ബംഗളുരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിശ്വാസമില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാന മോഹം തുടര്‍ച്ചയായി പ്രകടിപ്പിക്കുകയും സിദ്ധരാമയ്യയെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ പരസ്യമായി രംഗത്ത് വരികയും ചെയ്തതോടെയാണ് അതൃപ്തി പരസ്യമാക്കി കുമാരസ്വാമി രംഗത്ത് വന്നത്. കൂടാതെ കുറുമാറുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പല തവണ റിസോര്‍ട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നതും കുമാരസ്വാമിയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറുമെന്ന ആശങ്ക നിലനില്‍ക്കെ ജെ.ഡി.എസ് എം.എല്‍.എമാര്‍ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം സഖ്യത്തില്‍ പ്രശ്‌നങ്ങളില്ലെന്നും മാധ്യമങ്ങളാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. പല നേതാക്കളെയും പോയി കണ്ട് അഭിപ്രായം തേടി മാധ്യമങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. സഖ്യത്തില്‍ പ്രശ്‌നങ്ങളില്ല, താന്‍ കുമാരസ്വാമിയോട് സംസാരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സഖ്യത്തിനെതിരെ പരസ്യമായി സംസാരിക്കരുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും എം.എല്‍.എമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബി.ജെ.പി-ആര്‍.എസ്.എസ് സഖ്യത്തിനെതിരെ പോരാടാനാണ് കര്‍ണാടകയില്‍ ഒരുമിച്ച് നില്‍ക്കുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രസ്താവനകള്‍ ഇറക്കരുതെന്നും അത് സഖ്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
നേതാവായി സിദ്ധരാമയ്യയെ മാത്രമേ അംഗീകരിക്കൂ എന്നും കുമാരസ്വാമി യാതൊന്നും ചെയ്യുന്നില്ലെന്നുമായിരുന്നു സിദ്ധരാമയ്യ പക്ഷ എം.എല്‍.എമാരുടെ വിമര്‍ശനം. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. അതേസമയം മുഖ്യമന്ത്രിയെ വിമര്‍ശിച്ച എം.എല്‍.എ എസ്.ടി സോമശേഖറില്‍ നിന്ന് വിശദീകരണം തേടണമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
from mangalam.com http://bit.ly/2MzYFOb
via IFTTT
No comments:
Post a Comment