ്ടി നാം മുന്നിട്ടിറങ്ങണം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുള്ള അവകാശങ്ങള്‍ സര്‍ക്കാരില്‍നിന്ന് നേടിയെടു ക്കുവാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടേണ്ടതാണ്.
7. മിഷണറിമാരെ, അവരുടെ മിഷന്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും അവരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുമായി ഇടവകകളിലേക്കും രൂപതകളിലേക്കും ക്ഷണിക്കണം.
8. തിരുനാളുകള്‍ ഇടവകയുടെ പൊതുവായ ആഘോഷമാക്കുവാന്‍ ശ്രദ്ധിക്കുകയും ഒരു വ്യക്തിയെയോ, കുടുംബത്തെയോ മാത്രമായി പ്രസുദേന്തി ആക്കുന്നത് നിരുത്സാഹപ്പെടുത്തുകയും വേണം.
9. വൈവാഹിക കുടുംബബന്ധങ്ങളിലുള്ള തകര്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന വിശ്വാസികളെ സഹായിക്കുവാനും സന്തോഷപ്രദമായ കുടുംബജീവിതം പുനരാരംഭിക്കുവാന്‍ അവരെ പ്രാപ്തരാക്കാനുംവേണ്‍ണ്ടി എല്ലാ വൈദികരും സന്ന്യസ്തരും പരിശ്രമിക്കണം. യോഗ്യരായ ദമ്പതികളെ ഇത്തരം അജപാലന ശുശ്രൂഷകള്‍ക്കായി പരിശീലനം നല്കി നിയോഗിക്കാവുന്നതാണ്.
10. പ്രവാസി പ്രദേശങ്ങളില്‍ പ്രോവിന്‍സുകളും ഭവനങ്ങളും തുടങ്ങുവാന്‍ സീറോ മലബാര്‍ സഭയില്‍പ്പെട്ട സമര്‍പ്പിതസമൂഹങ്ങള്‍ തയ്യാറാകണം.
2018 സെപ്റ്റംബര്‍ 1 മുതല്‍ പ്രളയത്തോടനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ ആസ്ഥാനകാര്യലയത്തിലെ ചാപ്പലില്‍ നിത്യാരാധന നടത്തുന്നതില്‍ സിനഡ് സംതൃപ്തി രേഖപ്പെടുത്തി. നിത്യാരാധനയുടെ ഓരോ ദിവസവും സഭയുടെ വിവിധങ്ങളായ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. സിനഡുദിവസങ്ങളില്‍ അഭിവന്ദ്യപിതാക്കന്‍മാരെ അഭിസംബോധന ചെയ്യാനും വ്യക്തിപരമായി കണ്ടു സംസാരിക്കാനും പേപ്പല്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ജാന്‍ബത്തിസ്ത്ത ദിക്വാത്രോ സന്നിഹിതനായിരുന്നു എന്നത് ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. അതുപോലെ ദീര്‍ഘനാള്‍ സഭാകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്ത ശേഷം വിരമിക്കുന്ന കൂരിയ ചാന്‍സലര്‍ ബഹു. ആന്റണി കൊള്ളന്നൂരച്ചനും ഫിനാന്‍സ് ഓഫീസര്‍ ബഹു. മാത്യു പുളിമൂട്ടിലച്ചനും ഈ സാഹചര്യത്തില്‍ കൃതജ്ഞത അര്‍പ്പിക്കുന്നു.
വളരെ ഫലപ്രദവും സജീവവുമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം 18-ാം തീയതി സിനഡ് സമാപിച്ചു. സിനഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നമ്മുടെ സഭയുടെ വളര്‍ച്ചയ്ക്കും നന്‍മയ്ക്കും ഉപകരിക്കുന്നതിന് നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.
ഈശോയില്‍ സ്‌നേഹപൂര്‍വം,
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്.
കാക്കനാട് മൗണ്ട് സെന്റ് തോമസ്സിലുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്ന് 2019 ആണ്ട് ഫെബ്രുവരി മാസം 20ന് നല്‍കപ്പെട്ടത്.
ച.ആ: ഈ വിജ്ഞാപനം ഉചിതമായ മാര്‍ഗങ്ങളിലൂടെ അതതു രൂപത/അതിരൂപതകളിലെ വൈദികരു ടെയും സന്ന്യസ്തരുടെയും അല്മായസഹോദരങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്.
from mangalam.com https://ift.tt/2GXNYEw
via IFTTT
No comments:
Post a Comment