ബെംഗളൂരു/കൊച്ചി: പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിൽ പോകുന്ന മലയാളി വിദ്യാർഥികൾക്കിടയിലും ലഹരി ഉപയോഗം ആശങ്കയുയർത്തും വിധം വർധിക്കുന്നതായാണ് മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ വെളിപ്പെടുന്നത്. ചെറിയ തോതിലുള്ള ലഹരി ഉപയോഗത്തിൽ തുടങ്ങി പിന്നീട് മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാക്കപ്പെടുകയാണ് നമ്മുടെ കൗമാരം. ബെംഗളൂരുവിൽ പഠനത്തിനെത്തി ഒരു മാസത്തിനകം തന്നെ ലഹരിയക്കടിമയായെന്ന് പിന്നീട് ലഹരി വിമുക്തി കേന്ദ്രത്തിലെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്ന വിദ്യാർഥി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഘട്ടംഘട്ടമായി പലതരം ലഹരിവസ്തുക്കൾ നൽകി ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളതെന്നും വിദ്യാർഥി പറയുന്നു. മദ്യം, സിഗരറ്റ് തുടങ്ങിയ ലഹരി വസ്തുക്കളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം കൂടുതൽ ലഹരിയ്ക്കായി മയക്കുമരുന്നിലേക്ക് മാറുകയായിരുന്നു. എൽഎസ്ഡി, മഷ്രൂം തുടങ്ങിയവയായിരുന്നു പിന്നീട് ഉപയോഗിച്ചിരുന്നത്. തുടർന്ന് മാനസിക വിഭ്രാന്തിയുള്ളവർക്ക് കൊടുക്കുന്ന ടാബ്ലെറ്റായി. അത് ഉപയോഗിച്ചു തുടങ്ങിയതോടെ നമ്മുടെ സ്വഭാവം തന്നെ മാറുന്ന അവസ്ഥയിലേക്കെത്തി. പിന്നീട് ജീവിക്കുന്നതു തന്നെ ലഹരി ഉപയോഗിക്കുന്നതിനു വേണ്ടിയായി. അതിനായി എന്തും ചെയ്യുമെന്ന അവസ്ഥയായി -വിദ്യാർഥി വെളിപ്പെടുത്തുന്നു. ചെന്നൈ, ബെംഗളൂരു, സേലം, ഈറോഡ് എന്നീ നഗരങ്ങളിലെ പ്രൊഫഷണൽ കോളേജുകളിൽ ചേരുന്നവരെയാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ടെക്കികളും എൻജിനീയറിങ് വിദ്യാർഥികളും ഉൾപ്പെടുന്ന കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരുവിലാണ്. കഴിഞ്ഞ ഡിസംബർ 22ന് മയക്കുമരുന്ന് വിൽപന നടത്തിയതിന്റെ പേരിൽ 12 മലയാളി വിദ്യാർഥികളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തത്. ഇവരിൽ പലരും മയക്കുമരുന്നിന് അടിമകളാണെന്ന് രക്ഷിതാക്കൾ അറിയുന്നത് ഇവർ അറസ്റ്റിലാകുമ്പോൾ മാത്രമാണെന്ന് വിദ്യാർഥികളുടെ ബെംഗളൂരുവിലെ അഭിഭാഷകൻ അഡ്വ. ഷിജി മലയിൽ പറയുന്നു. പുതുതായി എത്തുന്ന വിദ്യാർഥികളെ ആദ്യം മയക്കുമരുന്ന് നൽകിയും പാർട്ടികളിലേക്ക് ക്ഷണിച്ചും സംഘത്തിന്റെ ഭാഗമാക്കിയ ശേഷം മയക്കുമരുന്ന് വിൽപനയ്ക്കുള്ള കണ്ണികളാക്കി മാറ്റുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐടി, ഐഐഎംഎം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളായുണ്ട്. കൃത്യമായി സംഘടിപ്പിക്കപ്പെട്ട ഒരു സിൻഡിക്കേറ്റ് തന്നെയാണിത്. ഒരുതവണ പെട്ടുപോയവർക്ക് തിരിച്ചുവരാൻ ഒരു നിർവാഹവുമില്ല എന്നതാണ് യാഥാർഥ്യം. വളരെ ചെറുപ്രായത്തിൽ തന്നെ അവരുടെ ജീവിതവും കരിയറുമെല്ലാം ഇല്ലാതാകുന്നു. നേരത്തേ മയക്കുമരുന്ന് ലഭ്യത കുറവായിരുന്നെങ്കിൽ ഇപ്പോൾ വിദേശരാജ്യങ്ങളിൽ നിന്നും മറ്റുമുള്ള ധാരാളം വിദ്യാർഥികൾ ഇങ്ങോട്ട് എത്തിയതോടെ സിന്തറ്റിക് ഡ്രഗുകളുടെ ലഭ്യത കൂടി. അവയുടെ വിൽപനയ്ക്കായി ഒരു സമാന്തര ലോകം തന്നെയുണ്ട്. അതിലെല്ലാം മലയാളി വിദ്യാർഥികളും പെടുകയാണ് -അഡ്വ. ഷിജി മലയിൽ പറഞ്ഞു. പിടിയിലായ വിദ്യാർഥികളിൽ ഭൂരിഭാഗം പേരെയും രക്ഷിതാക്കൾ ടിസി വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. ചിലരെ ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് ചികിത്സയ്ക്കായി എത്തിച്ചിരിക്കുന്നു. എങ്കിലും, ആയിരക്കണക്കിനു വിദ്യാർഥിക ഇപ്പോഴും ലഹരിയിൽ കുരുങ്ങിക്കിടക്കുന്നു എന്നതാണ് വാസ്തവം. നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലായ പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് കേസിൽ വിദ്യാർഥികളും ടെക്കികളും ഉൾപ്പെടെ എട്ടു മലയാളികൾ തടവുശിക്ഷ അനുഭവിക്കുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥൻ മാരഗൗഡ പറയുന്നു. കേസുകളിൽ പെട്ടവരും അന്വേഷണം നേരിടുന്നവരും ഇതിലുമേറെ. ലഹരിവിൽപനയ്ക്ക് മലയാളി യുവ എൻജിനീയറും ബെംഗളൂരുവിൽ സ്വദേശികളായ വിദ്യാർഥികൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നതിലും മലയാളികൾക്ക് കയ്യുണ്ട്. ഇവിടെ ജോലി ചെയ്യുന്ന മലയാളി എൻജിനീയർമാർ വരെ മയക്കുമരുന്ന്-കഞ്ചാവ് മാഫിയകളുടെ കണ്ണികളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മാസം കഞ്ചാവുമായി ബെംഗളൂരു ക്രൈസ്റ്റ് കോളേജിലെ കർണാടക സ്വദേശികളായ പത്തു വിദ്യാർഥികളെ പിടികൂടിയിരുന്നു. ഇതിന്റെ ഉറവിടം തേടിയ പോലീസ് ചെന്നെത്തിയത് കോറമംഗലയിലെ മലയാളി യുവ എൻജിനീയറുടെ ഫ്ലാറ്റിലായിരുന്നു. ഇവിടെ നടത്തിയ റെയ്ഡിൽ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള വലിയ ലഹരി ശേഖരമാണ് കണ്ടെത്തിയത്. ഇയാളും ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലുണ്ട്. (തുടരും) Content Higghlights: Malayali Students in other States traped by drugs mafia mathrubhumi news investigation
from mathrubhumi.latestnews.rssfeed https://ift.tt/2CoyvdP
via
IFTTT
No comments:
Post a Comment