ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കർഷകരേയും ഇടത്തരക്കാരായനികുതി ദായകരേയും കയ്യിലെടുത്ത് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ്. ധനമന്ത്രി അരുൺജെയ്റ്റ്ലിക്ക് പകരം താൽക്കാലിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയൽ ജനപ്രിയ പദ്ധതികൾ ആവോളം ഉൾക്കൊള്ളിച്ചാണ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഇതിൽ ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയർത്തിയതാണ് ഏറ്റവും ജനപ്രിയമായത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മൂന്ന് കോടി പേർക്ക് പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കും. കർഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ ലഭ്യമാക്കുന്ന കിസാൻ സമ്മാൻ നിധിയാണ് മറ്റൊരു പ്രഖ്യാപനം. ഇത് കേന്ദ്രസർക്കാരിനെതിരേ ഏറ്റവും കൂടുതൽ ഏതിർപ്പ് പ്രകടിപ്പിക്കുന്ന കർഷകരെ തങ്ങളിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. ഇ.എസ്.ഐ പരിധി ഉയർത്തിയതും, അസംഘടിത തൊഴിലാളികൾക്ക് 3000 രൂപ പെൻഷൻ ലഭിക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മൻദൻ പദ്ധതിയും ജനപ്രിയ ഇനങ്ങളിൽ എടുത്ത് പറയാനാവുന്നതാണ്. നികുതി ദായകർക്ക് ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയർത്തി. നിലവിൽ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും മറ്റ് ചെറിയ വരുമാനക്കാർക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയിൽ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. പ്രതിവർഷം 2.4 ലക്ഷംവരെ വീട്ടുവാടക നൽകുന്നവരെയും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000ത്തിൽനിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയർത്തിയതോടെ മൂന്നുകോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളിൽ നൽകാനുള്ള പദ്ധതിയും സർക്കാർ ആവിഷ്കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇൻഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നത്. കർഷകർക്ക് കർഷകർക്ക് 6000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാർഷിക ഉൽപ്പന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കർഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. രണ്ട് ഹെക്ടറിൽ കുറവ് ഭൂമിയുള്ള കർഷകരാണ് ഈ പദ്ധതിയിൽ വരിക. രാജ്യത്തെ 12 കോടി കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസർക്കാർ പദ്ധതിയുടെ മുഴുവൻ ചെലവും വഹിക്കും. ഓരോ വർഷവും ഇതിനായി 75,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. പട്ടിക പൂർത്തിയായ ഉടൻ ആദ്യ ഗഡു പണം ലഭിക്കും. ഈ വർഷം ഇതിനായി 20,000 കോടി വകയിരുത്തും. 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തരേന്ത്യയിൽ വൻ കർഷക രോഷമുണ്ടായ സാഹചര്യത്തിൽ ബജറ്റിൽ കൂടുതൽ കാർഷിക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. പ്രതിരോധമേഖലയ്ക്ക് ചരിത്രത്തിൽ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വൻ ബജറ്റ് വിഹിതം മാറ്റിവെച്ച് മോദി സർക്കാരിന്റെ അവസാന ബജറ്റ്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്. പട്ടാളക്കാർ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 40 വർഷത്തോളമായി വൺ റാങ്ക് വൺ പെൻഷൻ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ സർക്കാർ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞൂവെന്നും പീയൂഷ് ഗോയൽ പറഞ്ഞു. അസംഘടിത മേഖലയ്ക്ക് 15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ പെൻഷൻ ലഭിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് പൂർത്തിയാകുമ്പോൾ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്ക്കേണ്ടത്. തുല്യ തുക തന്നെ സർക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വർഷം നടപ്പിൽ വരുന്ന പദ്ധതിയാണിത്. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വഴി 50 കോടി ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയൽ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റിൽ ധനമന്തി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് കഴിഞ്ഞവർഷം സെപ്റ്റംബർ 25-ന് ആയിരന്നു നിലവിൽ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിരുന്നില്ല. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കും മരുന്നുകൾക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സർജറി, മരുന്നുകൾ, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകൾ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ മോദിയുടെ ആയുഷ്മാൻ പദ്ധതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും വൻ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തെലങ്കാന, ഓഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ആയുഷ്മാൻ പദ്ധതിയുമായി സഹകരിക്കാത്തത്. റെയിൽവേ കേന്ദ്ര ഇടക്കാല ബജറ്റിൽ റെയിൽവേയ്ക്ക് മാത്രമായി 64,587 കോടി രൂപ സർക്കാർ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ റെയിൽവെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 1.48 ലക്ഷം കോടിയായിരുന്നു. ഹൈസ്പീഡ് ട്രെയിനുകൾ, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വർഷം മുൻഗണന നൽകുന്നത്. കാവൽക്കാരില്ലാത്ത റെയിൽവേ ക്രോസുകൾ രാജ്യത്തില്ലാതായെന്നും ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയൽ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. വടക്കു കിഴക്കൻ മേഖലകളിലേക്ക് റെയിൽവേ ചരക്ക് ഗതാഗതം ആരംഭിച്ചു. മേഘാലയയും ത്രിപുരയും റെയിൽവേ മാപ്പിൽ വന്നു. സർവീസ് നടത്തുന്ന 100 വിമാനത്താവളങ്ങൾ രാജ്യത്തുണ്ട്. റെയിൽവേയ്ക്ക് അപകട രഹിതമായ കാലമാണ് കടന്നു പോയത്. രാജ്യത്ത് ഓരോ ദിവസവും 27 കിലോമീറ്റർ റോഡ് നിർമിക്കപ്പെടുന്നുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2RtqN6I
via
IFTTT
No comments:
Post a Comment