ബെംഗളൂരു: രാജ്യത്തിന്റെ രണ്ടാമത്തെ ചന്ദ്ര്യപര്യവേഷണ ദൗത്യത്തിൽ ഗവേഷണ പേടകം 45 ദിവസത്തിനുള്ളിൽ ചന്ദ്രനിലെത്തും. ഒരു രാജ്യവും ലക്ഷ്യം വെക്കാത്ത ചന്ദ്രന്റെ സൗത്ത് പോളിലായിരിക്കും ചന്ദ്രയാൻ-2ന്റെ പര്യവേഷണം. ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി ഗവേഷണം നടത്തുന്ന ലാൻഡർ ആൻഡ് റോവറാണ് പ്രത്യേകത. ഏപ്രിൽ പകുതിയോടെ ചന്ദ്രനിൽ ഗവേഷണം നടത്താനുള്ള സജ്ജീകരണവുമായി പേടകം കുതിച്ചുയരും. നേരത്തേ ജനുവരി, ഫെബ്രുവരി മാസത്തിൽ വിക്ഷേപിക്കാനായിരുന്നു ലക്ഷ്യംവെച്ചത്. എന്നാൽ, പേടകത്തിന്റെ ചില സാങ്കേതിക പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് വിക്ഷേപണം നീട്ടിയത്. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറും റോവറും ഇറങ്ങുന്നതിന് അനുയോജ്യമായ സമയത്തായിരിക്കണം വിക്ഷേപണം. വിക്ഷേപണം നടന്ന്35-നും 45-നും ദിവസത്തിനിടയിൽ ഗവേഷണപേടകം ചന്ദ്രനിലെത്തും. ഏപ്രിലിൽ വിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജൂൺ വരെ കാത്തിരിക്കേണ്ടി വരും. ഇതൊഴിവാക്കാൻ ഏപ്രിൽ പകുതിയോടെ വിക്ഷേപിക്കാനുള്ള തീരുമാനത്തിലാണ് ഐ.എസ്.ആർ.ഒ. 2019-ൽ ഐ.എസ്.ആർ.ഒ. നടത്തുന്ന 32 ദൗത്യങ്ങളിലെ പ്രധാനപ്പെട്ടതാണ് ചന്ദ്രയാൻ രണ്ടും ഗഗൻയാനും. ജി.എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ചന്ദ്രയാൻ -രണ്ടിന്റെ ചെലവ് 800 കോടി രൂപയാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡർ സുരക്ഷിതമായി ഇറക്കിയതിന് ശേഷം റോവർ ഗവേഷണത്തിനായി നിയോഗിക്കണം. ആറ് ചക്രമുള്ള റോവർ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഭൂമിയിൽ നിന്ന് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സ്വയം നിയന്ത്രിക്കാനുള്ള ശേഷി റോവറിനുണ്ടാകും. കണ്ടെത്തുന്ന വിവരങ്ങൾ അപ്പപ്പോൾ കമാൻഡിങ് സ്റ്റേഷനിലേക്കയക്കും. ചന്ദ്രനിലെ ഉപരിതലത്തെക്കുറിച്ചും വെള്ളത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ഗവേഷണം നടത്താനുള്ള പേ ലോഡുകൾ 3290 കിലോഗ്രാം ഭാരമുള്ള റോവറിനുണ്ട്. ആറ്ഘട്ടമായി ഭ്രമണപഥം ഉയർത്തിക്കൊണ്ടായിരിക്കും ലാൻഡർ ആൻഡ് റോവറിനെ ചന്ദ്രന്റെ ഉപരിതലത്തിലെത്തിക്കുന്നത്. ചൈന ചന്ദ്രന്റെ ഉപരിതലത്തിൽ പേടകത്തെ ഇറക്കിയത് ഇന്ത്യയുടെ ദൗത്യത്തെ ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. ഇതുവരെ ഒരു രാജ്യവും പേടകത്തെ ഇറക്കാത്ത സ്ഥലത്താണ് ഇന്ത്യയുടെ ലാൻഡർ ഇറങ്ങുന്നത്. ചന്ദ്രന്റെ സൗത്ത് പോളിലായിരിക്കും ഗവേഷണം. ഇവിടെനിന്ന് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരും കടന്നുചെല്ലാത്ത സ്ഥലത്തെ ഗവേഷണത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു കണ്ടെത്തൽ നടത്താൻ കഴിഞ്ഞാൽ രാജ്യത്തിന് ചരിത്രം കുറിക്കാൻ കഴിയും. ഗഗൻയാൻ 2021 ൽ; നേതൃത്വം മലയാളികൾക്ക് ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്നപദ്ധതി ഗഗൻയാൻ 2021 ഡിസംബറിൽ സാക്ഷാത്കരിക്കും. മൂന്നുപേരെ ബഹിരാകാശത്ത് എത്തിക്കുന്നതാണ് പദ്ധതിയെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. കോട്ടയം കോതനല്ലൂർ സ്വദേശി ഡോ. ഉണ്ണികൃഷ്ണൻ നായർക്കാണ് ദൗത്യത്തിന്റെ ചുമതല. ഗഗൻയാനുവേണ്ടി രൂപവത്കരിച്ച ഹ്യൂമൻ സ്പേസ്ഫ്ളൈറ്റ് സെന്റർ (എച്ച്.എസ്.സി) ഡയറക്ടറായി ഉണ്ണികൃഷ്ണൻ നായരെയും പ്രോജക്ട് ഡയറക്ടറായി ആലപ്പുഴ സ്വദേശി ആർ. ഹട്ടനെയും നിയമിച്ചു. തിരുവനന്തപുരം വി.എസ്.എസ്.സി. മിഷൻ ഡയറക്ടറാണ് ഉണ്ണികൃഷ്ണൻ നായർ. ഹട്ടൻ പി.എസ്.എൽ.വി.യുടെ വെഹിക്കിൾ ഡയറക്ടറും. ഗഗൻയാൻ, ചന്ദ്രയാൻ -2 ദൗത്യങ്ങൾക്ക് ജി. എസ്.എൽ.വി. മാർക്ക് മൂന്ന് റോക്കറ്റാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -2 മാർച്ച് 25-നും ഏപ്രിൽ അവസാനത്തിനുമിടയിൽ വിക്ഷേപിക്കാനാണ് തയ്യാറെടുക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ പേടകമിറക്കിയുള്ള ഗവേഷണമാണ് ചന്ദ്രയാൻ -2 ലക്ഷ്യം വെക്കുന്നത്. നേരത്തേ ജനവരി, ഫെബ്രുവരി മാസത്തിൽ വിക്ഷേപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. 30,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗഗൻയാൻ ദൗത്യത്തിനായി ഇതിനകം 10,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ദൗത്യത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ഡിസംബറിലും 2021 ജൂലായിലും ഇത്തരത്തിലുള്ള രണ്ട് ദൗത്യങ്ങൾ പൂർത്തിയാക്കും. തുടർന്നായിരിക്കും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം നടപ്പാക്കുക. ഇതിന്റെ ആദ്യഘട്ട പരിശീലനം ഇന്ത്യയിലും രണ്ടാം ഘട്ടം റഷ്യയിലും നടക്കും. മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സ്ത്രീകൾക്കും ദൗത്യത്തിൽ പങ്കാളിയാവാം. മൂന്നുപേർക്ക് ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുന്നതിനുള്ള ശേഷിയാണ് പേടകത്തിലൊരുക്കുന്നത്. ദൗത്യം നടപ്പാക്കുന്നതിനുമുമ്പ് സാങ്കേതിക പരീക്ഷണങ്ങളിൽ ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. content highlights:ISRO set to launch Chandrayaan-2 in March-April
from mathrubhumi.latestnews.rssfeed http://bit.ly/2TJNl4p
via
IFTTT
No comments:
Post a Comment