ജമ്മു: കർഷകർക്ക് മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിയെ വിമർശിച്ച കോൺഗ്രസിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ എ.സി മുറികളിൽ ഇരിക്കുന്നവർക്ക് പാവപ്പെട്ട കർഷകർക്ക് ലഭിക്കുന്ന ആറായിരം രൂപയുടെ വില അറിയില്ലെന്ന് ജമ്മുവിലെ വിജയ്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ കേന്ദ്രസർക്കാർ കർഷകരെ അപമാനിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ബജറ്റിൽ പ്രഖ്യാപിച്ച കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് വർഷത്തിൽ 6000 രൂപ നൽകുമെന്ന് പറയുമ്പോൾ ഒരു ദിവസം അവർക്ക് 17 രൂപയോളമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. കാർഷിക കടം എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ വാഗ്ദാനം തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രം മാത്രമാണെന്ന് മോദി ആരോപിച്ചു. 2008 - 09 ൽ ആറുലക്ഷം കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, 52,000 കോടിയുടെ വായ്പകൾ മാത്രമാണ് എഴുതിത്തള്ളിയത്. കാർഷിക കടാശ്വാസം ലഭിച്ച 25 മുതൽ 30 ലക്ഷം വരെയുള്ളവർ അതിന് യോഗ്യരല്ലായിരുന്നുവെന്ന് സി.എ.ജി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് സർക്കാർ കടാശ്വാസ പദ്ധതിയുടെ ഭാഗമായി ചിലർക്ക് 13 രൂപയുടെ ചെക്ക് നൽകിയെന്നും അദ്ദേഹം പരിഹസിച്ചു. പി.എം - കിസാൻ പദ്ധതി പ്രകാരം 75,000 കോടിരൂപ പ്രതിവർഷം അനുവദിക്കും. ഇത്തരത്തിൽ 7.50 ലക്ഷം കോടിരൂപ പത്ത് വർഷംകൊണ്ട് കർഷകരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് ചിലർ കർഷകരുടെ രക്ഷകരെന്ന് നടിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. Content Highlights:PM Narendra Modi, Loan Waiver, Rahul Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2HRpCyi
via
IFTTT
No comments:
Post a Comment