കൊച്ചി: വിവാദ ഭൂമി ഇടപാടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എറണാകുളം-അങ്കമാലി അതിരുപതയില്‍ ഭരണനിര്‍വഹണത്തിന് പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ്പിനെ നിയമിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ തീരുമാനം. അതിരൂപതയിലെ വൈദികരുടെ ആവശ്യപ്രകാരമാണ് അതിരൂപതയ്ക്ക് മാത്രമായി പുതിയ ഭരണതലവനെ നിയമിക്കുന്നത്.
വൈദിക സമിതി യോഗത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഇക്കാര്യം വൈദികരുമായി ചര്‍ച്ച ചെയ്തു. ഇതുപ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ്പ് ആയി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള മൂന്നു പേരുകള്‍ വൈകാതെ റോമിലേക്ക് അയച്ചുകൊടുക്കും. വത്തിക്കാന്‍ അംഗീകരിച്ചാലുടന്‍ ഈ മൂന്നു പേരില്‍ ഒരാളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കകയും ഓഗസ്റ്റില്‍ ചേരുന്ന സീറോ മലബാര്‍ സിനഡ് അതിന് അംഗീകാരം നല്‍കുകയും ചെയ്യും.
ഓഗസ്റ്റില്‍ തന്നെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ചുമതലയേക്കുമെന്നാണ് സൂചന. വത്തിക്കാന്‍ നിയോഗിച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ജേക്കബ് മനത്തോടത്തിനാണ് കൂടുതല്‍ സാധ്യത കല്പിക്കുന്നത്. അതിരൂപതയിലെ മറ്റ് രണ്ട് ബിഷപ്പ്മാര്‍ കൂടി പട്ടികയിലുണ്ടാവും. 72ാം വയസ്സിലേക്ക് കടക്കുന്ന ബിഷപ്പ് മനത്തോടത്തിന് ഇനി വിരമിക്കാന്‍ മൂന്നു വര്‍ഷം കൂടിയുണ്ട്. ഇതേ അതിരൂപതാംഗം കൂടിയാണ് എന്ന പരിഗണനയും അദ്ദേഹത്തിന് ലഭിക്കും.
മാര്‍ ജേക്കബ് മനത്തോടത്ത് അതിരൂപതയുടെ സ്ഥിരം അഡ്മിനിസ്‌ട്രേറ്റര്‍ ആയാല്‍ പാലക്കാട് രൂപതയുടെ അധ്യക്ഷ പദവി ഒഴിയും. ഈ സ്ഥാനത്തേക്ക് പുതിയ ബിഷപ്പിനെ നിയമിച്ചേക്കും.
അതേസമയം, ഇന്നലെ ചേര്‍ന്ന വൈദിക സമിതി യോഗത്തില്‍ സിനഡിന്റെ തീരുമാനങ്ങള്‍ക്കെതിരെ നിശിത വിമര്‍ശവും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. സിനഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വൈദികരുടെയും സന്യാസ്ത്രീകളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച സര്‍ക്കുലറാണ് പ്രതിഷേധത്തിനു കാരണം. ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന വൈദികരെ താറടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സര്‍ക്കുലറെന്നും അത് പിന്‍വലിക്കണമെന്നും വൈദിക സമിതി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ ഭരണഘനാവിരുദ്ധവും മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണെന്നും വിമര്‍ശനമുയര്‍ന്നു. സിനഡിന്റെ തീരുമാനങ്ങളില്‍ താന്‍ നിസ്സഹായനാണെന്നും അടുത്തുതന്നെ ചേരുന്ന പെര്‍മനന്റ് സിനഡില്‍ സര്‍ക്കുലറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാമെന്നും മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചതോടെയാണ് വൈദികരുടെ പ്രതിഷേധം ശമിച്ചത്.
ഭൂമി ഇടപാടിനെ തുടര്‍ന്ന് അതിരൂപതയ്ക്ക് വന്നിട്ടുള്ള കടബാധ്യതകള്‍ തീര്‍ക്കാന്‍ ഭൂമി വില്‍ക്കുന്നത് അടക്കമുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താനും വൈദിക സമിതി നിര്‍ദേശം നല്‍കി.
വിവാദമായ ഭൂമി കുംഭകോണത്തെ തുടര്‍ന്നാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണചുമതലയയില്‍ നിന്നും നീക്കി വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ജേക്കബ് മനത്തോടത്ത് ചുമതലയേറ്റിരുന്നു. വൈദിക സമിതി അടക്കം അതിരൂപതയിലെ എല്ലാ സമിതികളും മരവിപ്പിക്കുകയും ചെയ്തിരുന്നു. അതിരൂപതയുടെ ബാധ്യത തീര്‍ക്കാന്‍ ഭൂമി വില്പന അടക്കമുള്ള നടപടികളുമായി മാര്‍ മനത്തോടത്ത് മുന്നോട്ടുപോയെങ്കിലും അതിരൂപത സമിതികളില്‍ ആലോചിക്കാതെയുള്ള ഇടപാടുകള്‍ ചോദ്യം ചെയ്ത് കോടതിയില്‍ കേസ് വന്നതോടെ വൈദിക സമിതി അടക്കം സസ്‌പെന്‍ഡു ചെയ്ത ചില സമിതികള്‍ പുനരുജ്ജീവിപ്പിച്ചിരുന്നു.
from mangalam.com http://bit.ly/2RS7uc7
via IFTTT
No comments:
Post a Comment