കർഷകസമര നായകൻ വിജു കൃഷ്ണനെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി സി.പി.എം. പരിഗണിക്കുന്നു. മുൻകാല കമ്യൂണിസ്റ്റ് കർഷകസമരങ്ങളുടെ കേന്ദ്രമായിരുന്ന കരിവെള്ളൂരിനടുത്തെ ഓണക്കുന്ന് സ്വദേശിയാണ് അദ്ദേഹം. കാസർകോട് ലോക്സഭാ മണ്ഡലത്തിൽപ്പെടുന്ന പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലെ പ്രദേശം. വിജുവിന്റെ സ്ഥാനാർഥിത്വം പക്ഷേ, പാർട്ടി നേതൃത്വം നിഷേധിക്കാനോ ശരിവയ്ക്കാനോ തയ്യാറായില്ല. “പലരുടെയും പേര് പരിഗണിക്കുക സ്വാഭാവികം. അനുയോജ്യനായ ആളെ പാർട്ടി നിശ്ചയിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അറിയിക്കും” -സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ പ്രതികരിച്ചു. വിജു കൃഷ്ണന്റെ പ്രതികരണം ലഭ്യമായില്ല. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കിസാൻസഭാ ദേശീയ നേതാവുമാണ് വിജു. കഴിഞ്ഞ മാർച്ചിൽ, നാസിക് മുതൽ മുംബൈവരെ 180 കിലോമീറ്റർ കർഷകമാർച്ചിന്റെ മുഖ്യസംഘാടകനായിരുന്നു. നവംബറിൽ ഡൽഹിയിൽ നടന്ന കർഷകമാർച്ചിലും വിജുവിന്റെ സംഘാടനമികവുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് സി.പി.എം. കേന്ദ്രകമ്മിറ്റിയിലെത്തിയത്. അതുവരെ ക്ഷണിതാവായിരുന്നു. കർഷകപ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനുള്ള സി.പി.എം. നീക്കത്തിന്റെ ഭാഗംകൂടിയായിരുന്നു ഇത്. അടുത്തിടെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. പ്രതിനിധികളായി രണ്ടു കർഷകർ ജയിച്ചു. രണ്ടിടത്ത് രണ്ടാമതെത്തി. പല മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുനേടി. ഇതെല്ലാം കർഷകമുന്നേറ്റങ്ങളുടെ ഫലമാണെന്ന് സി.പി.എം. കാണുന്നു. ഇതിന്റെ തുടർച്ചയായാണ് വിജുവിന്റെ സ്ഥാനാർഥിത്വം പരിഗണിക്കുന്നത്. കാർഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹി ജവാർഹർലാൽ നെഹ്രു സർവകലാശാലയിൽനിന്ന് ഗവേഷണബിരുദം നേടിയിട്ടുണ്ട് വിജു. ഇടതുമുന്നണിക്ക് താരതമ്യേന മുൻതൂക്കമുള്ള മണ്ഡലമാണ് കാസർകോട്. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ മുന്നണിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഉദുമയിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യശക്തിയാണ്. മഞ്ചേശ്വരത്ത് മുന്നണികളും ബി.ജെ.പി.യും തുല്യംനിൽക്കുന്നു. കാസർകോട് നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ളത്. എന്നിട്ടും കഴിഞ്ഞതവണ സി.പി.എമ്മിലെ പി. കരുണാകരൻ 6921 വോട്ടിന് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ഈ സാഹചര്യത്തിൽ സൂക്ഷ്മഘടകങ്ങൾപോലും വിലയിരുത്തിയായിരിക്കും സി.പി.എം. സ്ഥാനാർഥിയെ നിശ്ചയിക്കുക. കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫ തുടങ്ങിയ പേരുകളും പറഞ്ഞുകേൾക്കുന്നു. Contest Highlights:CPM Candidate: Viju Krishnan may Contest From Kasargodu
from mathrubhumi.latestnews.rssfeed http://bit.ly/2QrchvA
via
IFTTT
No comments:
Post a Comment