കോഴിക്കോട്: ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമെത്തിച്ച കെ.എസ്. മണിലാലിന്റെ സസ്യശാസ്ത്ര സംഭാവനകൾ കേരളീയ സമൂഹം ഇനിയും വേണ്ടവിധം വിലിയിരുത്തിയിട്ടില്ലെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പെൺകൂട്ടായ്മയായ സമത ഏർപ്പെടുത്തിയ ജൈവജാഗ്രതാ പുരസ്കാരം ഡോ.മണിലാലിന് സമർപ്പച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കർ. കോഴിക്കോട് ജവഹർ നഗറിൽ ഡോ.മണിലാലിന്റെ വസതിയിൽ വെച്ചായിരുന്നു പുരസ്കാര ദാനം. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സസ്യശാസ്ത്രജ്ഞൻ ഡോ.പി.വി.മധുസൂദനൻ ആദരപത്രം സമർപ്പിച്ചു. ആദരപത്രവും 25,000 രൂപയും അടങ്ങിയതാണ് അവാർഡ്. 1678-1693 കാലത്ത് ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്ന് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കൂസ്, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അപൂർവ്വ ഗ്രന്ഥമാണ്. കൊച്ചിയിൽ ഡച്ച് ഗവർണറായിരുന്ന ഹെൻഡ്രിക് ആഡ്രിയാൻ വാൻ റീഡ് ആണ്, അക്കാലത്തെ പ്രശസ്ത നാട്ടുവൈദ്യൻ ചേർത്തലയിലെ ഇട്ടി അച്യുതന്റെ സഹായത്തോടെ ഹോർത്തൂസ് തയ്യാറാക്കിയത്. മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമാണ് ഹോർത്തൂസ്. എത്രയോ പണ്ഡിതൻമാർ ആ ലാറ്റിൻ ഗ്രന്ഥം മനസിലാക്കിയെടുത്ത് പരിഭാഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാലിക്കറ്റ് സർവകാശാലയിൽ ബോട്ടണി അധ്യാപകനായിരുന്ന ഡോ.മണിലാൽ തന്റെ ജീവിതത്തിന്റെ 50 വർഷം, ആ മഹാഗ്രന്ഥത്തെ മെരുക്കിയെടുക്കാൻ സമർപ്പിച്ചു. അതിനായി പത്തുവർഷംകൊണ്ട് മണിലാൽ ലാറ്റിൻ പഠിച്ചു, വിദ്യാർഥിയായിരുന്ന സി.ആർ.സുരേഷിന്റെ സഹായത്തോടെ ഹോർത്തൂസിൽ പ്രതിപാദിക്കുന്നതിൽ ഒന്നൊഴികെ ബാക്കിയെല്ലാ സസ്യങ്ങളെയും ചെടികളെയും വീണ്ടും കണ്ടെത്തി, ആധുനിക സസ്യശാസ്ത്രപ്രകാരം പുനർവ്യാഖ്യാനിച്ചു. മണിലാൽ തയ്യാറാക്കിയ വ്യാഖ്യാന സഹിതമുള്ള ഹോർത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് 2003-ലും, മലയാളം പതിപ്പ് 2008-ലും കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. സമതയുടെ ജൈവജാഗ്രതാ പുരസ്കാരം ഡോ.കെ.എസ്. മണിലാലിന് സമ്മാനിച്ച ശേഷം, നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു. സമതയുടെ മാനേജിങ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി, മണിലാലിന്റെ പത്നി ജ്യോത്സ്ന, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സമീപം. കേരളചരിത്രത്തിന്റെ അപൂർവ്വമായ ഏടാണ് തന്റെ സമർപ്പിത പ്രയത്നത്തിലൂടെ ഡോ.മണിലാൽ മലയാളികൾക്ക് വീണ്ടെടുത്ത് നൽകിയത്. 2012-ൽ ഡച്ച് സർക്കാർ അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഫീസർ ഇൻ ദ ഓർഡർ ഓഫ് ഓറഞ്ച്-നാസ്സൗ നൽകി ഡോ.മണിലാലിനെ ആദരിച്ചെു. എങ്കിലും സ്വന്തം നാട്ടുകാർ അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കിയിട്ടില്ലെന്നാണ്, പുരസ്കാര ദാന ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ സൂചിപ്പിച്ചത്. ചടങ്ങിൽ പ്രശസ്ത ചരിത്രകാരൻ ഡോ.എം.ജി.എസ്.നാരായണൻ, പരിസ്ഥിതി വിദഗ്ധൻ ഡോ.എ.അച്യുതൻ, ഹൃദ്രോഗവിദഗ്ധൻ ഡോ.കെ. സുഗതൻ, ഹോർത്തൂസ് ഗവേഷണത്തിൽ മണിലാലിന് കീഴിൽ ഡോക്ടറേറ്റ് നേടിയ സി.ആർ.സുരേഷ്, കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞൻ ഡോ.എം.സാബു, ഡോ.മണിലാലിന്റെ വിദ്യാർഥിയായിരുന്ന ഡോ.പുഷ്പാദേവി എന്നിവർ ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ മണിലാൽ എല്ലാവർക്കുംകൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ സമത മാനേജിങ് ട്രസ്റ്റി പ്രൊഫ.ടി.എ.ഉഷാകുമാരി സ്വാഗതവും, സമത പ്രവർത്തകയും ശാസ്ത്രലേഖികയുമായ സീമ ശ്രീലയം നന്ദിയും പറഞ്ഞു. ഡോ.മണിലാലിന്റെ കുടുംബാംഗങ്ങളും വിദ്യാർഥികളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പക്ഷാഘാതത്തെ തുടർന്ന് വിശ്രമത്തിലാണ് ഡോ. മണിലാൽ. Content Highlights: Hortus Malabaricus, K S Manilal, History of Botony, Jiyvajagratha Puraskaram, Speaker P Sreeramakrishnan
from mathrubhumi.latestnews.rssfeed http://bit.ly/2HA3o3K
via
IFTTT
No comments:
Post a Comment