തിരുവനന്തപുരം: വനിതാ മതിൽ സർക്കാർ പരിപാടിയല്ലെന്നും സർക്കാരിന്റെ പിന്തണയോടെ വിവിധ സംഘടനകൾ നടത്തുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വനിതാ മതിലുമായി ബന്ധപ്പെട്ട് എൻഎസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വനിതാ മതിലിന് സർക്കാർ പിന്തുണ നൽകുക മാത്രമേ ചെയ്യുന്നുള്ളൂ. സർക്കാരിന്റെ പണം ഇല്ലാതെതന്നെ പരിപാടി നടത്താൻ കഴിയുന്ന സംഘടനകളാണ് വനിതാ മതിലിനു പിന്നിലുള്ളത്. സർക്കാരിന്റെ യാതൊരുവിധ സാമ്പത്തിക സഹായങ്ങളും മതിലിനില്ല. മതിലിന് മറ്റുതരത്തിലുള്ള പിന്തുണ നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. വനിതാ മതിലിൽ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. സ്വയം ബോധ്യമുള്ള വനിതകൾമാത്രം പങ്കെടുത്താൽ മതിയെന്നും കോടിയേരി പറഞ്ഞു. മന്നത്തു പത്മനാഭൻ യാഥാസ്ഥിതികതകൾക്കെതിരെ പോരാടിയ നവോത്ഥാന നേതാവാണ്. പിന്നീട് എൻഎസ്എസിന്റെനേതൃത്വത്തിൽ വന്ന പലരും മന്നത്തിന്റെ നവോത്ഥാന നിലപാടുകൾ പിൻതുടർന്നില്ല. വനിതാ മതിലിൽ പങ്കെടുക്കുന്നവരെ എൻഎസ്എസിൽനിന്ന് പുറത്താക്കും എന്ന എൻഎസ്എസിന്റെ നിലപാട് ശരിയല്ല. അത് സമദൂര നയത്തിന് വിരുദ്ധമാണ്. ആ നിലപാട് തിരുത്തും എന്നാണ് കരുതുന്നത്. സംഘടന എന്ന നിലയിൽ എൻഎസ്എസിനോട് ശത്രുതാപരമായ നിലപാടില്ലെന്നും അവരുമായി ചർച്ചകൾ നടത്തുന്നതിന്മടിയില്ലെന്നും കോടിയേരി പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങൾ സ്ത്രീകൾ മാത്രമല്ല ഉന്നയിക്കേണ്ടത്. അതുകൊണ്ട് സ്ത്രീസമത്വത്തിനുള്ള പോരാട്ടം സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചാണ് ഏറ്റെടുക്കുന്നത്. മതിലിൽ സ്ത്രീകൾ മാത്രമായിരിക്കും പങ്കെടുക്കുക. എന്നാൽ സ്ത്രീകളെപങ്കെടുപ്പിക്കാൻ പുരുഷൻമാർ രംഗത്തുണ്ടാകും. ഇടതു വശത്ത് സ്ത്രീകൾക്കും വലതു വശത്ത് പുരുഷൻമാർക്കും നിൽക്കാം. കേരളത്തിൽ ചില ഇടങ്ങളിൽ മാത്രം വനിതാ മതിലിന് പിൻതുണ നൽകിക്കൊണ്ട് പുരുഷൻമാരും മതിൽ തീർക്കുമെന്നും കോടിയേരി വ്യക്തമാക്കി. മൂന്നു മണിയോടെ നിശ്ചിത കേന്ദ്രങ്ങളിൽ സ്ത്രീകൾ എത്തിച്ചേരാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നരയ്ക്ക് റിഹേഴ്സൽ ആരംഭിക്കും. നാലു മണിക്ക് പ്രതിജ്ഞ ചൊല്ലി വനിതകൾ മതിൽ തീർക്കും. നാലേ കാലോടെ മതിൽ സമാപിക്കും. മതന്യൂനപക്ഷ വിഭാഗങ്ങൾ മതിലിന് പിന്തുണയുമായി രംഗത്തുവരുമെന്നും കോടിയേരി പറഞ്ഞു. യുവതികൾ ശബരിമലയിൽ വരാൻ പാടില്ല എന്ന തരത്തിൽ ദേവസ്വം മന്ത്രിയുടെയും പ്രസിഡന്റിന്റെയും അഭിപ്രായപ്രകടനം ഇത്തരം സന്ദർഭങ്ങളിൽ പ്രകടിപ്പിക്കേണ്ടതല്ല. പാർട്ടി അത് അംഗീകരിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. വേണമെന്നു വിചാരിച്ചിരുന്നെങ്കിൽ എല്ലാ ദിവസവും സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ കഴിയുന്ന പ്രസ്ഥാനമാണ് സിപിഎം. എന്നാൽ അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സുപ്രീം കോടതിയുടെ വിധി നടപ്പാക്കുക എന്നതു മാത്രമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Kodiyeri Balakrishnan, Women Wall, Sabarimala Women Entry, CPM
from mathrubhumi.latestnews.rssfeed http://bit.ly/2GNU2Ry
via
IFTTT
No comments:
Post a Comment