പുതിയ ദേശങ്ങളിലെ കാഴ്ചയും മനുഷ്യരുമല്ല മറിച്ച് അതി ജീവനമാണ് മലയാളിയെ പ്രവാസിയാക്കിയത്. യാത്ര പുറപ്പെടുമ്പോൾ കൂടെ കൊണ്ടു പോകുന്ന ചൂരും ചൂടും മണ്ണും മുറുകെ പിടിക്കുന്ന മലയാളിയുടെ മനസിനെ ഒരു സാംസ്കാരിക അധിനിവേശവും കാര്യമായി പിടികൂടാറുമില്ല. ഭക്ഷണ രീതികളിലും പെരുമാറ്റത്തിലുമൊക്കെ സംഭവിക്കുന്ന ചെറിയ ചെറിയ മാറ്റങ്ങൾക്ക് അപ്പുറത്തേക്ക് ഇത് കടന്നു പോകാറില്ല. അതിജീവനത്തിനായുളള യാത്രകൾ സ്വാഭാവികമായും സാഹസികവുമായിരിക്കും. ഈ സാഹസികതയാണ് ഫുജൈറക്ക് സമീപമുള്ള ഖൊർഫുക്കാൻ തീരത്ത് ഗൾഫ് പ്രവാസത്തിന്റെ ആദ്യ കൊടി നാട്ടിയ അജ്ഞാതനായ മലയാളിയെയും നയിച്ചിരിക്കുക. അര നൂറ്റാണ്ടിനിപ്പുറം ഗൾഫ് പ്രവാസത്തിന്റെ കൊടി അടയാളങ്ങൾ പതുക്കെ മങ്ങുകയാണ്. പുതിയ കുടിയേറ്റ ഭൂമിക കണ്ടെത്തി അതിജീവനത്തിന്റെ പ്രയാണം മലയാളിക്ക് തുടരേണ്ടതുണ്ട്. അതിനുള്ള ഊർജം മലയാളിക്ക് ആരിൽ നിന്നും കടമെടുക്കേണ്ടതില്ല. അത് അവന്റെ പാരമ്പര്യത്തിന്റെ സിരകളിലുണ്ട്. കൊളംബോയിലും (ശ്രീലങ്ക) മലേഷ്യയിലും ബർമയിലും പിന്നീട് മധ്യ പൗരസ്ത്യ ദേശത്തും നാട്ടിയ പ്രവാസത്തിന്റെ കൊടിയുമായി പുതിയ കാലത്തിന്റെ സാങ്കേതിക തികവു കൂടി ഉൾ കൊണ്ട് മലയാളി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നീങ്ങുകയാണ് ഇപ്പോൾ. ദക്ഷിണാഫ്രിക്കയാണ് മലയാളിയെ മാടി വിളിക്കുന്ന പുതിയ പ്രവാസ ഭൂമി. ദക്ഷിണാഫ്രിക്കക്ക് പരദേശികളെ കൊണ്ടും തള്ളിയും പരിചയമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മഹാത്മാഗാന്ധിയുടെ മടങ്ങി വരവിന്റെ സ്മരാണാർഥം പ്രവാസി ഭാരതിയ ദിവസ് നടത്തുന്നവരാണ് ഇന്ത്യക്കാർ. ഈ പ്രവാസി ഭാരതിയ ദിവസിൽ സാധാരണ ഗൾഫ് പ്രവാസികൾ പൊതുവെ തഴയപ്പെടാറാണ് പതിവ്. പ്രവാസി ഭാരതിയ സമ്മാൻ പോലും ഈ അടുത്ത കാലത്താണ് ഗൾഫിലെ ജീവകാരുണ്യ പ്രവർത്തകരെ തേടിയെത്തിയത്. അത് മറ്റൊരു ചർച്ചാ വിഷയമാണ്. ദക്ഷിണാഫ്രിക്കയെ കൂടാതെ അയൽ രാജ്യമായ ബോട്സ്വാന, പിന്നെ ഉഗാണ്ട, ഘാന തുടങ്ങി മൗറീഷ്യസ് വരെ പുതിയ ഭാഗ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത് യാത്ര തുടങ്ങി കഴിഞ്ഞു മയാളികൾ. ഉഗാണ്ടയിൽ മലപ്പുറത്തുകാരായ ചെറുപ്പുക്കാർക്ക് ഏക്കറു കണക്കിന് തോട്ടങ്ങളുണ്ട്. ഏകദേശം 45,000 ത്തോളം ഇന്ത്യക്കാരുള്ള ഉഗാണ്ടയിൽ മലയാളിയുടെ പ്രിയ വ്യവസായി ഡോ.എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പിന് തോട്ടങ്ങളും പർച്ചേസിംഗ് സംവിധാനവുമുണ്ട്. ഏറെ പ്രശസ്തമായ ഇന്ത്യൻ ബ്രാന്റായ ടിൽഡ ബസുമതി അരിയുടെ ഉൽപാദനത്തിന് ഉഗാണ്ടയിൽ 20,000 ഏക്കർ തോട്ടമുണ്ട്. മക്ഡോമിയ കായകൾ, നെല്ല്, കാപ്പി ,ഓറഞ്ച്, ചോളം തുടങ്ങിയവയുടെ കൃഷിക്ക് അനുയോജ്യമായ ഉഗാണ്ടൻ മണ്ണ് മലയാളികൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. വർഷത്തിൽ മൂന്ന് മാസം മഴയും മൂന്ന് മാസം ഗ്രീഷ്മവും എന്ന അനുപാതത്തിലാണ് കാലാവസ്ഥ. കൃഷിഭൂമിയിൽ തന്നെ താമസിച്ച് ജോലി ചെയ്യാൻ നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഉഗാണ്ടൻ തൊഴിലാളികളെയും ലഭിക്കും. ഇത്തരം അനുകൂല സാഹചര്യങ്ങൾ പരമാവധി മുതലാക്കുകയാണ് ഉഗാണ്ടയിലെ മലയാളി പ്രവാസികൾ. ഇവരിൽ ഭൂരിപക്ഷവും നേരത്തെ സൗദി, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ പ്രവാസികളായിരുന്നു. പുതിയ മേച്ചിൽ പുറമാണ് അവർക്ക് ഉഗാണ്ട. ബോട്സ്വാനയിലും ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ബോട്സ്വാനിയയിൽ വ്യവസായ രംഗത്ത് അജയ്യ ശക്തിയായി വളർന്ന് പന്തലിച്ച് നിൽക്കുന്ന സൂപ്പർമാർക്കറ്റ് ചെയിനിന്റെ ഉടമസ്ഥൻ തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി രാമചന്ദ്രനാണ്. അവിടെ വിദേശികൾക്ക് അനുവദനിയമായ എല്ലാ ബിസിനസ് സംരഭങ്ങളിലും രാമചന്ദ്രന് പങ്കാളിത്തമുണ്ട്. നമ്മുടെ നടൻ ടി.ജി. രവി രാമചന്ദ്രനോടൊപ്പം പേപ്പർ മില്ലിന്റെ ചുമതല വഹിക്കുന്നുണ്ട്. ടി.ജി രവി ബോട്സ്വാനയിലാണെന്ന് ഈ അടുത്ത കാലത്ത് പ്രമുഖ മാധ്യമ പ്രവർത്തകൻ മുസാഫിറിന്റെ ഫീച്ചറിലൂടെയാണ് പുറം ലോകം അറിയുന്നത്. മലയാളിക്ക് ഏറെ പ്രതീക്ഷ പകരുന്ന പ്രവാസ ഭൂമിയാണ് ബോട്സ്വാനിയയെന്ന് മുസാഫിർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലധികം കാലത്തെ ഗൾഫ് പ്രവാസാനുഭവമുള്ള മുസാഫിറിന്റെ നിരീക്ഷണം പ്രസക്തമാണ്. നമ്മുടെ പ്രിയ എഴുത്തുകാരനായ ബെന്യാമിൻ ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിനു ശേഷം എഴുതിയ കുറിപ്പിൽ മലയാളിയുടെ പുതിയ പ്രവാസ ഭൂമിയായാണ് ദക്ഷിണാഫ്രിക്കയെ വിശേഷിപ്പിച്ചത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളും ബെന്യാമിൻ പങ്കു വെച്ചിരുന്നു. മുസാഫിറും ബെന്യാമിനും വേണ്ടത്ര ഗൾഫ് പ്രവാസ അനുഭവമുള്ളവരായതു കൊണ്ടു തന്നെ കാലം അവരുടെ നിരീക്ഷണത്തെ ശരിവെക്കുമെന്ന് നിസംശയം പറയാം. ഘാനയിലും ഇന്ത്യൻ പ്രവാസികളുടെ എണ്ണം കൂടി വരികയാണെന്ന് അവിടെ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. ഘാനയിലെ ഇന്ത്യൻ എംബസി ഈ അടുത്ത കാലത്ത് കൂടുതൽ സജീവമായിട്ടുണ്ട്. മൗറീഷ്യസിലും ബ്രൂണയിലും മലയാളി കുടിയേറ്റം ഈ അടുത്ത കാലത്ത് വർധിച്ചിട്ടുണ്ട്. ഇതൊക്കെ സ്വാഭാവികമായും കാലം ആവശ്യപ്പെടുന്ന അനിവാര്യമായ പുതിയ കുടിയേറ്റത്തിന്റെ ചിത്രങ്ങളാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ സൂപ്പർ മാർക്കറ്റ് തുറന്ന മലയാളി സംരഭകരുടേത് അതിജീവനത്തിന്റെ പടപുറപ്പാടാണ്. പോരാട്ടത്തിന്റെ ചങ്കൂറ്റമാണ്. ഇപ്പോഴും അശാന്തമായ അഫ്ഗാനസ്ഥാനിൽ വൻ സാധ്യതകളുണ്ടെന്നാണ് അവിടെ പുതിയ സംരഭങ്ങളുമായി രംഗത്തുള്ളവർ പറയുന്നത്. സിറിയയിലെയും യെമനിലെയും യുദ്ധാനന്തര പുനർ നിർമാണ കാലത്തിന് കാത്തിരിക്കുന്നവരും പ്രവാസികളുടെയും മുൻ പ്രവാസികളുടെയും കൂട്ടത്തിലുണ്ട്. പ്രവാസത്തിന്റെ ഈ പ്രയാണത്തിൽ നിന്ന് മലയാളിക്ക് ഇനി പിൻമാറാൻ സാധിക്കില്ല. മുൻ കാലങ്ങളിൽ പ്രവാസവുമായി ബന്ധപ്പെട്ട മലയാളിയുടെ കുടിയേറ്റങ്ങൾക്ക് കൃത്യമായ ഇടവേളകളുണ്ടായിരുന്നു. ഇന്ന് അതില്ല. ഗൾഫിൽ നിന്ന് മടങ്ങുന്നവർ ഒട്ടും സമയം പാഴാക്കാതെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് പ്രവാസത്തിന്റെ കൊടിയുമായി യാത്ര തിരിക്കുകയാണ്. Content Highlights:pravasi malayalees, new places and countries
from mathrubhumi.latestnews.rssfeed https://ift.tt/2STYX4n
via
IFTTT
No comments:
Post a Comment