ന്യൂഡൽഹി:മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. തെലങ്കാനയിൽ ടി.ആർ.എസ് ഭരണം നിലനിർത്തും. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടും. മിസോ നാഷണൽ ഫ്രണ്ട് ആണ് ഇവിടെ മുന്നിൽ. ലീഡ് നിലകൾ മാറിമറിയുന്ന മധ്യപ്രദേശിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിന് ഒപ്പം മുന്നേറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഛത്തീസ്ഗഢിൽ വ്യക്തമായ മുന്നേറ്റത്തോടെ കോൺഗ്രസ് ഭരണത്തിലേക്ക് എത്തുമെന്ന് ഉറപ്പാണ്. നാലാം തവണയും ഭരണതുടർച്ച പ്രതീക്ഷിച്ച ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നിലവിലെ ഫല സൂചനകൾ നൽകുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ അന്വർത്ഥമാക്കിക്കൊണ്ട് തെലങ്കാനയിൽ ടിആർഎസ് കുതിക്കുന്നു. കോൺഗ്രസ് നേത്വത്തിലുള്ള മഹാകൂടമി സഖ്യത്തെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിന്റെ മുന്നേറ്റം. ടി.ആർ.എസിന്റെ ലീഡ് കേവല ഭൂരിപക്ഷം കടന്ന് കുതിക്കുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ അച്ചട്ടാകുന്ന കാഴ്ച്ചയാണ് മിസോറാമിൽ നിന്നുള്ള ആദ്യ ഫല സൂചനകൾ തരുന്നത്. 2008 ലും 2013 ലും വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇത്തവണ പിഴയ്ക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ആദ്യ മണിക്കൂറുകൾ നൽകുന്ന സൂചന. മിസോനാഷ്ണൽ ഫ്രണ്ടാണ് കോൺഗ്രസിനെക്കാൾ വ്യക്തമായ ലീഡ് നിലനിർത്തി മുന്നേറുന്നത്. ബി.ജെ.പി.ക്കും കോൺഗ്രസിനും കേന്ദ്രസർക്കാരിനും നിർണായകമായ ജനവിധി, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നൽകും. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം. കേന്ദ്രസർക്കാരിനെ നയിക്കുന്ന ബി.ജെ.പി.യാണ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ഭരിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായി; വിലക്കയറ്റം, നോട്ട് പിൻവലിക്കൽ, ജി.എസ്.ടി., കാർഷികമേഖലയിലെ പ്രതിസന്ധി, ആൾക്കൂട്ടക്കൊല തുടങ്ങിയവ. അതിനാൽ, ഫലം ബി.ജെ.പി.ക്കും പ്രധാനമന്ത്രിക്കും നിർണായകമാകും. പ്രതിപക്ഷപാർട്ടികൾക്കും ഫലം പ്രധാനമാണ്; പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം ദേശീയതലത്തിൽ സജീവമായതിനാൽ പ്രത്യേകിച്ച്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചന ഈ ജനവിധികളിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 സീറ്റിൽ 61-ഉം ബി.ജെ.പി.ക്ക് അനുകൂലമായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചതോടെ ബി.ജെ.പി. ക്യാമ്പുകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാർട്ടിയുടെ സംസ്ഥാന-ദേശീയ തലങ്ങളിൽനിന്നുള്ള ഉൾപ്പാർട്ടി എതിർപ്പും ഉയർന്നിരുന്നു. എന്നാൽ, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബി.ജെ.പി.യെ കുഴക്കുന്നത്. മധ്യപ്രദേശിൽ വ്യാപം അഴിമതി ഉൾപ്പെടെ സർക്കാർവിരുദ്ധ വിഷയങ്ങൾ ചൗഹാനെ പിടികൂടിയിരുന്നു. കോൺഗ്രസിനുള്ളിലെ നേതാക്കളുടെ പടലപ്പിണക്കങ്ങൾ മുതലാക്കാമെന്ന ധാരണയിലാണ് ബി.ജെ.പി. പ്രചാരണം ആരംഭിച്ചത്. എന്നാൽ, രാഹുൽഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ മധ്യപ്രദേശിൽ കോൺഗ്രസ് സംഘടിതമായി നീങ്ങിയത് ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായി. ഛത്തീസ്ഗഢും ബി.ജെ.പി.യുടെ ശക്തിദുർഗമാണ്. എക്സിറ്റ് പോളുകൾ രമൺസിങ് സർക്കാരിന് ഭരണത്തുടർച്ച കിട്ടില്ലെന്നാണ് പ്രവചിച്ചതെങ്കിലും അജിത് ജോഗി-മായാവതി സഖ്യം പ്രതിപക്ഷ വോട്ടുകളിൽ വിള്ളൽവീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. content highlights:5 state election
from mathrubhumi.latestnews.rssfeed https://ift.tt/2EnL9fr
via
IFTTT
No comments:
Post a Comment