ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ വിവാദ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് വീണ്ടും തുറക്കാനൊരുങ്ങുന്നു. പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച ദേശീയ ഹരിത ട്രിബ്യൂണൽ മരവിപ്പിച്ചതിനെ തുടർന്നാണ് കമ്പനിയുടെ പുതിയ നീക്കം. കമ്പനിയുടെ പരിസര പ്രദേശങ്ങളിലെ ജനങ്ങൾക്കായി 100 കോടിയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്താനും ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. പ്ലാന്റിന്റെ പ്രവർത്തനം സാരമായ മലിനീകരണം ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി ഒരു മാസത്തിനകമാണ് ഹരിത ട്രിബ്യൂണൽ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. നേരത്തെ പ്ലാന്റ് പ്രവർത്തനം തടയണം എന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ സമരം അക്രമാസക്തമായതിനെ തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉയർന്നിരുന്നു. ഇതോടെയാണ് കമ്പനി എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ദേശീയ ഹരിത ട്രിബ്യൂണൽ രൂപീകരിച്ച മൂന്നംഗ സമിതി വിഷയത്തിൽ പഠനം നടത്തിയ ശേഷമാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. മുൻ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തരുൺ അഗർവാളായിരുന്നു മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷൻ. കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് വേദാന്ത ഗ്രൂപ്പിന്റെ ഭാഗം കേൾക്കാനോ നോട്ടീസ് നൽകാനോ സർക്കാർ തയ്യാറായില്ലെന്നായിരുന്നു സമിതിയുടെ നിലപാട്. ഇന്ത്യയുടെ വാർഷിക ചെമ്പ് ഉത്പാദനത്തിന്റെ നാൽപ്പത് ശതമാനമാനവും വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് പ്ലാന്റിൽ നിന്നാണ്.അനിൽ അഗർവാളിന്റെ ഉടമസ്ഥയിലുള്ള കമ്പനിയാണ് വേദാന്ത റിസോഴ്സസ്. ഹരിത ട്രിബ്യൂണൽ നടപടി സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സംസ്ഥാന പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പ് മന്ത്രി കെ.സി കറുപ്പണ്ണ വ്യക്തമാക്കി. കമ്പനിയുടെ അടച്ചുപൂട്ടൽ സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പള്ളി പളനിസ്വാമിയുടെ നിലപാട് ഉറച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
from mathrubhumi.latestnews.rssfeed https://ift.tt/2PFiZ0v
via
IFTTT
No comments:
Post a Comment