ലക്‌നൗ: വരുന്ന തെരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചു മത്സരിക്കും. ''മഹാഗദ്ബന്ധന്‍'' എന്നതിന്റെ ഭാഗമായി യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 38 സീറ്റുകള്‍ വീതം പങ്കുവെയ്ക്കും രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിനും നല്‍കുമെന്ന് ഇവര്‍ വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടു സീറ്റുകള്‍ ചെറു പാര്‍ട്ടികള്‍ക്കു നല്‍കുമെന്നും റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിനെതിരേ മത്സരിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഈ സീറ്റുകളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസുമായി ഒരു ധാരണയും ഉണ്ടാക്കില്ലെങ്കിലും സഖ്യത്തിന്റെ പൊതുശത്രു ബിജെപിയാണ്. അവരെ സംസ്ഥാനത്തു നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. കോണ്‍ഗ്രസിന്റെ നയങ്ങളാണ് ഈ സ്ഥിതി വരെ എത്തിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ബിജെപി വന്നാലും ഒരുപോലെയാണ്. തങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന സഖ്യം കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഒരു ഫലവും ഉണ്ടാക്കില്ലെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതേതര പാര്‍ട്ടികളെല്ലാം ഭിന്നത മറന്ന് ബിജെപിയ്‌ക്കെതിരേ ഒന്നിക്കണം. ഈ സഖ്യം പ്രധാനമന്ത്രി മോഡിയുടെയും അമിത്ഷായുടെയും ഉറക്കം കെടുത്തുമെന്നും മായാവതി പറഞ്ഞു. ബിഎസ്പിയെയും എസ്പിയെയും ശത്രുക്കളാക്കിയ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ രാജ്യത്തിന്റെ രക്ഷയ്ക്കായി വീണ്ടും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് മായാവതി നല്‍കിയ മറുപടി. ബിജെപി ജാതീയമായും സാമുദായികമായും സമൂഹത്തെ വെട്ടിമുറിച്ചെന്ന് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
ബിജെപി ഉത്തര്‍പ്രദേശിനെ ജാതിപ്രദേശാക്കി മാറ്റി. വിവിധ വിശ്വാസത്തിലുള്ളവരെ പരസ്പരം സാഹോദര്യത്തില്‍ കൊണ്ടുപോകുന്നതിന് പകരം മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്തത്. ബിജെപിയുടെ ജാതി രാഷ്ട്രീയത്തിനെതിരേയാണ് തങ്ങള്‍ ഒന്നിക്കുന്നത്. ബിജെപിയെ തകര്‍ക്കുകയാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. ബിഎസ്പിയും എസ്പിയും ഒരുമിച്ചാല്‍ ബിജെപിയെ സംസ്ഥാനത്ത് നിന്നു തന്നെ പുറത്താക്കി പൂര്‍ണ്ണമായും ശുദ്ധീകരിക്കും.
ബിഎസ്പി-എസ്പി സഖ്യത്തെ ഭയപ്പെട്ട് ബിജെപി അസഹിഷ്ണുത വളര്‍ത്തും കലാപത്തിന് കോപ്പു കൂട്ടും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ എല്ലാവരും സഹോദരീസഹോദരന്മാരായി ശാന്തമായിരിക്കണമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. മായാവതിയെ പുകഴ്ത്തിയ അഖിലേഷ് മായാവതിയെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന അണികളെ ബോദ്ധ്യപ്പെടുത്തിയതായും പറഞ്ഞു. ഇത് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മാത്രമുള്ള സഖ്യമല്ല. ദളിതുകളും മുസ്‌ളീങ്ങളും മതന്യൂനപക്ഷങ്ങളുമായ സാധാരണക്കാരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കല്‍ കൂടിയാണെന്നാണ് മായാവതി പറഞ്ഞത്.
from mangalam.com http://bit.ly/2QHxP7i
via IFTTT
No comments:
Post a Comment