ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ്കുമാർ മുഖർജിക്കും ആർ.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിർന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെൻ ഹസാരികയ്ക്കും ഭാരതരത്നം ബഹുമതി. രാജ്യത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നൽകുന്ന രാജ്യത്തെ ഏറ്റവും ഉന്നതബഹുമതിക്കാണ് മൂവരും അർഹരായത്. നാനാജി ദേശ്മുഖിനും ഭൂപെൻ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്നം നൽകുന്നത്. കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാർ മുഖർജിക്ക് ലഭിച്ച ബഹുമതിയാണ് ഇവയിൽ ശ്രദ്ധേയം. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതൽ 17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം 2018 ജൂണിൽ നാഗ്പുരിൽനടന്ന ആർ.എസ്.എസ്. പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തത് ചർച്ചയായിരുന്നു. ആർ.എസ്.എസിനും ഭാരതീയ ജനസംഘിനും അടിത്തറയുണ്ടാക്കിയവരിൽ പ്രമുഖനും താത്ത്വികാചാര്യന്മാരിലൊരാളുമായ നാനാജി ദേശ്മുഖ് ബാലഗംഗാധര തിലകിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് സാമൂഹികപ്രവർത്തനരംഗത്തിറങ്ങിയത്. വിദ്യാഭ്യാസകാലത്തുതന്നെ ആർ.എസ്.എസിൽ ചേർന്നു. ഗോൾവാൾക്കർ നാനാജിയെ പ്രചാരക് എന്ന നിലയിൽ ഗോരഖ്പുരിലേക്ക് അയച്ചതോടെ സജീവപ്രവർത്തകനായി. ഭാരതീയ ജനസംഘ് രൂപവത്കരിക്കുന്നതിന് അടിത്തറയുണ്ടാക്കിയ നേതാക്കളിലൊരാളാണ് നാനാജി ദേശ്മുഖ്. അസമിന്റെ സംഗീതലോകത്തുനിന്ന് രാജ്യവും ലോകവുമറിയുന്ന സംഗീതജ്ഞനായി വളർന്ന ഭൂപെൻ ഹസാരികയ്ക്കുള്ള ബഹുമതി സംഗീതത്തിനും വടക്കുകിഴക്കൻ മേഖലയ്ക്കുമുള്ള അംഗീകാരമാണ്. സുധാകാന്ത എന്നറിയപ്പെട്ടിരുന്ന ഹസാരിക സംഗീതത്തിനപ്പുറം അസമിന്റെ സാമൂഹികജീവിതത്തിലും ഇടപെട്ടിരുന്നു. ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന ഭൂപെൻ രുദാലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സംഗീതമൊരുക്കി. 2011-ൽ എൺപത്തിയഞ്ചാം വയസ്സിലായിരുന്നു മരണം. Content Highlights: Bharath ratna for Pranab Mukhargee
from mathrubhumi.latestnews.rssfeed http://bit.ly/2RdhdEM
via
IFTTT
No comments:
Post a Comment