ന്യൂഡൽഹി: പാവപ്പെട്ട കുടുംബത്തിലെ പ്രതികൾക്കാണ് വധശിക്ഷ ലഭിക്കുന്നതെന്ന തോന്നൽ (ഒരുപക്ഷേ, തെറ്റായ) സമൂഹത്തിലുണ്ടെന്ന് ആലുവ കൂട്ടക്കൊലക്കേസ് വിധിന്യായത്തിൽ സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷയോ ജീവപര്യന്തമോ വിധിക്കുമ്പോൾ പ്രതിയുടെ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകൾ പരിശോധിക്കുന്നതിന് ഇതും കാരണമാണ്. ഇക്കാര്യം വ്യക്തമാക്കുന്ന ഒട്ടേറെ സുപ്രീംകോടതിവിധികളുമുണ്ട്. പ്രതി കുറ്റവാളിയാണോ എന്ന് കണ്ടെത്തുന്നതിൽ ചുറ്റുപാട് നോക്കേണ്ട ആവശ്യമില്ലെങ്കിലും ശിക്ഷ വിധിക്കുമ്പോൾ അതുവേണം. പ്രതി ദീർഘകാലം ജയിലിൽ കിടന്നതു പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിന്റെ തീവ്രത സമൂഹത്തിൽ വലിയ ഞെട്ടലുണ്ടാക്കുകയും ജനങ്ങളുടെ സാധാരണ ജീവിതത്തെ അലട്ടുകയും ചെയ്തതായി തെളിവില്ല. പ്രതി കൊടുംകുറ്റവാളിയാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിന് തെളിവിന്റെ പിൻബലമില്ല. പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്നതുസംബന്ധിച്ച് അർഥവത്തായ ചർച്ചയുമുണ്ടായിട്ടില്ല. പ്രതിക്ക് ആവശ്യത്തിനു നിയമസഹായം ലഭിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കണം. ഈ കേസിൽ അതിനു പ്രസക്തിയുണ്ട്. അഭിഭാഷകരെ വെക്കാൻ സാധിക്കാത്ത പ്രതികൾ ലീഗൽ സർവീസ് അതോറിറ്റികളെ സമീപിക്കുകയാണ് പതിവ്. അവർ സാധ്യമായ സഹായം ചെയ്യുമെങ്കിലും ചിലപ്പോൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാറില്ല. ഡ്രൈവറായിരുന്ന ആന്റണി ഗൾഫിൽ ജോലിചെയ്യാനാണ് ആഗ്രഹിച്ചത്. അതിനായി വിസയും സംഘടിപ്പിച്ചു. ഏജന്റിനു നൽകേണ്ട 62,000 രൂപയിൽ 25,000 മാത്രമാണ് ആന്റണിക്ക് സംഘടിപ്പിക്കാൻ സാധിച്ചത്. ബാക്കിത്തുക ചോദിക്കാനോ അല്ലെങ്കിൽ കവർന്നെടുക്കാനോ ആണ് ആലുവ മാഞ്ഞൂരാൻസ് ഹാർഡ്വേർ ഉടമയുടെ വീട്ടിലെത്തിയത്. അവർ തുക നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കുടുംബാംഗങ്ങളെ മുഴുവൻ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്.- കോടതി പറഞ്ഞു. പ്രതിയുടെ വാദം സാഹചര്യത്തെളിവുകൾ മാത്രം പരിഗണിച്ചാണ് ശിക്ഷവിധിച്ചത്. മാനസാന്തരപ്പെടാനുള്ള സാധ്യത കോടതികൾ പരിഗണിച്ചില്ല. പ്രതി കൊടുംകുറ്റവാളിയാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്. മുമ്പ് കുറ്റകൃത്യങ്ങൾ നടത്തിയതായി തെളിവില്ല. സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകൾ കണക്കിലെടുത്തില്ല. പ്രതി ദീർഘകാലമായി ജയിലിലാണെന്നതും ശിക്ഷയിളവിന് അർഹത നൽകുന്നു. 2001 ഫെബ്രുവരിയിൽ അറസ്റ്റിലായ പ്രതിക്ക് 2002 ജനുവരിയിലാണ് ജാമ്യം ലഭിച്ചത്. പിന്നീട് 2005 ജനുവരിയിൽ അറസ്റ്റിലായ പ്രതി അന്നുമുതൽ ജയിലിലാണ്. ചരിത്രം ആലുവ മാഞ്ഞൂരാൻ വീട്ടിലെ ആറുപേരെയാണ് 2001 ജനുവരിയിൽ ആന്റണി കൊന്നത്. രക്തദാഹിയായ പ്രതി ദയ അർഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ ശരിവെച്ചത്. സി.ബി.ഐ. കേരളത്തിൽ അന്വേഷിച്ച കൊലക്കേസുകളിലെ ആദ്യ വധശിക്ഷയായിരുന്നു ഇത്. 2009-ലാണ് സുപ്രീംകോടതി വധശിക്ഷ ശരിവെച്ചത്. പുനഃപരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളിയതാണ്. എന്നാൽ, വധശിക്ഷയ്ക്കെതിരായ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന് 2014-ൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിവന്നതാണ് ആന്റണിയുടെ കേസിൽ വഴിത്തിരിവായത്. അന്നത്തെ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടേതായിരുന്നു ആ വിധി. തുടർന്നാണ് ആന്റണിയുടെ കേസ് വീണ്ടും പരിഗണിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Qviqfg
via
IFTTT
No comments:
Post a Comment