ഓഗ്മെന്റഡ് റിയാലിറ്റി അഥവാ പ്രതീതി യാഥാർത്ഥ്യ സാങ്കേതിക വിദ്യകൾ നൽകുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ സൈന്യവുമായുള്ള കരാറിൽ നിന്നും കമ്പനി പിൻമാറണമെന്ന ആവശ്യവുമായി മൈക്രോസോഫ്റ്റ് ജീവനക്കാർ. മൈക്രോസോഫ്റ്റിന്റെ ഹോളോ ലെൻസ് എന്ന ഹെഡ്സെറ്റ് സൈന്യത്തിന് നൽകുന്നതിനെതിരെയാണ് 50 ഓളം കമ്പനി ജീവനക്കാർ രംഗത്തുവന്നിരിക്കുന്നത്. ആളുകളെ കൊല്ലാൻ വേണ്ടി ഹോളോ ലെൻസ് ഉപയോഗിക്കരുത് എന്ന് ഇവർ മൈക്രോസോഫ്റ്റ് മേധാവികൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. നവംബറിലാണ് സൈനികർക്ക് വേണ്ടി ഒരു ലക്ഷം ഹെഡ്സെറ്റുകൾ നിർമിച്ച് നൽകാമെന്ന ഉറപ്പിൽ മൈക്രോസോഫ്റ്റ് സൈന്യവുമായി 47.9 കോടി ഡോളറിന്റെ കരാറിലെത്തിയത്. ഹിംസയ്ക്കും അക്രമങ്ങൾക്കും വഴിവെക്കും വിധം അമേരിക്കൻ സൈന്യത്തെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും മൈക്രോ സോഫ്റ്റ് പിൻമാറണമെന്ന്, ആയുധങ്ങൾ നിർമിക്കുന്നതിനല്ല ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങളുടെ അധ്വാനം എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്ന് ഞങ്ങൾ അറിയേണ്ടതുണ്ട്. ജീവനക്കാർ കത്തിൽ പറയുന്നു. 2016 മാർച്ചിലാണ് മൈക്രോസോഫ്റ്റ് ഹോളോ ലെൻസ് അവതരിപ്പിച്ചത്. ഈ അത്യാധുനിക കണ്ണടയിലൂടെ കാണുന്ന കാഴ്ചകൾക്കൊപ്പം ഡിജിറ്റൽ ഹോളോഗ്രാഫിക് ചിത്രങ്ങളും കാണാൻ സാധിക്കും. ഞായറാഴ്ച ബാർസലോനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ നടക്കുന്ന ചടങ്ങിൽ ഹോളോലെൻസ് 2 പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സൈന്യവുമായി ഉണ്ടാക്കിയ ഇന്റഗ്രേറ്റഡ് വിഷ്വൽ ഓഗ്മെന്റേഷൻ സിസ്റ്റം (ഐ.വി.എ.എസ്) കരാർ റദ്ദാക്കണം, ആയുധ സാങ്കേതികവിദ്യകൾ എന്തെങ്കിലും വികസിപ്പിക്കുന്നുവെങ്കിൽ അത് അവസാനിപ്പിക്കണം, ഈ വിഷയത്തിൽ പരസ്യ നയപ്രഖ്യാപനം നടത്തണമെന്നും. ഈ നയം പാലിക്കപ്പെടുന്നുണ്ടെന്നുറപ്പിക്കാൻ ഒരു ഇന്റേണൽ എക്സ്റ്റേണൽ എത്തിക്സ് റിവ്യൂ ബോർഡ് വേണമെന്നും ജീവനക്കാർ കത്തിൽ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ അഭിപ്രായങ്ങൾ മാനിക്കുന്നുവെന്നും ഇത്തരത്തിൽ മുമ്പും എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും മൈക്രോ സോഫ്റ്റ് വക്താവ് പറഞ്ഞു. എന്നാൽ ഈ തൊഴിലാളി പ്രതിഷേധം മൈക്രോസോഫ്റ്റിന് എളുപ്പം കൈകാര്യം ചെയ്യാനാവില്ലെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു. സൈന്യവുമായുള്ള കരാറിൽ താൽപര്യമില്ലാത്ത ജീവനക്കാർക്ക് മറ്റ് വിഭാഗങ്ങളിൽ ജോലി ചെയ്യാമെന്നാണ് വിഷയത്തിൽ മൈക്രോ സോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തിന്റെ പ്രതികരണം. എന്നാൽ ഈ സോഫ്റ്റ്വെയർ നിർമിക്കുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് ജീവനക്കാരെ അറിയിക്കുന്നതിൽ മൈക്രോസോഫ്റ്റ് പരാജയപ്പെട്ടുവെന്ന് ജീവനക്കാർ പറഞ്ഞു. കരാർ നിലവിൽ വരുന്നതിന് മുമ്പ് നിരവധി സാങ്കേതികവിദഗ്ദർ ഹോളോ ലെൻസിന് വേണ്ടി സംഭാവനകൾ നൽകിയിട്ടുണ്ട്. ആർക്കിടെക്റ്റുകൾ, കെട്ടിടങ്ങളും വാഹനങ്ങളും നിർമിക്കുന്ന എഞ്ചീനീയർമാർ, അധ്യാപകർ, ശസ്ത്രക്രിയാ വിദഗ്ദർ, സംഗീതജ്ഞർ, ഗെയിമർമാർ തുടങ്ങിയവരെ സഹായിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നാണ് അവർ വിശ്വസിച്ചരുന്നത്. തൊഴിലാളികൾ കത്തിൽ പറഞ്ഞു. സൈന്യവുമായുള്ള സഹകരണത്തിന്റെ പേരിൽ പ്രതിഷേധം നേരിടുന്ന ആദ്യത്തെ സ്ഥാപനമല്ല മൈക്രോസോഫ്റ്റ്. കഴിഞ്ഞ വർഷം നിർമിത ബുദ്ധി പ്രോഗ്രാം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടവുമായി കരാറിലേർപ്പെട്ടതിന് ഗൂഗിളിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം സൈന്യവുമായി സജീവമായി സഹകരിച്ചുവരുന്ന സ്ഥാപനമാണ് ആമസോൺ. Content Highlights:Microsoft employees against companys deal with the US military on Hololens
from mathrubhumi.latestnews.rssfeed https://ift.tt/2BS6kU3
via
IFTTT
No comments:
Post a Comment