ന്യൂയോർക്ക്:ബേബി പൗഡറിൽ ക്യാൻസറിന് കാരണമാകുന്ന പദാർത്ഥത്തിന്റെ സാന്നിധ്യമുണ്ടെന്ന കാര്യം ജോൺസൺ ആന്റ് ജോൺസൺ കമ്പനി വർഷങ്ങളോളം രഹസ്യമാക്കി വെച്ചെന്ന് റിപ്പോർട്ട്. റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1971 മുതൽ 2000 വരെയുള്ള കമ്പനിയുടെ രഹസ്യരേഖകളും പഠന റിപ്പോർട്ടുകളും പരിശോധനഫലങ്ങളും തെളിവുകളുമാണ് റോയിട്ടേഴ്സ് പരിശോധിച്ചു. കമ്പനി പുറത്തിറക്കുന്ന ടാൽക്ക്, ഫിനിഷ്ഡ് പൗഡറുകളിൽ ആസ്ബസ്റ്റോസ് ചെറിയ തോതിൽ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെകണ്ടെത്തിയിരുന്നുവെന്നും എന്നാൽ ഇതു രഹസ്യമാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്പനിക്കെതിരെയുള്ള പരിശോധന ഫലങ്ങൾ തിരുത്തി പ്രസിദ്ധീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായ പഠനങ്ങൾ നടത്താനും റിപ്പോർട്ടുകളെഴുതാനും പണം മുടക്കിയതായും റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. കോസ്മറ്റിക് ടാൽക്ക് ഉൽപ്പന്നങ്ങളിലെ ആസ്ബസ്റ്റോസിന്റെ തോതിന് പരിധി നിശ്ചയിക്കുന്നതിന് യുഎസ് ഏജൻസികളെ വിജയകരമായി സ്വാധീനിക്കാൻ കമ്പനിക്കു കഴിഞ്ഞതായും റോയിട്ടേഴ്സിനു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. 1972നും 1975നും ഇടയിൽ മൂന്ന് വ്യത്യസ്ത ലാബുകളിൽ നടത്തിയ പരിശോധനയിൽ ബേബി പൗഡറിൽ ആസ്ബസ്റ്റോസ് അടങ്ങിയതായി തെളിഞ്ഞിരുന്നു. എന്നാൽ 1972 ഡിസംബറിനും 1973 ഒക്ടോബറിനു ഇടയിൽ ഉൽപ്പാദിപ്പിച്ച ബേബ് പൗഡറിന്റെ ഒരു സാമ്പിളിലും ആസ്ബസ്റ്റോസ് കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്പനി ഉറപ്പു നൽകിയത്. ഏത് അളവിൽ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്. കമ്പനി ഉദ്യോഗസ്ഥരും മാനേജർമാരും ശാസ്ത്രജ്ഞരും ഡോക്ടർമാരും അഭിഭാഷകരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളിൽനിന്നും സർക്കാർ നിയന്ത്രണ ഏജൻസികളിൽനിന്നും ഇതു മറച്ചു വച്ചു. ബേബി പൗഡറിൽ ക്യാൻസറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ നിരവധി സ്ത്രീകൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് റോയിട്ടേഴ്സ് അന്വേഷണം നടത്തിയത്. തങ്ങളെ ബാധിച്ച ക്യാൻസറിന് കാരണമായത് ബേബി പൗഡറാണെന്ന് ആരോപിച്ചാണ് ഇവർ വിവിധ കോടതികളെ സമീപിച്ചത്. ഹർജികളിൽ കമ്പനിക്കെതിരെയുള്ള വിധിയും പുറത്തുവന്നിരുന്നു. അതേസമയം കമ്പനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷപ്രശ്നങ്ങളുമില്ലെന്ന് ജോൺസൺ ആന്റ് ജോൺസൺ വക്താവ് പ്രതികരിച്ചു. ലോകത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച പരിശോധനകൾ നടത്തി നൂറു ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡർ വിപണിയിലെത്തുന്നത്. ഇപ്പോഴുള്ള ആരോപണങ്ങൾ കമ്പനിയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും നിലവിലെ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നുമാണ് കമ്പനി വക്താക്കളുടെ പ്രതികരണം. കാൻസർ ബാധിച്ച ഉപഭോക്താക്കളുടെ പരാതികളിൽ ഏതാനും വർഷങ്ങളായി ജോൺസൺ ആന്റ് ജോൺസൺ നിയമക്കുരുക്കിലാണ്. നൂറ്റാണ്ടിലേറെയായി ബേബി പൗഡർ വിപണിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ജോൺസൺ ആന്റ് ജോൺസൺ. റോയിട്ടേഴ്സ് റിപ്പോർട്ടിനെ തുടർന്ന് കമ്പനിയുടെ ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. Baby Powder, Johnson and Johnson, Asbestos, Cancer Cause, Reuters Report, Poisonous Talc
from mathrubhumi.latestnews.rssfeed https://ift.tt/2RXgiJW
via
IFTTT
No comments:
Post a Comment