ഭുവനേശ്വർ: ഐ ലീഗ് ഫുട്ബോളിൽ ഇന്ത്യൻ ആരോസിനെതിരേ കളിക്കാനിറങ്ങുമ്പോൾ ഗോകുലം കേരള എഫ്.സി. ലക്ഷ്യമിടുന്നത് വിജയം മാത്രം. അവസാനം കളിച്ച മൂന്നു മത്സരങ്ങളിൽ ജയിക്കാൻ കഴിയാതിരുന്ന ടീമിന് മുന്നോട്ടുപോകണമെങ്കിൽ ജയം അനിവാര്യമാണ്. കലിംഗ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കിക്കോഫ്. അവസാനകളിയിൽ റിയൽ കശ്മീരുമായി സമനിലയിൽ പിരിഞ്ഞാണ് ഗോകുലം എവേ മത്സരത്തിനെത്തുന്നത്. ഇന്ത്യൻ യുവനിരയായ ആരോസാകട്ടെ ഐസോൾ എഫ്.സി.യെ തളച്ചാണ് കളിക്കാനിറങ്ങുന്നത്. എട്ട് കളിയിൽനിന്ന് 10 പോയന്റുള്ള ഗോകുലം ലീഗിൽ എട്ടാം സ്ഥാനത്തും ഏഴ് കളിയിൽനിന്ന് നാലുപോയന്റുള്ള ഇന്ത്യൻ ആരോസ് പത്താം സ്ഥാനത്തുമാണ്. ടീമിലേക്ക് പുതുതായെത്തിയ നൈജീരിയൻ താരം ജോയൽ സൺഡേയും ഘാനക്കാരൻ ക്രിസ്റ്റിയൻ സബയും മുന്നേറ്റത്തിൽ ഒത്തിണക്കം കാണിക്കുന്നത് ഗോകുലത്തിന് ആത്മവിശ്വാസം പകരുന്നു. അർജുൻ ജയരാജും മുഹമ്മദ് റാഷിദും ഗുയ്ലെർമെ കാസ്ട്രോയും അടങ്ങുന്ന മധ്യനിര ഫോമിലേക്കുയർന്നാൽ കാര്യങ്ങൾ എളുപ്പമാകും. കളിയുടെ തുടക്കത്തിൽ പ്രതിരോധത്തിൽവരുന്ന വീഴ്ചകളാണ് പലമത്സരങ്ങളിലും ടീമിന് തിരിച്ചടിയായത്. മറുവശത്ത് ഇന്ത്യൻ ആരോസ് മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്ട്രൈക്കർമാരില്ലാത്തതാണ് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മലയാളി താരം കെ.പി. രാഹുൽ ടീമിൽ കളിക്കുന്നുണ്ട്. Content Highlights: I League 2018 Gokulam FC vs Indian Arrows Preview
from mathrubhumi.latestnews.rssfeed http://bit.ly/2A9osrL
via
IFTTT
No comments:
Post a Comment