ബാങ്ക് ജീവനക്കാർ പണിമുടക്കിയകാലത്ത് കാർഷികവായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത 7000 പേർക്ക് നബാർഡ് നൽകുന്ന മൂന്നുശതമാനം പലിശ സബ്സിഡി നഷ്ടമായി. കേരള ഗ്രാമീൺബാങ്കിലെ ജീവനക്കാർ ഡിസംബർ 17 മുതൽ 26 വരെ നടത്തിയ പണിമുടക്ക് ദിവസങ്ങളിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നവർക്കാണ് സബ്സിഡി നഷ്ടപ്പെട്ടത്. ബാങ്കിന്റെ വിവിധ ശാഖകളിൽനിന്ന് കാർഷികവായ്പ എടുത്തവരാണിവർ. ഒരുലക്ഷത്തിന് ഏഴുശതമാണ് പലിശ. വായ്പ യഥാസമയം തിരിച്ചടച്ചാൽ മൂന്നുശതമാനം പലിശ സബ്സിഡിയായി നബാർഡ് തിരിച്ചുനൽകും. മൊത്തം 41.70 കോടി രൂപയാണ് പണിമുടക്ക് കാലത്ത് കർഷകർക്ക് ബാങ്കുകളിൽ തിരിച്ചടയ്ക്കാനാവാതിരുന്നത്. ഇത്രയും തുകയുടെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കർഷകർക്ക് കിട്ടാതെപോയത്. സമയംതെറ്റി വായ്പ തിരിച്ചടച്ചെങ്കിലും നബാർഡ് പലിശ സബ്സിഡി നൽകാൻ തയ്യാറല്ല. പണിമുടക്ക് കഴിഞ്ഞ് നാലുദിവസംവരെ സബ്സിഡിയോടെ വായ്പ തിരിച്ചടയ്ക്കാൻ അനുമതി നൽകിയതായി ഗ്രാമീൺബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവർക്ക് സബ്സിഡി ഇൻസന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായി. ഇനി പുനഃപരിശോധിക്കാനാവില്ല വായ്പ തിരിച്ചടയ്ക്കേണ്ടതിന്റെ സമയപരിധി കഴിഞ്ഞതിനാൽ ഇനി പുനഃപരിശോധിക്കാനാവില്ല. പണിമുടക്ക് ആരംഭിക്കുന്നതിനുമുൻപ് തന്നെ വായ്പ തിരിച്ചടയ്ക്കേണ്ട കാര്യം ബാങ്ക് ജീവനക്കാർ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഒട്ടേറെ പേർ അങ്ങനെ തിരിച്ചടവ് നടത്തി സബ്സിഡി കൈപ്പറ്റിയിട്ടുണ്ട്. എസ്. പവിത്രൻ, ജനറൽമാനേജർ, കേരള ഗ്രാമീൺബാങ്ക് പണിമുടക്ക് മുൻകൂട്ടി അറിയിച്ചിരുന്നു ജീവനക്കാർ പണിമുടക്കുമെന്ന കാര്യം ബാങ്ക് മാനേജ്മെന്റിനെയും ഉപഭോക്താക്കളെയും യൂണിയൻ നേരത്തേ അറിയിച്ചിരുന്നു. പണിമുടക്ക് ആരംഭിക്കുന്ന ഡിസംബർ 17-ന് മുൻപ് വായ്പ പുതുക്കണമെന്ന് ഉപഭോക്താക്കൾക്ക് എല്ലാ ശാഖകളിൽനിന്നും നോട്ടീസ് നൽകി. എല്ലാ ശാഖകളിലും പണിമുടക്ക് പോസ്റ്ററും പതിച്ചു. യൂണിയനിൽ അംഗങ്ങളായ മാനേജർമാർ കർഷകരെ ഫോണിൽ വിളിച്ച് വായ്പ പുതുക്കേണ്ടത് മുൻകൂട്ടി അറിയിച്ചു. പണിമുടക്ക് ആരംഭിച്ചാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ സബ്സിഡി നഷ്ടമാവുമെന്ന കാര്യവും ശ്രദ്ധയിൽപ്പെടുത്തി. അതുകൊണ്ടുതന്നെ പണിമുടക്കിയവരെ ഇതിന് കുറ്റപ്പെടുത്താനാവില്ല. അതേസമയം, പണിമുടക്കിൽ പങ്കെടുക്കാതിരുന്ന സംഘടനയിൽപ്പെട്ടവർ ഇത്തരം മുൻകരുതൽ എടുത്തില്ല. ബാങ്ക് തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാവാം അവർ മുൻകരുതൽ സ്വീകരിക്കാതിരുന്നത്. ഇവരുടെ ശാഖകളിലാണ് കർഷകർക്ക് സബ്സിഡി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. 7000 പേർക്ക് സബ്സിഡി നഷ്ടപ്പെട്ടുവെന്ന കണക്ക് ശരിയല്ല. -കെ. പ്രകാശൻ, ജനറൽസെക്രട്ടറി, കേരള ഗ്രാമീൺബാങ്ക് ഓഫീസേഴ്സ് യൂണിയൻ വിഷയം നബാർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല മൂന്നുശതമാനം ഇൻസെന്റീവ് ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട സംഭവം ഇതുവരെ കേരള ഗ്രാമീൺബാങ്ക് നബാർഡിനെ അറിയിച്ചിട്ടില്ല. കാലാവധിയാവുന്ന തീയതിക്കോ അതിനു മുൻപോ വായ്പ തിരിച്ചടയ്ക്കുന്നവർക്കുമാത്രമേ സബ്സിഡി ഇൻസെന്റിവ് നൽകാൻ കേന്ദ്രസർക്കാറിന്റെ അനുമതിയുള്ളൂ. പണിമുടക്കുകാരണം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം ബാങ്ക് ഇതുവരെ നബാർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ല. ബാങ്ക് അറിയിച്ചാൽ ഇക്കാര്യം പ്രത്യേകമായി കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തും. -പി.ടി. ഉഷ, ഡെപ്യൂട്ടി ജനറൽമാനേജർ, നബാർഡ്
from mathrubhumi.latestnews.rssfeed http://bit.ly/2SRELnK
via
IFTTT
No comments:
Post a Comment