ന്യൂഡൽഹി:ദുബായി സർക്കാർ ഇന്ത്യയ്ക്ക് കൈമാറിയ അഗസ്ത വെസ്റ്റ്ലൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റർ ഇടപാടുകേസിലെ മുഖ്യ ഇടനിലക്കാരൻ ബ്രിട്ടീഷ് പൗരൻ ക്രിസ്റ്റ്യൻ മിഷേലിനെ ചൊവ്വാഴ്ച അർധരാത്രിയോടെ ഡൽഹിയിലെത്തിച്ചു. ചൊവ്വാഴ്ചയാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്ന നടപടികൾ ദുബായിൽ പൂർത്തിയായത്. മിഷേലിനെ കൈമാറണമെന്ന് ദുബായ് സർക്കാരിനോട് ഇന്ത്യ നിരന്തരമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. ബുധനാഴ്ച പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. മിഷേലിനെതിരേ കോടതി നേരത്തേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചോദ്യംചെയ്യാനായി ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. കോടതിയിൽ ആവശ്യപ്പെടും. ഇന്ത്യൻ ജയിലുകളിലെ മോശമായ അവസ്ഥ തന്നെ ഭയപ്പെടുത്തുന്നുവെന്നുകാട്ടി കൈമാറ്റം തടയാൻ മിഷേൽ ശ്രമം നടത്തിയിരുന്നു. ഇന്ത്യയിൽ മനുഷ്യത്വരഹിതമായ പീഡനങ്ങൾക്ക് തന്നെ വിധേയമാക്കുമെന്ന് ഭയമുണ്ടെന്നും മിഷേൽ അറിയിച്ചെങ്കിലും ഇത് ദുബായ് കോടതി തള്ളി. മിഷേൽ സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ ദുബായ് സർക്കാരിന്റെ ഔദ്യോഗിക ഉത്തരവിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു. 2017 സെപ്റ്റംബറിലാണ് വ്യോമസേനാ മുൻമേധാവി എസ്.പി. ത്യാഗിയും റിട്ട. എയർമാർഷൽ ജെ.എസ്. ഗുജ്റാളും അടക്കമുള്ളവർ പ്രതിയായ അഴിമതിക്കേസിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിലുൾപ്പെട്ട വിദേശരാജ്യങ്ങളിൽനിന്നുള്ള മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് മിഷേൽ. ഗുയ്ഡോ ഹസ്ച്കേ, കാർലോ ജെറോസാ എന്നിവരാണ് മറ്റുരണ്ടുപേർ. 2010 ഫെബ്രുവരി എട്ടിന് ഒപ്പുവെച്ച കരാറിൽ ഇന്ത്യൻ സർക്കാരിന് ഏകദേശം 2666 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ത്യാഗി വ്യോമസേനാ മേധാവിയായിരിക്കേ അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ വാങ്ങാൻ മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയെന്നാണ് ആരോപണം. ഇതിനായി 300 കോടി രൂപ ത്യാഗി കോഴ വാങ്ങിയെന്നും കുറ്റപ്പത്രത്തിൽ പറയുന്നു. 6000 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഹെലികോപ്റ്ററുകൾ വേണമെന്ന ആദ്യ നിബന്ധന മാറ്റി 4500 മീറ്ററായി ചുരുക്കിയത് ത്യാഗിയുടെ നിർദേശപ്രകാരമാണ്. ഈ ഇളവുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇന്ത്യയുമായി കരാറിലേർപ്പെടാൻ യോഗ്യത നേടില്ലായിരുന്നെന്നാണ് സി.ബി.ഐ.യുടെ ആരോപണം. ബ്രിട്ടീഷ് വ്യവസായി, ആയുധ വിൽപ്പനയിൽ ഇടനിലക്കാരൻ അഗസ്ത വെസ്റ്റ്ലൻഡ് അഴിമതിയാരോപണം ഉയരുമ്പോൾ ഇന്ത്യൻ പ്രതിരോധമേഖലയിൽ സജീവമായിരുന്ന വ്യക്തിയാണ് ക്രിസ്റ്റ്യൻ മിഷേൽ ജെയിംസ് എന്ന ബ്രിട്ടീഷ് വ്യവസായി. ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ സ്വാധീനിക്കാനാണ് അഗസ്ത വെസ്റ്റ്ലൻഡ് മിഷേലിനെ നിയോഗിച്ചതെന്നാണ് ആരോപണം. ഹെലികോപ്റ്റർ കരാർ സ്വന്തമാക്കുന്നതിന് പലരെയും കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ച മൂന്ന് ഇടനിലക്കാരിൽ ഒരാളാണ് മിഷേൽ. 2017 ഫെബ്രുവരിയിൽ മിഷേലിനെ യു.എ.ഇ. അധികൃതർ അറസ്റ്റ് ചെയ്തു. അന്നുമുതൽ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ നടക്കുകയാണ്. അറസ്റ്റിനുപിന്നാലെ മിഷേൽ യു.എ.ഇ.യിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. അതേസമയം, മിഷേലിനെ രക്ഷപ്പെടാൻ സഹായിക്കാമെന്നും പകരമായി കോൺഗ്രസ് മുൻ ദേശീയാധ്യക്ഷൻ സോണിയാ ഗാന്ധിയുടെ മേൽ ആരോപണം നടത്തിക്കൊണ്ടുള്ള കുറ്റസമ്മത പ്രസ്താവനയിൽ ഒപ്പുവെയ്ക്കണമെന്നും ഇന്ത്യൻ ഏജൻസികൾ നിർബന്ധിച്ചതായി മിഷേലിന്റെ അഭിഭാഷകൻ 2018 ജൂലായിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ദുബായിൽ മിഷേലിനെ ചോദ്യംചെയ്തെന്ന ആരോപണം സി.ബി.ഐ. തള്ളി. content highlights:Christian James Michel Extradited to India, Lands in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2zGwMPA
via
IFTTT
No comments:
Post a Comment