കോഴിക്കോട്: 2019 വർഷം ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം പണിമുടക്കിന്റെ രണ്ടാം ദിവസവും യാഥാർഥ്യത്തിലേക്ക്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് രണ്ട് ദിവസങ്ങളിലും വ്യാപാരികളെ ഒട്ടും ബാധിച്ചില്ല. മിഠായി തെരുവിലടക്കം കടകൾ തുറന്ന് പ്രവർത്തിച്ചതോടെ കോഴിക്കോട്ടെ വ്യാപാരം സാധാരണ നിലയിലായി. കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതു ഗതാഗതം സ്തംഭിച്ചെങ്കിലും സ്വാകാര്യ വാഹനങ്ങൾ സജീവമായി നിരത്തിലിറങ്ങി. കഴിഞ്ഞ ഹർത്താലിൽ വലിയ അക്രമ സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന കോഴിക്കോട് മിഠായി തെരുവ് ഇപ്രാവശ്യത്തെ രണ്ട് ദിവസത്തെ പൊതുപണിമുടക്കിലും സമാധാനപരമായി മുന്നോട്ട് പോയി. വലിയങ്ങാടിയിലും പാളയത്തും കടകൾ തുറന്നിരുന്നുവെങ്കിലും വാഹനങ്ങൾ ഇല്ലാത്തത് മാത്രമാണ് കച്ചവടത്തെ ബാധിച്ചതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. പണിമുടക്കിന്റെ ആദ്യ ദിവസത്തിൽ നിന്നും വ്യത്യസ്തമായി ഭീതി ഒട്ടും തന്നെയില്ലാതെയാണ് രണ്ടാം ദിവസത്തിൽ നഗരം ഉണർന്നത്. കടകൾ തുറക്കുന്നുവെന്നറിഞ്ഞതോടെ സ്വകാര്യ വാഹനങ്ങളിലും മറ്റുമായി ആളുകളും നഗരത്തിലേക്കെത്തുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മിഠായി തെരുവ് ഏകദേശം സാധാരണ നിലയിലായിരുന്നുവെങ്കിലും കൂടുതൽ സജീവമാകുമെന്നാണ് കരുതുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. മിഠായി തെരുവിലും വലിയങ്ങാടിയിലുമായി 70 ശതമാനം കടകളും തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. നഗരത്തിൽ ഹോട്ടലുകളും തുറന്നു. അതിരാവിലെ മുതൽ തന്നെ സ്വകാര്യ വാഹനങ്ങൾ കൂടുതലായി നിരത്തിലിറങ്ങി. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് മൂന്ന് സ്വകാര്യ ബസുകൾ സർവ്വീസ് നടത്തി. എന്നാൽ കെ.എസ്.ആർ.ടി.സിയും കൂടുതൽ സ്വകാര്യ ബസുകളും പണി മുടക്കിയത് ദീർഘദൂര യാത്രക്കാരെ വലച്ചു. നഗരത്തിലെ സർക്കാർ സ്കൂളുകൾ ഒഴികെ ചില സ്കൂകുളുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കടകൾ നിർബന്ധ പൂർവം അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്താൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആരും അതിനായി മുതിർന്നില്ല. ശക്തമായ പോലീസ് സാന്നിധ്യത്തിലാണ് മിഠായി തെരുവ് അടക്കം തുറന്ന് പ്രവവർത്തിച്ചത്. കൊയിലാണ്ടിയിൽ കടകളും ബാങ്കും സമരാനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ സജീവമായിരുന്നു ജില്ല. എസ്.ബി.ഐ ബാങ്കും ബി.എസ്.എൻ,എൽ ഓഫീസും പൊലീസ് സംരക്ഷണത്തിലാണ് പ്രവർത്തിച്ചത്. പക്ഷെ വടകരയിൽ രണ്ടാം ദിവസവും ഹർത്താൽ പ്രതീതിയായിരുന്നു. കടകൾ പലയിടത്തും തുറന്നിട്ടുണ്ടെങ്കിലും കച്ചവടം കുറവാണ്. നിരീക്ഷണത്തിന് നീലപ്പട കടകൾക്കെതിരെ അക്രമം നടത്തുന്നവരെ കണ്ടെത്താനും വിവരങ്ങൾ പോലീസിന് കൈമാറാനുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീലപ്പടയും സജീവമായി. കഴിഞ്ഞ ദിവസം മുതൽ ഇവർ തുറക്കുന്ന കടകളെ നിരീക്ഷിച്ച് കൊണ്ട് നഗരങ്ങളിൽ സജീവമായിരുന്നു. അക്രമികളെ കണ്ടെത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ പെട്ടവർ തന്നെയാണ് നീല യൂണിഫോം അടിഞ്ഞ് നിരീക്ഷണത്തിനെത്തുന്നത്. അക്രമികളുടെ വിവരങ്ങൾ പെട്ടെന്ന് പോലീസിന് അറിയിക്കുക മൊബൈലിൽ വീഡിയോ ദൃശ്യങ്ങൾ പകർത്തി പോലീസിനെ ഏൽപ്പിക്കുക എന്നതൊക്കെയാണ് ഇവരുടെ പ്രധാന ചുമതല. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നടന്ന അക്രമത്തെ കുറിച്ച് പോലീസിന് പെട്ടന്ന് വിവരം നൽകാനും കച്ചവടക്കാർക്ക് സംരക്ഷണം ഒരുക്കാനും കഴിഞ്ഞത് ഇവരുടെ ഇടപെടൽ കൊണ്ടാണ്. Content Highlights:Trade union Strike Kozhikode no violence yet
from mathrubhumi.latestnews.rssfeed http://bit.ly/2TCiVkQ
via
IFTTT
No comments:
Post a Comment