ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ജനുവരി 8ന് ലോക്സഭയിൽ പാസായ ബില്ല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായിരുന്നു. നേരത്തെ ബിൽ ലോക്സഭയിൽ എത്തിയ സമയത്ത് വലിയ സംഘർഷങ്ങൾ ഉണ്ടായ മണിപ്പൂരിലെ ഇംഫാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെ എതിർക്കുന്ന സംഘടനകൾ കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ള മിസോറാമിലും വലിയ സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിറെൻ സിങും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബിൽ രാജ്യസഭയിൽ പാസാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇവർ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിനോട് ആവശ്യപ്പെട്ടു. നേരത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ബിൽ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുണ്ടായത്. content highlights:Citizenship Amendment Bill to be tabled in Rajya Sabha today
from mathrubhumi.latestnews.rssfeed http://bit.ly/2GCUMHx
via
IFTTT
No comments:
Post a Comment