ന്യൂഡല്‍ഹി: പുതിയ സി.ബി.ഐ മേധാവിയായി പരിഗണിക്കുന്നവരില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും. പുതിയ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ 17 ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയില്‍ ബെഹ്‌റയും ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ 34 ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയത്. ഇതില്‍ നിന്നുള്ള ചുരുക്കപ്പട്ടികയിലാണ് ബെഹ്‌റ ഉള്‍പ്പെട്ടിരിക്കുന്നത്.
ബെഹ്‌റ ഉള്‍പ്പെടെ 1984, 85, 86 വര്‍ഷങ്ങളിലെ ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ദേശീയ അന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അന്വേഷണ മികവാണ് ബെഹ്‌റയെ പരിഗണിക്കാന്‍ കാരണം. ബെഹ്‌റയുടെ ബാച്ചുകാരനായ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്ക്, നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ മേധാവിയായ വൈ.സി മോഡിയും പട്ടികയിലുണ്ട്.
ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോരിനെത്തുടര്‍ന്ന് സി.ബി.ഐയ്ക്ക് ഇപ്പോള്‍ മേധാവിയില്ലാത്ത അവസ്ഥയാണ്. രാകേഷ് അസ്താനയുടെ കാലാവധി ഈ വര്‍ഷം ഫെബ്രുവരിയില്‍ അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് പുതിയ മേധാവിയെ തിരയുന്നത്.
കേരളത്തില്‍ നിന്ന് ബെഹ്‌റയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും കേന്ദ്ര ഡെപ്യൂട്ടനിലേക്ക് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരേയും കേന്ദ്രസര്‍ക്കാര്‍ ഉന്നത പദവികളിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുവരും മടങ്ങിപ്പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നത്.
from mangalam.com http://bit.ly/2Tmez17
via IFTTT
No comments:
Post a Comment