പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബി.ജെ.പി. യുടെ സമരപ്പന്തലിലെ സജീവ സാന്നിധ്യമായിരുന്ന നേതാക്കള്‍ രാജിവച്ച് സി.പി.എമ്മിലേക്ക് ചേക്കേറുന്ന വാര്‍ത്തയില്‍ ബിജെപിയുടെ വിശദീകരണ കുറിപ്പുകള്‍ പാളുന്നു. പാര്‍ട്ടിവിട്ടവത് ഒരു വര്‍ഷം മുമ്പ് തന്നെ പുറത്താക്കപ്പെട്ടവരാണെന്ന ബിജെപി നേതാക്കളുടെ വിശദീകരണം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളുമായി പാര്‍ട്ടിക്കാരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയില്‍ ജനാധിപത്യം ഇല്ലെന്ന് വാദിച്ച് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച സിബി സാം തോട്ടത്തില്‍, ബിജെപി സംസ്ഥാന സമിതിയംഗ സ്ഥാനം രാജിവെച്ച വെള്ളനാട് എസ് കൃഷ്ണകുമാര്‍ എന്നിവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
എന്നാല്‍ സാമിനെ ഒരു കൊല്ലം മുമ്പ് പുറത്താക്കിയതാണെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ രണ്ടു വര്‍ഷം മുമ്പേ തന്നെ പുറത്താക്കി എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതികരണം നടത്തിയത് യുവമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കലാണ്. എന്നാല്‍ മറ്റുപാര്‍ട്ടികളിലേക്ക് പോവുകയോ ഏതെങ്കിലും കേസില്‍ കുടുങ്ങുകയോ ചെയ്യുന്നവര്‍ പണ്ടുമുതല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തവരാണെന്ന് പറയുന്നത് ബിജെപിയുടെ സ്ഥിരം രീതിയാണെന്നാണ് ലസിതയ്ക്കും അശോകനും കിട്ടിയ വിമര്‍ശനം. സാമും കൃഷ്ണകുമാറുമെല്ലാം അടുത്ത കാലം വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്നതായും തെളിയിക്കുന്ന അനേകം കാര്യങ്ങള്‍ പുറത്തു വിടുകയും ചെയ്തു.
മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമല പ്രവേശനത്തിനായി തൃപ്തി എത്തിയ തൃപ്തിദേശായിയെ തിരിച്ചയയ്ക്കാന്‍ സാം നടത്തിയ ഇടപെടലുകളെ അഭിനന്ദിക്കുന്ന കുറിപ്പുകളുടെ സ്‌ക്രീന്‍ഷോട്ട് വരെ എടുത്താണ് ഇട്ടിരിക്കുന്നത്. അതിന് മുമ്പ് ജൂണില്‍ സാം പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്റിലെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് വീണാജോര്‍ജ്ജിനെതിരേ ഇട്ട പോസ്റ്റുകളും വള്ളമിറക്കി യുവമോര്‍ച്ച നടത്തിയ പ്രതിഷേധങ്ങളുടെ പത്ര കട്ടിംഗുമെല്ലാം ബിജെപി നേതാക്കളുടെ ആരോപണം തെറ്റും വ്യാജവുമാണെന്ന് തെളിയിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
ന്യൂനപക്ഷ- ദലിത് സമുദായങ്ങളെ ഇല്ലാതാക്കാനുള്ള ബി.ജെ.പി നയങ്ങളില്‍ പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞാണ് സിബി സാം തോട്ടത്തില്‍ രാജിവച്ചത്. സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നും സിബി പറഞ്ഞു. ഇതിന് പിന്നാലെയാണ് സിബിയെ പണ്ടേ പുറത്താക്കിയതാണെന്ന രീതിയില്‍ പ്രചരണം ആരംഭിച്ചത്്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, തൊളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി. സുകുമാരന്‍ എന്നിവരടക്കമുള്ള പ്രവര്‍ത്തകരാണു തിരുവനന്തപുരത്ത് ബി.ജെ.പി. വിട്ടത്.
ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാരം നടത്തുന്ന സമരപ്പന്തലില്‍ ഇവര്‍ സജീവമായിരുന്നു. ബി.ജെ.പിയില്‍നിന്ന് രാജി വയ്ക്കുകയാണെന്നും ബി.ജെ.പിയില്‍ ജനാധിപത്യത്തിന്റെ കണിക പോലും കാണാനില്ലെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിന്റെ അജന്‍ഡകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമരപരിപാടികളാണ് ഇപ്പോള്‍ ബി.ജെ.പി. നേതൃത്വം ആഹ്വാനം ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു. വിശ്വാസികളെയും അവിശ്വാസികളെയും വേര്‍തിരിച്ച് സമൂഹത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയും അതില്‍ എണ്ണയൊഴിക്കുന്ന നടപടികളും എടുക്കുന്നു. സമാധാനം സൃഷ്ടിക്കുന്നതിനുളള ഇടപെടലുകള്‍ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. അല്‍ഫോണ്‍സ് കണ്ണന്താനം പോലെയുള്ള നേതാക്കളെപോലും അടുപ്പിക്കാനോ സംസാരിക്കാനോ നേതാക്കള്‍ തയ്യാറാകുന്നില്ല.
ബിജെപിയുടെ സമരപന്തലില്‍ നിന്നും കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും വിമുക്തി നേടി മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ബദല്‍ നയങ്ങളിലൂടെ സഹായിക്കാനുമുള്ള രാഷ്ട്രീയമാണ് പ്രസക്തമെന്നും അതുകൊണ്ടാണ് സിപിഎമ്മിന്റെ ഭാഗമാകുന്നതെന്നുമാണ് ബിജെപി വിട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയതില്‍ നേതൃത്വത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിയിലുള്ളവര്‍ തന്നെ നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കുന്ന സാഹചര്യം സംജാതമായിരുന്നു. ഇതിന് ശേഷമാണ് ഇവരെല്ലാം സിപിഎമ്മിലേക്ക് ചേക്കേറിയത്.
from mangalam.com http://bit.ly/2EMIcFs
via IFTTT
No comments:
Post a Comment