പരമ്പരാഗതമായി യുഡിഎഫ് സ്വഭാവമുള്ള മണ്ഡലമാണ് തിരുവനന്തപുരം. മേൽക്കൈയും യുഡിഎഫിനാണ്. പ്രത്യേകിച്ച് നാടാർ മേഖലയിൽ കോൺഗ്രസിന് വലിയ മേൽകൈ ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർ കൂടുതലുള്ള നഗരമേഖലകളിലും കോൺഗ്രസിന് സ്വാധീനമുണ്ട്. സാമുദായിക ചേരിതിരിവ് തിരഞ്ഞെടുപ്പിൽ വരാറുണ്ട്. അത് നാടാർ നായർ വിഭാഗങ്ങൾ തമ്മിലുള്ള മത്സരമായും വരാറുണ്ട്. നീലലോഹിതദാസൻ നാടാർ, എ ചാൾസ് എന്നിവർ മത്സരിച്ചപ്പോഴും ഇതായിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി അങ്ങനെ ഒരു ചേരിതിരിവില്ല. ഒരേ സമുദായക്കാർ തന്നയാണ് മത്സരിച്ചത്. എന്നാൽ കഴിഞ്ഞ തവണ അങ്ങനെയൊരു ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. കേരളത്തിൽ തന്നെ ബിജെപിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള ജില്ലയാണ് തിരുവനന്തപുരം. നിലവിലെ കഴക്കൂട്ടും, ഈസ്റ്റ്, വെസ്റ്റ് എന്നിവ ഉൾപ്പെട്ട നഗരപ്രദേശത്താണ് ബിജെപിക്ക് ശക്തമായ വളക്കൂറുള്ളത്. ഇപ്പോഴത്തെ ശബരിമല പോലുള്ള വിഷയങ്ങൾ വോട്ടാക്കി മാറ്റാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. കേരളത്തിൽ ഏതെങ്കിലും മണ്ഡലത്തിൽ ബിജെപിക്ക് വിജയ സാധ്യതയുണ്ടെങ്കിൽ അത് തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരത്തിൽ ശക്തമായ ഒരു തിരിച്ചുവരവാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥാനാർഥി വളരെ നിർണായകമാണ്. കോൺഗ്രസിനെ സംബന്ധിച്ച് ശശി തരൂർ എന്നത് ശക്തമായ സ്ഥാനാർഥിയാണ്. എന്നാൽ, തരൂരിന് ലഭിക്കുന്ന വോട്ടുകൾ മുഴുവൻ കോൺഗ്രസ് വോട്ടുകളല്ല. കോൺഗ്രസ് വോട്ടുകൾ മുഴുവൻ അദ്ദേഹത്തിന് കിട്ടാറുമില്ല. സാധാരണ കോൺഗ്രസുകാർക്കും ഇടത്തരം നേതാക്കൾക്കും തരൂർ ഒട്ടും സ്വീകാര്യനല്ല. സാധാരണ കോൺഗ്രസുകാരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു നേതാവല്ല തരൂർ. അതിന് പുറമെ, ഈ സീറ്റ് ആഗ്രഹിച്ചിരിക്കുന്ന നിരവധി നേതാക്കൾ തിരുവനന്തപുരത്തുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസിനുള്ളിൽ അദ്ദേഹത്തെ ഏതിർക്കുന്ന ആളുകളുണ്ടെന്നതിൽ തർക്കമില്ല. ജനസമ്മതനായ നേതാവാണ് തരൂർ. വിദ്യാസമ്പന്നരായ ആളുകൾക്കിടയിലും നഗരപ്രദേശത്ത് താമസിക്കുന്നവർക്കിടയിലും അദ്ദേഹം ഏറെ സ്വീകാര്യനാണ്. മുമ്പ് വി.കെ കൃഷ്ണമേനോന് ലഭിച്ചിരുന്ന ഒരു അംഗീകാരം തരൂരിന് ലഭിക്കുന്നുണ്ട്. വിശ്വപൗരനെന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ, സ്ത്രീ വോട്ടർമാർക്കിടയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നാടാർ മേഖലയിൽ ഉൾപ്പെടെ കഴിഞ്ഞ തവണ സ്വാധീനം സൃഷ്ടിക്കാൻ അദ്ദേഹത്തിനായത്. ഈ കാരണങ്ങളാൾ തന്നെ കോൺഗ്രസുകാർ എതിരാണെങ്കിലും ജനങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിന് തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നേതാവാണ് ശശി തരൂരെന്ന് ജയശങ്കർ പറയുന്നു. ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുള്ള സീറ്റെന്ന നിലയിൽ മികച്ച സ്ഥാനാർഥി അനിവാര്യമാണ്. പ്രത്യേകിച്ച് തരൂരിനെതിരേ മത്സരിക്കുന്നയാൾ സാധാരണക്കാരൻ ആകാൻ പാടില്ല. കഴിഞ്ഞ തവണ ഒ.രാജഗോപാലായിരുന്നു എതിരാളി. ശക്തനായ നേതാവ് എന്നതിലുപരി പലതവണ തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റയാൾ എന്ന സഹതാപ തരംഗവും അദ്ദേഹത്തിന് ശക്തനായ എതിരാളി ആകാൻ സഹായിച്ചിരുന്നു. ഇനി രാജഗോപാലിനെ പോലെ സ്വീകാര്യനായ ഓരാളെ തിരുവനന്തപുരത്ത് എത്തിക്കുകയെന്നത് അസാധ്യമാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായി പല പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്. നടന്മാരായ മോഹൻ ലാൻ, സുരേഷ് ഗോപി, കേന്ദ്രമന്ത്രി നിർമല സീതാരാമൻ എന്നിങ്ങനെ നീളുന്ന നിരയാണത്. എന്നാൽ, ശക്തനായ സ്ഥാനാർഥിയെ എത്തിക്കാൻ ബിജിപിക്ക് കഴിഞ്ഞില്ലെങ്കിൽ വിജയ സാധ്യത വിദൂരമാണെന്നാണ് ജയശങ്കർ അഭിപ്രായപ്പെട്ടത്. ഇടത് പക്ഷത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒന്നാമത് ശക്തമായ രണ്ട് മുന്നണിക്കെതിരേ മത്സരിക്കണം. അത് കൂടാതെ, നല്ലൊരു സ്ഥാനാർഥിയെ കണ്ടെത്തണം. ഈ രണ്ട് വിഷയങ്ങൾ തന്നെ ഇടത് പക്ഷത്തിന് വെല്ലുവിളിയാകും. അതിനെ അനുസരിച്ചായിരിക്കും അവരുടെ സാധ്യതകൾ.ആനി രാജ, പന്ന്യൻ രവീന്ദ്രൻ, വി.രാമൻകുട്ടി, ഭാഗ്യലക്ഷ്മി അടക്കമുള്ള പേരുകളാണ് സിപിഐ പരിഗണിക്കുന്നത്.മികച്ച സ്ഥാനാർഥിയെ അണിനിരത്തിയാൽ തിരിച്ചുവരാം എന്ന പ്രതീക്ഷയിൽ അതിനുള്ള അന്വേഷണത്തിലാണ് സിപിഐയും ഇടത് മുന്നണിയും. കഴിഞ്ഞ തവണ 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തരൂർ ജയിച്ച് കയറിയത്. നാടാർ മേഖലയാണ് അന്ന് തരൂരിന് വിജയത്തിന് തുണയായത്. അതേ സമയം നഗരമണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമ എന്നിവടങ്ങളിലെല്ലാം ബിജെപിക്കായിരുന്നു ലീഡ്.അന്ന് മൂന്നാം സ്ഥാനത്തായി പോയിരുന്നു എൽഡിഎഫിന്റെ ബെന്നറ്റ് ഏബ്രഹാം.
from mathrubhumi.latestnews.rssfeed http://bit.ly/2U2858p
via
IFTTT
No comments:
Post a Comment