തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ പോലീസ് വകുപ്പുതല അന്വേഷണം തുടങ്ങി. പരിശോധന നടത്തിയതിന്റെ അടുത്തദിവസം ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽനിന്ന് ചൈത്രയെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എ.ഡി.ജി.പി. മനോജ് എബ്രഹാം പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഇടക്കാല റിപ്പോർട്ട് നൽകിയത്. എസ്.പി. ചൈത്ര തെരേസ ജോൺ, സിറ്റി പോലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. വിശദ റിപ്പോർട്ട് തിങ്കളാഴ്ച നൽകിയേക്കും. തിരുവനന്തപുരം മെഡിക്കൽ േകാളേജ് പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ വ്യാഴാഴ്ച രാത്രിയാണ് ചൈത്രയുടെ നേതൃത്വത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത്. പ്രതികളിൽ ചിലർ അവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയതിനു പിന്നാലെ ആഭ്യന്തരവകുപ്പ്, എസ്.പി.യോട് വിശദീകരണം തേടുകയും പിന്നീട് ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയിൽനിന്ന് മാറ്റുകയുമായിരുന്നു. അവധിയിലായിരുന്ന ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യ പകരം ചുമതലയേറ്റെടുത്തിട്ടുണ്ട്. റെയ്ഡ് ചട്ടംപാലിച്ച് -എസ്.പി. പരിശോധനാചട്ടം പൂർണമായി പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന് എസ്.പി. ചൈത്ര തെരേസ ജോൺ. വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നുള്ള കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി.ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടയിൽ എത്തിയ ഫോൺകോളിൽ പ്രതി പാർട്ടി ഓഫീസിലുണ്ടെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കെത്തിയത്. നടപടിക്രമം പാലിച്ചുള്ള റെയ്ഡ് വിവരം ചോർന്നതാകാം പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയതെന്നും അവർ പറയുന്നു. ചൈത്രക്കെതിരായ നടപടി: എതിർപ്പുമായി ഐ.പി.എസ്. അസോസിയേഷൻ തിരുവനന്തപുരം: സി.പി.എം. ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതിൽ ഐ.പി.എസ്. അസോസിയേഷന് എതിർപ്പ്. പോലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ പാർട്ടി ഓഫീസിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്.പി.യുടെ പരിശോധന. പ്രതികൾ എവിടെ ഒളിച്ചിരുന്നാലും പിടിക്കണം. അതിന് സർക്കാരിന്റെയോ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്നതാണ് ഇവരുടെ വാദം. അതിനാൽ, ജില്ലാ കമ്മിറ്റി ഓഫീസിൽ പോലീസ് കയറിയതിൽ വീഴ്ചയില്ലെന്ന വാദമാണ് അസോസിയേഷൻ ഉയർത്തുന്നത്. പരിശോധന നടത്തിയത് യാദൃച്ഛികമായിട്ടായിരുന്നു. പ്രതികളിൽ ഒരാളുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പ്രതികൾ അവിടെയുണ്ടായിരുന്നെങ്കിലും ഡി.സി.പി.യും സംഘവുമെത്തിയതറിഞ്ഞ് അവിടെനിന്നു കടത്തിയെന്നു പോലീസ് ആരോപിക്കുന്നു. പരിശോധനനടത്തിയ ചൈത്ര തെരേസ ജോണും സംഘവും ഇവിടത്തെ മുറികളും ബാത്ത് റൂമും പരിശോധിച്ച ശേഷം അഞ്ചു മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണാം. ഈ സമയം ഓഫീസ് ജീവനക്കാരനും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ഭരണകക്ഷി പാർട്ടിയുടെ ഓഫീസിൽ ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ കയറിയപ്പോൾ സിറ്റി പോലീസ് കമ്മിഷണർ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന ചോദ്യം സി.പി.എമ്മിൽനിന്നുതന്നെ ഉയരുന്നുണ്ട്. റെയ്ഡ് നടത്താനെത്തിയ ഏതാനും പോലീസുകാരിൽനിന്ന് വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഡി.ജി.പി. മൊഴിയെടുത്തു. ശേഷിക്കുന്നവരിൽനിന്ന് തിങ്കളാഴ്ച മൊഴിയെടുക്കും. ചൈത്രയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സെർച്ച് മെമ്മോയും സെർച്ച് ലിസ്റ്റും തയ്യാറാക്കിയാണോ പരിശോധന നടത്തിയതെന്നും പരിശോധിക്കും. Content Highlights:police departmental inquiry against chaitra teresa john
from mathrubhumi.latestnews.rssfeed http://bit.ly/2RhNSJl
via
IFTTT
No comments:
Post a Comment