രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ അനുകൂലവും പ്രതികൂലവുമായ ഒരു ചെറു ചലനം പോലും കേരളത്തിൽ പ്രതിഫലിക്കും.സൗദിയിലെ വിദേശ തൊഴിലാളികളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യക്കാർ .അതിൽ തന്നെ ഭൂരിപക്ഷവും മലയാളികൾ. പാക്കിസ്ഥാനും ബംഗ്ലാദേശും ഈജിപ്തുമൊക്കെ നമുക്ക് പിറകിലാണ്. ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 23 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് സൗദിയിൽ നിന്നാണ്. ഇറാനിൽ നിന്ന് കൂടി എണ്ണ വാങ്ങുന്ന ഇന്ത്യക്ക് അമേരിക്കൻ ഉപരോധത്തെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ കൂടതൽ എണ്ണ തരാൻ തയാറാണെന്ന് സൗമനസ്യ പൂർവം പറഞ്ഞ രാജ്യമാണ് സൗദി അറേബ്യ. ഉഭയകക്ഷി ബന്ധം അത്രത്തോളം ഊഷ്മളമാണ് ഇരുരാജ്യങ്ങളും തമ്മിൽ. തൊഴിൽ മേഖലയിലെ നിയന്ത്രണങ്ങളും സ്വദേശി വൽക്കരണവും അവരുടെ ആഭ്യന്തര കാര്യമാണ്. സൗദിയിലെ ജന സംഖ്യയിൽ 60 ശതമാനത്തോളം യുവാക്കളാണ്. അവർക്ക് തൊഴിൽ അനിവാര്യമാണ്. തൊഴിൽ മേഖലയിൽ നിയന്ത്രണങ്ങൾ സൗദിയിൽ നടപ്പാക്കേണ്ടി വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവരും ബാധിക്കുന്നവരും അധികവും മലയാളികൾക്കാണ്. ഈ തൊഴിൽ നഷ്ടം കേരളത്തിന്റെ കുതിപ്പിനെ ആനുപാതികമായി തടസപ്പെടുത്തുന്നുണ്ട്. തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ പ്രളയത്തിനു മുമ്പ് തന്നെ കച്ചവട രംഗത്ത് കടുത്ത മാന്ദ്യത്തിന് ഇടയാക്കിയത് സൗദിയിൽ നിന്നുള്ള പ്രവാസികളുടെ തിരിച്ചു വരവാണ്. റിയൽ എസ്റ്റേറ്റ് രംഗം ഏതാണ്ട് പൂർണമായും മരവിച്ച സ്ഥിതിയിലാണെന്ന് സാമ്പത്തിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹന വിപണി മുതൽ പഴം പച്ചക്കറി വിപണി വരെ ഈ മാന്ദ്യം ബാധിച്ചിട്ടുണ്ട്. 2017 ൽ വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ലെവി ഏർപ്പെടുത്തി തുടങ്ങിയതോടെയാണ് വൻ തോതിൽ വിദേശികൾ മടങ്ങിയത്. ഇതോടൊപ്പം സ്വദേശി വൽക്കരണവും വിനയായി. ഈ ലെവിയും മൂല്യ വർധിത നികുതിയും (വാറ്റ് ) ഇതുമായി ബന്ധപ്പെട്ട കുടിശികയും ഒക്കെ അനുഭാവ പൂർവം പരിഗണിക്കുന്ന സന്തോഷ വാർത്ത ഉടനെ ഉണ്ടാകുമെന്ന സൗദി തൊഴിൽ മന്ത്രിയുടെ പ്രഖ്യാപനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ലെവിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുകയാണെങ്കിൽ തന്നെ അത് ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ നിലനിൽപ് ഭഭ്രമാക്കും. ജനുവരിയിൽ മടങ്ങാനിരിക്കുന്ന കുടുംബങ്ങൾക്ക് ഇവിടെ തുടരാവുന്ന അവസ്ഥയും ഉണ്ടാകും. വിദ്യാർഥികൾ കൂട്ടത്തോടെ ടി.സി വാങ്ങി പോകുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ അധ്യായന വർഷത്തിന്റെ തുടക്കത്തിൽ കണ്ടത്. ഇത് ഏറെ ബാധിച്ചത് സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്വകാര്യ ഇന്ത്യൻ സ്കൂളുകളെയാണ്. കുട്ടികളുടെ എണ്ണം 40 ശതമാനം കണ്ട് കുറഞ്ഞു. ഇന്ത്യൻ എംബസിയുടെ നിരീക്ഷണത്തിലുള്ള ഇന്ത്യൻ സ്കൂളുകളെ ഇത് കാര്യമായി ബാധിച്ചില്ല. എന്നാൽ ജനുവരിയിൽ ആശ്രിത ലെവിയുമായി ബന്ധപ്പെട്ട ആശ്വാസവും അനുകൂലവുമായ സന്തോഷ വാർത്തയുണ്ടായില്ലെങ്കിൽ ഇനിയും കുട്ടികളുടെ വ്യാപകമായ കൊഴിഞ്ഞു പോക്ക് ഉണ്ടാകും. അത് എംബസി സ്കൂളുകളെയും ബാധിക്കും. വൻ തുക വാടക കൊടുത്താണ് സൗദിയിലെ ഇന്ത്യൻ എംബസി സ്കൂളുകൾ ഇപ്പോഴും പ്രവർത്തിക്കുന്നത്. ജിദ്ദയിലെ വാടക കെട്ടിടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ഈ അടുത്താണ് പരിഹാരമുണ്ടായത്. 2017 ജൂലൈ മുതൽ ആശ്രിതർക്ക് ( കുടുംബത്തിന് , ഭാര്യക്കും മക്കൾക്കും) പ്രതിമാസം 100 റിയാലും 2018 ജൂലൈ മുതൽ 200 റിയാലും 2019 ജൂലൈ മുതൽ 300 റിയാലും 2020 മുതൽ 400 റിയാലുമാണ് ലെവിയായി നടപ്പാക്കിയത്. അതായത് മൂന്നംഗ കുടുംബത്തിന് ഇഖാമ പുതുക്കണമെങ്കിൽ 2017 ൽ 3600 റിയാൽ അധികമായി നൽകണമായിരുന്നു. 2018 ൽ ഇത് ഇരട്ടിയായി. ആശ്രിതരുടെ ലെവി അടക്കാനാവില്ലെന്നും അത് സ്വന്തം നിലയിൽ അടക്കണമെന്നും ഭൂരിപക്ഷം കമ്പനികളും സർക്കുലർ ഇറക്കിയതോടെ ഈ അധിക തുക കണ്ടെത്താൻ പലർക്കും നെട്ടോട്ടമോടേണ്ടി വന്നു. നിരവധി പേർ കുടുംബത്തെ എക്സിറ്റിൽ നാട്ടിൽ അയക്കാൻ നിർബന്ധിതരായി. നാട്ടിൽ സ്വന്തമായി വീടില്ലാത്തവരും വീടു പണി നടക്കുന്നവരുമൊക്കെ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. കുട്ടികളുടെ നാട്ടിലെ അഡ്മിഷനും പലർക്കും പ്രശ്നമായി. ചില കുട്ടികളുടെ ഒരു അധ്യായന വർഷം നഷ്ടപ്പെടുക വരെ ചെയ്തു. ഇത് ആശ്രിത ലെവിയുമായി ബന്ധപ്പെട്ട് വന്ന അധിക ബാധ്യതയുടെ കഥ. ഇത് ഇപ്പോഴും നില നിൽക്കുകയാണ്. പിൻവലിച്ചിട്ടില്ല. ഇതോടൊപ്പം വിദേശ തൊഴിലാളികളുടെ പേരിൽ സ്ഥാപനങ്ങൾ 2018 മുതൽ 2020 വരെ യഥാക്രമം 400,600,800 റിയാൽ വീതം പ്രതിമാസ ലെവിയും നൽകണം. ഒരു തൊഴിലാളിയുടെ ഇഖാമ പുതുക്കാൻ 2018 ൽ സ്ഥാപന ഉടമകൾ ( ഇതിൽ നിന്ന് വീട്ടു ജോലി വിസക്കാർ ഒഴിവാണ്. അവർക്ക് ലെവി ബാധകമല്ല .ഗദ്ദാമ, വീടു ക്ലീനിംഗ്, തോട്ടം തൊഴിലാളി ഇതിൽ പെടും. ) 4800 റിയാൽ വീതമാണ് സാധാരണ ഗവൺമെന്റ് ഫീസിനോടൊപ്പം അധികം നൽകിയത്. പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചു. കൂട്ടത്തോടെ പിരിച്ചു വിട്ടു. ഷോപ്പുകളും റെസ്റ്റോറന്റുകളും ചെലവു താങ്ങാനാവാതെ അടച്ചു പൂട്ടേണ്ട സ്ഥിതിയിലെത്തിയപ്പോൾ പലരെയും തുടരാൻ പ്രേരിപ്പിച്ചു കൊണ്ട് കെട്ടിട ഉടമകൾ വാടക 25 ശതമാനം വരെ കുറച്ചു. രാജ്യത്തെ ചേംബർ ഓഫ് കൊമേഴ്സുകളും സൗദി കൗൺസിൽ ഓഫ് ചേംബറും ഇക്കാര്യം ചൂണ്ടികാട്ടി. ലെവി കുടിശിക അടക്കാൻ കമ്പനികൾക്ക് ഇതിനകം തന്നെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും പിരിച്ചു വിടൽ തുടരുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ സാവകാശം ലഭിക്കുന്ന പ്രഖ്യാപനം സൗദി തൊഴിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എൻജി. അഹമ്മദ് അൽ രാജ്ഹി വരും ദിവസങ്ങളിൽ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം. എക്കാലത്തും വിദേശ തൊഴിൽ സമൂഹത്തോട് സനേഹത്തോടെ മാത്രം പെരുമാറിയിട്ടുള്ള സൗദി ഭരണകൂടത്തിൽ നിന്ന് സന്തോഷ വാർത്ത പ്രതീക്ഷിക്കാം. കേരളം കാത്തിരിക്കുന്നതും അതാണ്. Content Highlights:saudi arabia newLabourLaw, Saudi Pravasi
from mathrubhumi.latestnews.rssfeed https://ift.tt/2Qcj15p
via
IFTTT
No comments:
Post a Comment