സിഡ്നി: ഓസീസിനെതിരേ അവരുടെ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 2011-ലെ ഏകദിന ലോകകപ്പ് കിരീടം നേടിയതിനേക്കാൾ വലിയ നേട്ടമാണ് ഇന്ത്യ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നതെന്നും കോലി കൂട്ടിച്ചേർത്തു. ലോകകപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നപ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. അന്ന് ടീമിലെ സീനിയർ താരങ്ങൾ പലരും വികാരഭരിതരാകുന്നത് ഞാൻ നേരിട്ട് കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്, കോലി പറഞ്ഞു. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലായിരുന്നു കോലിയുടെ വാക്കുകൾ. ഒരു ടീമെന്ന നിലയിൽ ഈ വിജയം ഇന്ത്യൻ ടീമിന് പുതിയൊരു മുഖം നൽകുമെന്നും കോലി ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഒരു ഏഷ്യൻ ടീം ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇതോടെ ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോഡും കോലി സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നായകനുമാണ് കോലി. ഈ ടീമിനെ ഓർത്ത് അഭിമാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. യുവതാരങ്ങൾ ഏറെയുള്ള ഈ ടീമിൽ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം. പ്രതിഭകളടങ്ങിയ ഈ ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. ടീമെന്ന നിലയിൽ ഞങ്ങൾ സ്വയം വിശ്വസിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും കാര്യങ്ങൾ ശരിയായ ദിശയിലാണെന്ന ബോധമുണ്ടായിരുന്നു. അതാണ് ഇന്നിവിടെ പൂർത്തീകരിച്ചതെന്നും കോലി വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിനെ ഒരുപാട് ദൂരം മുന്നോട്ട് നയിക്കാൻ കഴിവുള്ളവരുടേതാണ് ഈ ടീമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ 31 റൺസിന് വിജയിച്ചിരുന്നു. പെർത്തിലെ രണ്ടാം ടെസ്റ്റിൽ ഓസീസ് ഇന്ത്യയെ 146 റൺസിന് പരാജയപ്പെടുത്തി. പിന്നാലെ മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിൽ 137 റൺസ് ജയത്തോടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിന് മോശം കാലാവസ്ഥ തടസമാകുകയായിരുന്നു. കപിൽ ദേവ്, സുനിൽ ഗവാസ്ക്കർ, സൗരവ് ഗാംഗുലി, എം.എസ് ധോനി എന്നീ ഇതിഹാസ നായകൻമാർക്ക് സാധിക്കാത്ത നേട്ടമാണ് കോലിക്ക് സ്വന്തമായിരിക്കുന്നത്. Content Highlights: this is my biggest achievement virat kohli
from mathrubhumi.latestnews.rssfeed http://bit.ly/2F8BlXf
via
IFTTT
No comments:
Post a Comment