തിരുവനന്തപുരം: മുട്ടട സ്വദേശി ആത്മാഹൂതി ചെയ്തതുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടന്നപ്പോള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളിലായി അനേകരാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം പമ്പയിലേക്കുള്ള സര്‍വീസ് നടക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ സന്നദ്ധസംഘടനകളും അനേകര്‍ക്ക് ആശ്വാസമാകുന്നുണ്ട്.
മറ്റുഭാഗങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ നാമമാത്രമാണ് സര്‍വീസ് നടത്തുന്നത്. പോലീസ് സംരക്ഷണത്തോടെയാണ് ഈ സര്‍വീസുകള്‍ നടന്നതും. തിരുവനന്തപുരം തമ്പാനൂര്‍ സ്‌റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിച്ചിട്ടില്ല. പമ്പയിലേക്ക് രണ്ടു ബസുകള്‍ പോലീസ് സംരക്ഷണയില്‍ സര്‍വീസ് നടത്തി. റെയില്‍വേ സ്‌റ്റേഷനിലും അനവധി പേര്‍ കുടുങ്ങി. അതേസമയം മതിയായ സംരക്ഷണ നല്‍കിയാല്‍ സര്‍വ്വീസ് നടത്താമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മറ്റും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ആളെ എത്തിക്കുന്നുണ്ട്. പോലീസ് ബസുകളും മെഡിക്കല്‍ കോളേജിലേക്കും മറ്റും പോകേണ്ടവരുടെ സഹായത്തിനെത്തി. ഡ്രൈവേഴ്‌സും ട്രാവല്‍ ഓണേഴ്‌സും ചേര്‍ന്ന സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനസൗകര്യം അനേകര്‍ക്കാണ് തുണയായി മാറിയിരിക്കുന്നത്. ഇതിനകം ആര്‍സിസി യിലേക്കും മെഡിക്കല്‍ കോളേജിലേക്കും അനേകം പേര്‍ക്ക് ഇവര്‍ ഏര്‍പ്പെടുത്തിയ സൗജന്യ സര്‍വീസ് തുണയായി. നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ കടകമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകളും ഓടിയില്ല.
ടൂറിസം സീസണായതിനാല്‍ കൊച്ചിയില്‍ അനേകരെയാണ് ഹര്‍ത്താല്‍ ബാധിച്ചത്. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെട്രോള്‍ പമ്പുകളും മറ്റും തുറന്നിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുതന്നെ കിടക്കുന്നത് നഗരത്തില്‍ എത്തുന്നവരെ വലച്ചു. കെഎസ്ആര്‍ടിസി പോലീസ് സംരക്ഷണയില്‍ ചില സര്‍വീസ് നടത്തി. നാലോ അഞ്ചോ ബസുകള്‍ മാത്രമാണ് ഓടുന്നത്്. എന്നാല്‍ സ്വകാര്യബസുകള്‍ നിരത്തില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍ ഓട്ടോകളും ടാക്‌സികളും ജനങ്ങള്‍ക്ക് തുണയായി രംഗത്തുണ്ട്. സേ നോ ടൂ ഹര്‍ത്താല്‍ സംഘടനയും ജനങ്ങളെ ആശുപത്രികളിലേക്കും മറ്റും സൗജന്യമായി എത്തിക്കാന്‍ വാഹനങ്ങളുമായി നിരത്തിലുണ്ട്.
നൂറു കണക്കിന് അയ്യപ്പഭക്തരാണ് സൗത്ത് സ്‌റ്റേഷനില്‍ എത്തിയിട്ടുള്ളത്. ഇവരെ പമ്പയിലേക്കുള്ള ബസില്‍ കയറ്റി വിടുന്നുണ്ട്. ചെങ്ങന്നൂരിലേക്കും മറ്റും പോകേണ്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും പമ്പയിലേക്കുള്ള യാത്രാബസില്‍ പോലീസ് കയറ്റിവിടുന്നുണ്ട്. മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങിയിട്ടില്ല. പോലീസ് വാഹനങ്ങളും മറ്റും മെഡിക്കല്‍ കോളേജിലേക്ക് ആള്‍ക്കാരെ കൊണ്ടുപോകുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുലര്‍ച്ചെ 3.30 യ്ക്ക് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു.
ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണു ഹര്‍ത്താല്‍. അതേസമയം മണ്ഡലകാലം തുടങ്ങിയ ശേഷം മൂന്നാമത്തെ ഹര്‍ത്താലാണ് ഇത്. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരം കാണുന്ന രണ്ടാമത്തെ ഹര്‍ത്താലും. അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫിസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
അഖിലേന്ത്യാ പരീക്ഷകള്‍ക്കെത്തുന്നവര്‍ വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. സ്‌കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധ വാര്‍ഷിക പരീക്ഷകള്‍, പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍, കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി (കുസാറ്റ്), ഫിഷറീസ്/ സമുദ്രപഠന (കുഫോസ്), ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ പരീക്ഷകള്‍ എന്നിവ മാറ്റി. കാര്‍ഷിക സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും നാളത്തേക്കു മാറ്റി; നാളത്തെ അഭിമുഖം 16 ലേക്കും മാറ്റി.
from mangalam.com https://ift.tt/2Cbn9K5
via IFTTT
No comments:
Post a Comment