ഒളിഞ്ഞുനോട്ടമായിരുന്നു ശീലം. പേറെടുത്ത വയറ്റാട്ടി കഞ്ഞിപോലും കുടിക്കാതെ വീടുവിട്ടോടിയത് ചെക്കന്റെ നോട്ടം കണ്ടിട്ടായിരുന്നെന്നാണ് പഴമക്കാർ പറയുന്നത്. ചെക്കന്റെ കണ്ണിൽ പെട്ടാൽ പെട്ടതുതന്നെയായിരുന്നു. ഒരു നിവൃത്തിയുണ്ടെങ്കിൽ ഒരുമാതിരിപ്പെട്ടവരൊന്നും ചെക്കന്റെ കൺവെട്ടത്ത് വരുമായിരുന്നില്ല. തടാകങ്ങളിൽ , പായലുകൾക്കിടയിൽ തല പൂഴ്ത്തിക്കിടന്നിരുന്ന മുതലകൾ വരെ ചെക്കന്റെ മുന്നിൽ സ്വയം അനാവൃതരാവുകയും കീഴടങ്ങുകയും ചെയ്തു. ചെക്കൻ എല്ലാം കാണും എന്നാൽ ചെക്കനെ ആരും കാണില്ല എന്നതായിരുന്നു ബഹുവിശേഷം. ചെക്കൻ ചായ വിറ്റു നടന്നതും എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയതും ആരും കാണാതെ പോയത് അങ്ങിനെയാണെന്നുംസംഘ പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. കല്ല്യാണം പരമരഹസ്യമായിട്ടായിരുന്നു. കല്ല്യാണം എന്ന കലാപരിപാടി ഭാരതീയ സംസ്കാരത്തോട് ചേർന്നുപോവില്ലെന്ന് ചെക്കൻ താമസിയാതെ കണ്ടെത്തുകയും ചെയ്തു. ഭാരതീയ സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ളവർ സംഘടിക്കണമെന്നും സംഘത്തിനുള്ളതുപോലുള്ള കണ്ണുകൾ ഈ ലോകത്ത് മറ്റാർക്കുമില്ലെന്നും തിരിച്ചറിഞ്ഞതാണ് ചെക്കന്റെ ജീവിതം മാറ്റിമറിച്ചത്. എവിടെയും എന്തിനുമേലും ഒരു കണ്ണുണ്ടായിരിക്കണമെന്നും കണ്ണോളം വിലപ്പെട്ട വസ്തു ഈ ഭൂലോകത്ത് വേറെയില്ലെന്നുമുള്ള വചനത്തോടെയാണ് സംഘസാഹിത്യം തുടങ്ങുന്നതു തന്നെ. ചെക്കൻ ഒന്നും മറന്നില്ല, കണ്ടതെല്ലാം ചെക്കന്റെ മനസ്സിൽ കല്ലിലെഴുതിയതുപോലെ കിടന്നു. വളരുന്തോറും കാഴ്ച കൂടിക്കൂടി വന്നു. കണ്ണുകൾ തന്റെ വരുതിക്കു നിൽക്കാതെ ഒരു സ്വതന്ത്ര റിപ്പബ്ളിക്കാവുകയാണോയെന്ന സംശയം ഇടക്കാലത്താണ് ചെക്കനുണ്ടായത്. പ്രതിവിധി ശസ്ത്രക്രിയ തന്നെയെന്ന് നിശ്ചയിച്ചത് നാഗ്പൂരിലെ കണ്ണുരോഗ ചികിത്സകരാണ്. സംഘത്തിന്റെ കണ്ണടയിലൂടെ കാര്യങ്ങൾ നോക്കാൻ തുടങ്ങിയതോടെ ചെക്കന് മുന്നിൽ പുതിയ ആകാശവും പുതിയ ഭൂമിയും തെളിഞ്ഞുവന്നു. അധികാരം കിട്ടിയപ്പോൾ ആദ്യം ചെയ്തത് സംഘനിലവാരത്തിലുള്ള കണ്ണാസ്പത്രി തുടങ്ങുകയായിരുന്നു. ലോകം കീഴടക്കാനുള്ള എളുപ്പവഴി കാഴ്ചകൾ മാറ്റിമറിക്കുകയാണെന്ന ആപ്തവാക്യം കണ്ണാസ്പത്രിയുടെ ചുവരുകളിൽ തങ്കലിപികളിലാണ് ആലേഖനം ചെയ്തത്. കണ്ണുകളുടെ തുടർച്ചയാണ് ക്യാമറയെന്ന സത്യം ഈ ഘട്ടത്തിലാണ് ചെക്കൻ കണ്ടെത്തിയത്. കല്ല്യാണ വീട്ടിൽ പോയാൽ വരനാവണമെന്നും ശവമടക്കിനു പോയാൽ ശവമാവണമെന്നും വാശിപിടിക്കാൻ തുടങ്ങിയത് ക്യാമറയോടുള്ള കൊതി കൊണ്ടായിരുന്നു. എവിടെയും ഒരു ക്യാമറ വേണമെന്ന ആഗ്രഹത്തിന് നിവൃത്തിയുണ്ടായത് ആധാറിലൂടെയാണ്. ആധാരത്തിൽ പിടിച്ച് ചെക്കൻ കളിച്ച പോലൊരു കളി സമീപ കാലത്തെങ്ങും രാജ്യം കണ്ടിട്ടില്ലെന്നാണ് ആസ്ഥാന ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നത്. ആധാരത്തിന് സുപ്രീംകോടതി തടയിട്ടതാണ് ചെക്കനെ പ്രകോപിപ്പിച്ചത്. കോടതിയുടെ അടിത്തറ ഇളക്കാൻ ചെക്കനും കൂട്ടരും നടത്തിയ ശ്രമങ്ങളാണെങ്കിൽ ഒരിടത്തുമെത്താതെ പോവുകയും ചെയ്തു. രാജ്യത്തെ മിക്കവാറും സംവിധാനങ്ങളൊക്കെ കുളമാക്കാനായെങ്കിലും കോടതി മാത്രം കലങ്ങാതെ പോയതിന്റെ പൊരുൾ ചെക്കന് ഇനിയും പിടികിട്ടിയിട്ടില്ല. കോടതിയുടെ വ്യാകരണം തെറ്റിക്കാൻ ഇടക്കാലത്ത് കളിച്ച കളി തിരിച്ചടിക്കുമോയെന്ന കാര്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. ഇന്ദ്രപ്രസ്ഥത്തിലെ വലിയ കസേരയിലിരുന്നപ്പോൾ സമയം പോയതറിഞ്ഞതേയില്ല. അമ്മാതിരി കിടിലൻ കാഴ്ചകളായിരുന്നു നിത്യേനയെന്നോണം വന്നുപൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയിൽ പഴയ തറവാട്ടിലെ പയ്യൻ ഇടവഴിയിൽ കിടന്ന് കളിക്കുന്നത് കണ്ടിരുന്നു. പേരുള്ള ഇല്ലത്തെ പയ്യനാണെങ്കിലും ബുദ്ധി ലവലേശമില്ലെന്നായിരുന്നു ആസ്ഥാന വിദ്വാന്മാരുടെ നിരീക്ഷണം. പയ്യൻ കൈലാസം കയറിയപ്പോഴാണ് പയ്യന്റെ തലയിൽ ആൾതാമസമുണ്ടെന്ന കാര്യം ആദ്യം കത്തിയത്. കഴിഞ്ഞയാഴ്ചയിൽ പയ്യൻ മർമ്മത്തിനട്ട് കീറിയതിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. പയ്യനെ ഒതുക്കാൻ പയ്യന്റെ ആൾക്കാരെ ഒതുക്കണമെന്നാണ് സംഘക്കാർ പറയുന്നത്. ഫോണായ ഫോണൊക്കെ ചോർത്തിയിട്ടും പയ്യനും കൂട്ടരും കളിച്ച കളി അമ്പരപ്പിക്കുന്നതായിരുന്നു. പയ്യന്റെ വൃക്ഷം കമ്പ്യൂട്ടറാണെന്നും പക്ഷി ട്വിറ്ററാണെന്നും വൈകിയാണറിഞ്ഞത്. അല്ലെങ്കിലും ചില കാര്യങ്ങൾ അങ്ങിനെയാണ്. തോന്നേണ്ട കാര്യങ്ങൾ തോന്നേണ്ടപ്പോൾ തോന്നില്ല. കാലം നന്നെല്ലെന്നും ശനി കൂടെതന്നെയുണ്ടെന്നും കഴിഞ്ഞ ദിവസം പണിക്കരാശാൻ പറഞ്ഞിരുന്നു. പോയ കാഴ്ച തിരിച്ചുകിട്ടണമെങ്കിൽ കൈവിട്ട കളി തന്നെ വേണമെന്നും പണിക്കരാശാനാണ് പറഞ്ഞത്. പായലിൽ ഒളിച്ചു കിടന്ന മുതലയെ പുഷ്പം പോലെ പൊക്കിയെടുത്തത് ഇന്നലെയെന്ന പോലെ കൺമുന്നിലുണ്ട്. ഈ കസേരയിൽ നിന്ന് തന്നെയിറക്കാനാവുമെന്ന് ഒരുത്തനും സ്വപ്നം കാണേണ്ട. ഒരു വട്ടം കൂടി ഇവിടെ തുടർന്നാൽ നെഞ്ചിലെ രോമം വരെ കറുക്കുമത്രെ. നല്ല അസ്സൽ കാഞ്ഞിരത്തിൽ പണിത കസേരയൊന്ന് നാഗ്പൂരിലുണ്ടെന്നും വരുംകാലത്തിരിക്കാൻ അതുപോരേയെന്നും ശത്രുക്കൾ ചിലർ ചോദിക്കുന്നുണ്ട്. ഇവിടെ ഈ ഇന്ദ്രപ്രസ്ഥത്തിൽ കരിവീട്ടിയിൽ തീർത്ത കസേര പോലെ മറ്റേതു കസേരയാണുള്ളത്. ഇന്നലെ മുളച്ച പയ്യന്മാരൊന്നും നമ്മളോട് മുട്ടാറായിട്ടില്ല. കമ്പ്യൂട്ടറെങ്കിൽ കമ്പ്യൂട്ടർ. ഇനി ചെറിയ കളികളില്ല. നാഗ്പൂരിനും ഇന്ദ്രപ്രസ്ഥത്തിനുമിടയിൽ കരിങ്കണ്ണന്മാരുടെ കളി പയ്യന്മാർ കാണാൻ പോവുന്നതേയുള്ളൂ. സൂററ്റിലും അഹമ്മദാബാദിലും ഗോലി കളിച്ചു നടന്ന ചെക്കൻ ഇനിയില്ല. ഇനിയങ്ങോട്ട് വല്ല്യട്ടനേയുള്ളൂ, വലിയ കളികളും. Content Highlights: NDA Government, Narendra Modi, BJP, RSS
from mathrubhumi.latestnews.rssfeed http://bit.ly/2Cvathz
via
IFTTT
No comments:
Post a Comment