ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതിയും മതവും ചോദിക്കുന്നു. വിവരശേഖരണത്തിനായി നല്‍കിയ ഫാക്കല്‍റ്റി ഫോമിലാണ് ജാതിയും മതവും അടക്കമുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ഡയറക്ടര്‍ അടക്കമുള്ള ഉന്നതര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നടപടി ഞെട്ടിക്കുന്നതും നീതികരിക്കാനാവില്ലെന്നും ഡയറക്ടര്‍ അടക്കമുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ പ്രതികരിച്ചു. എയിംസിലെ ഫാക്കല്‍റ്റി സെല്‍ കഴിഞ്ഞയാഴ്ച ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്ത ഒരു പേജുള്ള ഫോമിലാണ് ഈ നിര്‍ദേശം. എല്ലാ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും വിവരശേഖരണത്തിനാണ് ഈ ഫോം എന്നാണ് ഫാക്കല്‍റ്റി സെല്ലിന്റെ വിശദീകരണം.
ഇത്തരമൊരു ഫോം വിതരണം ചെയ്തതിനെ കുറിച്ച് അറിയില്ലെന്നാണ് ഡയറക്ടര്‍ ഡോ.റണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. ഒരു മുതിര്‍ന്ന ഡോക്ടറോടും ഇതുവരെ ആരും അവരുടെ ജാതിയും മതവും ചോദിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ ജാതിയും മതവും ഇവിടെ ആരും നോക്കാറില്ല. അത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നത് നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം വിവാദമായതോടെ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഫാക്കല്‍റ്റി സെല്ലും രംഗത്തെത്തി. ജാതിയും മതവും ചോദിക്കുന്ന കോളം ഉള്‍പ്പെടുത്തിയത് പിഴവാണെന്നും ആ കോളം പൂരിപ്പിക്കണമെന്നില്ലെന്നും അവര്‍ പറയുന്നു. പിഴവ് എത്രയും വേഗം തിരുത്തുമെന്നും ഫാക്കല്‍റ്റി സെല്‍ മേധാവി ഡോ. സഞ്ജയ് ആര്യ വ്യക്തമാക്കി. ഫാക്കല്‍റ്റിയുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതലകള്‍ വഹിക്കുന്നത് ഈ ഫാക്കല്‍റ്റി സെല്ലാണ്.
from mangalam.com http://bit.ly/2CLNfT7
via IFTTT
No comments:
Post a Comment