കോട്ടയം: സിറോ മലബാര്‍ സിനഡ് പുറത്തിറക്കിയ സര്‍ക്കുലറിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ വൈദികനെതിരെ സഭയുടെ മീഡിയ കമ്മീഷന്‍ പത്രക്കുറിപ്പിറക്കിയതിനെതിരെ ഫാ.വര്‍ഗീസ് ആലങ്ങാടന്‍. ഈ മാസം 23ന് മീഡിയ കമ്മീഷന്‍ ഇറക്കിയ പത്രക്കുറിപ്പ് അങ്ങേയറ്റം പരിഹാസ്യവും ബാലിശവും സത്യവിരുദ്ധവുമാണെന്ന് ഫാ. വര്‍ഗീസ് പറയുന്നു. ക്രിസ്ത്യന്‍ പ്രസിദ്ധീകരണമായ 'മാറ്റേഴ്‌സ് ഇന്ത്യ.കോം' എന്ന ഓണ്‍ലൈനിലാണ് ഫാ.വര്‍ഗീസിന്റെ വിമര്‍ശനം.
'ആരാണ് സഭയുടെ ശത്രുക്കള്‍' എന്ന പേരില്‍ ഫാ. ജേക്കബ് പീനിക്കപറമ്പില്‍ സി.എം.ഐ എഴുതിയ ലേഖനമാണ് മീഡിയ കമ്മീഷനെ പ്രകോപിപ്പിച്ചത്. സിനഡിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ സര്‍ക്കുലറിലെ പല കാര്യങ്ങളേയും ചോദ്യം ചെയ്യുന്നതായിരുന്നു ലേഖനം. എന്നാല്‍ ഫാ.ജേക്കബ് ഉന്നയിച്ച കാര്യങ്ങളില്‍ പൂര്‍ണ്ണമായും നിശബ്ദത പാലിച്ചുകൊണ്ടാണ് മീഡിയ കമ്മീഷന്‍ ലേഖനത്തെയും ലേഖനമെഴുതിയ വൈദികനെയും പേര് പരാമര്‍ശിക്കാതെ ചെളിവാരിത്തേക്കുന്നതെന്ന് ഫാ.വര്‍ഗീസ് ആലങ്ങാടന്‍ പറയുന്നു.
സഭാ നേതൃത്വത്തിന്റെ സര്‍ക്കുലറിനെ വിമര്‍ശിച്ച് ഓണ്‍ലൈന്‍ പത്രത്തില്‍ ലേഖനമെഴുതിയത് അച്ചടക്കത്തിന്റെ കടുത്ത ലംഘനമാണെന്നാണ് മീഡിയ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ സഭാ തലവനെ വിമര്‍ശിച്ച് ലേഖനമെഴുതിയതിലൂടെ ഏതു കാനോന്‍ നിയമമാണ് അദ്ദേഹം ലംഘിച്ചതെന്ന് പറയാന്‍ മീഡിയ കമ്മീഷന് കഴിയുന്നില്ലെന്ന് ഫാ.ആലങ്ങാടന്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ വിഷയങ്ങളില്‍ നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ആളാണ് ഫാ.ജേക്കബ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ഹിന്ദുത്വ ശക്തികളുടെ അക്രമപ്രവര്‍ത്തനങ്ങളെയും വരെ വിമര്‍ശിച്ച് ഇദ്ദേഹം ലേഖനമെഴുതിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടി എടുക്കുകയും നോട്ടീസ് പോലും അയക്കുകയോ ചെയ്തിട്ടില്ല. ഹിന്ദുത്വ ശക്തികളും അദ്ദേഹത്തിനെതിരെ ആക്രമണത്തിന് മുതിര്‍ന്നിട്ടില്ല. മേലധികാരിയുടെ ഒരു പ്രവൃത്തിയെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് കുറ്റകൃത്യമോ അച്ചടക്കരാഹിത്യമോ ആകുന്നത്?
സഭാ നിയമത്തിനു മുകളില്‍ തങ്ങളെ പ്രതിഷ്ഠിക്കാനുള്ള പ്രവണത വൈദികരും വിശ്വാസികളും ഒഴിവാക്കണമെന്നാണ് മീഡിയ കമ്മീഷന്റെ മറ്റൊരു നിര്‍ദേശം. സാമൂഹ്യ സേവനത്തിലൂടെയും മറ്റും സഭ ആര്‍ജിച്ചെടുത്ത പൊതു സ്വീകാര്യതയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും മീഡിയ കമ്മീഷന്‍ ആരോപിക്കുന്നു. എന്നാല്‍ ലേഖനം എഴുതിയ വൈദികന്‍ തന്റെ പ്രവര്‍ത്തിയിലൂടെ അത്തരത്തില്‍ എന്തെങ്കിലും ചെയ്തിരുന്നോ എന്ന് പരിശോധിക്കാതെയുള്ള കാടടച്ചുള്ള ആരോപണം മാത്രമാണ്. സര്‍ക്കുലറിലെ കാര്യങ്ങളെ ചോദ്യം ചെയ്യുമ്പോഴും ഫാ. ജേക്കബ് ഏതെങ്കിലും ബിഷപ്പിനെതിരെ തന്റെ ലേഖനത്തില്‍ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ഫാ.വര്‍ഗീസ് പറയുന്നു.
മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ ദരിദ്രരില്‍ ദരിദ്രരായ ആളുകള്‍ക്കു വേണ്ടി ഉഴിഞ്ഞുവച്ചതാണ് ഫാ.ജേക്കബിന്റെ 41 വര്‍ഷത്തോളം നീണ്ട വൈദിക ജീവിതം. എണ്ണമറ്റ വൈദികരും വിശ്വാസികളും മറ്റുള്ളവരും ഏറെ മാനിക്കുന്ന വൈദികനാണ് അദ്ദേഹം. നിരവധി രൂപതകള്‍ക്കും സന്യസ്ത സഭകള്‍ക്കും അദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. സി.എം.ഐ സഭയിലെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള വൈദികനാണ്. തന്റെ എഴുത്തുകളിലെല്ലാം ക്രിസ്തുമൂല്യങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ആഴത്തിലുള്ള ആത്മീയതയും വിശ്വാസ്യതയും അച്ചടക്കവുമുള്ള വ്യക്തിയുമാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് സര്‍ക്കുലറിലെ വിഴ്ചകള്‍ അദ്ദേഹം ചോദ്യം ചെയ്തത്.- ഫാ. വര്‍ഗീസ് ആലങ്ങാടന്‍ ചൂണ്ടിക്കാട്ടുന്നു. സിനഡ് സര്‍ക്കുലര്‍ എല്ലാ അത്മായ സംഘടനകളും ഏകമനസ്സോടെ അംഗീകരിച്ചതാണെന്ന മീഡിയ കമ്മീഷന്റെ കണ്ടെത്തല്‍ അങ്ങേയറ്റം പരിഹാസ്യമാണെന്നും അദ്ദേഹം പറയുന്നു.
മേലധികാരികള്‍ പറയുന്നതെന്തും അന്ധമായി അനുസരിക്കുന്നതല്ല ക്രിസ്തുവിന്റെ മാര്‍ഗം. തന്റെ കാലഘട്ടത്തില്‍ സാധാരണക്കാരെ അടിച്ചമര്‍ത്തുന്ന സഭയുടെ നിയമങ്ങളെ ചോദ്യം ചെയ്യാന്‍ മാത്രമല്ല, ചിലപ്പോഴൊക്കെ ലംഘിക്കാനും ക്രിസ്തു മടിച്ചിരുന്നില്ല. തന്റെ കാലത്തെ പുരോഹിത വര്‍ഗത്തിനെതിരെ അണലി സന്തികള്‍, വെള്ളയടിച്ച കുഴിമാടങ്ങള്‍, കപടനാട്യക്കാര്‍ തുടങ്ങിയ കടുത്ത വാക്കുകള്‍ ക്രിസ്തു പ്രയോഗിച്ചത് മറന്നുപോകരുത്.
മധ്യകാലഘട്ടത്തിലെ പോലെ സഭാ നേതൃത്വം കഴിയുന്നത് വിഡ്ഢിത്വമാണ്. എന്തുകൊണ്ടാണ് സിറോ മലബാര്‍ നേതൃത്വം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പുകളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. അദ്ദേഹം ദിവസംപ്രതി ഇറക്കുന്ന പ്രസ്താവനകള്‍ എന്തുകൊണ്ട് അവര്‍ ശ്രദ്ധിക്കുന്നില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ആഗോള സഭയുടെ ഭാഗമല്ല തങ്ങള്‍ എന്നാണോ സിറോ മലബാര്‍ സഭ കരുതുന്നതെന്നും ഫാ. വര്‍ഗീസ് ചോദിക്കുന്നു.
മുന്നറിയിപ്പ് നല്‍കുന്ന വൈദികരെയും വിശ്വാസികളെയും അച്ചടക്കത്തിന്റെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നതിനു പകരം നഷ്ടപ്പെട്ടുപോയ ഒരാടിനെ തേടിയിറങ്ങിയ നല്ല ഇടയനില്‍ നിന്നാണ് ഈ ബിഷപ്പുമാര്‍ പഠിക്കേണ്ടത്. ലൈംഗിക അപവാദങ്ങളും ഭൂമി ഇടപാടുകളും വഴി സഭാ നേതൃത്വം ഇതിനകം തന്നെ വളരെയേറെ ക്ഷതം വരുത്തിക്കഴിഞ്ഞു. അനുരഞ്ജനത്തിനും സഭാ നേതൃത്വം തയ്യാറാകണം. മനസ്സില്‍ പകയും ശത്രുതയും വച്ചുകൊണ്ട് എങ്ങനെയാണ് വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും ബലി അര്‍പ്പിക്കാന്‍ കഴിയുക. സമാധാനവും അനുരഞ്ജനവും കൊണ്ടുവരാന്‍ ആദ്യം മുന്‍കൈയെടുക്കേണ്ടത് ആര്‍ച്ച് ബിഷപ്പും ബിഷപ്പുമാരുമാണ്. കാനന്‍ നിയമം ക്രിസ്തുവിന്റെ സുവിശേഷത്തിനു മുകളിലല്ല, അത് ഒരിക്കലും രാജ്യത്തിന്റെ നിയമത്തിനും മുകളിലല്ലെന്നും ഫാ.വര്‍ഗീസ് ആലങ്ങാടന്‍ ഓര്‍മ്മിപ്പിക്കുന്നു.
വൈദികന്‍ ലേഖനത്തില്‍ ഉന്നയിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നതിന് പകരം അദ്ദേഹത്തിനെതിരെ അനാവശ്യമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കാണുന്നത്. മീഡിയ സെല്ലിന്റെയും സിനഡിന്റെയും മോശം പ്രതിഛായയാണ് ഇത് കാണിക്കുന്നത്. മുന്‍പ് പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ സഭ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച ഈ ലേഖകന്റെ സെമിനാറും ധ്യാനങ്ങളും ബഹിഷ്‌കരിക്കാന്‍ സിനഡ് സന്യാസിനികള്‍ക്കും മറ്റ് അത്മായര്‍ക്കും നിര്‍ദേശം നല്‍കിയതും ഫാ.വര്‍ഗീസ് ഓര്‍മ്മിപ്പിക്കുന്നു. സഭയുടെ നടപടിയെ 'ക്രിസ്തുവിരുദ്ധ നടപടി'യെന്ന് താനും വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ തന്റെ വിശദീകരണം പോലും തേടാതെ സിനഡ് തനിക്കെതിരെ വിധിയെഴുതി. ഇക്കാര്യം പിന്നീട് താന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോടും കൂരിയ ബിഷപ്പ് ആയിരുന്ന ബോസ്‌കോ പുത്തൂരിനോടും ചോദിച്ചുവെങ്കിലും കൃത്യമായ ഒരു മറുപടി അവര്‍ക്കുണ്ടായിരുന്നില്ലെന്നും ഫാ.വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു.
ശരിയായ പ്രവാചകര്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്ന് സഭാ നേതൃത്വം മനസ്സിലാക്കേണ്ട സമയമാണിത്. പണത്തിനും അധികാരത്തിനും സത്യത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. സാധാരണ ജനം ബുദ്ധിയുള്ളവരാണ്. അവരെ ചൂഷണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. എത്രയും നേരത്തെ ക്രിസ്തുവിന്റെ മാഗത്തിലേക്ക് തിരിച്ചുപോവുകയാണ് വേണ്ടത്. മധ്യകാലഘട്ടത്തിലെ സാമ്രാജ്യത്വമോഹികളുടെ ദിനങ്ങളാണ് കഴിഞ്ഞുപോയതെന്നും അദ്ദേഹം പറയുന്നു.
ഇന്‍ഡോറിലെ യൂണിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റിന്റെ അമരക്കാരനാണ് ഫാ.വര്‍ഗീസ് ആലങ്ങാടന്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രൂക്ഷമായ വിമര്‍ശനം 'ഇന്ത്യന്‍ കറന്റ്‌സ്' എന്ന ക്രിസ്ത്യന്‍ പ്രസിദ്ധീകരണത്തിലൂടെ ഇദ്ദേഹം നടത്തിയിരുന്നു.
from mangalam.com http://bit.ly/2TitKsz
via IFTTT
No comments:
Post a Comment