പത്തനംതിട്ട:മാതൃസഹോദരീപുത്രനുൾപ്പെട്ട ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്ലസ് വൺ വിദ്യാർഥിയെ പോലീസ് മോചിപ്പിച്ചു. 25ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഓമല്ലൂർ മഞ്ഞിനിക്കരയിൽ താമസിക്കുന്ന അവിനാഷ് (24) ക്വട്ടേഷൻ സംഘാംങ്ങളായ കർണാടകയിലെ ചിക്കമഗളൂർ സ്വദേശികളായ പ്രേമദാസ് (31), ഫനീഫ (33), ചന്ദ്രശേഖർ (22), അലക്സ് ജോൺ (35), രാധാകൃഷ്ണൻ(36) എന്നിവരാണ് പിടിയിലായത്. മർദനമേറ്റ കുട്ടി ചികിത്സയിലാണ്. പോലീസ് പറയുന്നത് ഇങ്ങനെ. വെള്ളിയാഴ്ച രാത്രി 11.30-നാണ് ഓമല്ലൂരിലെ വീട്ടിൽനിന്ന് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. അവിനാഷിന്റെ നേതൃത്വത്തിലെത്തിയ സംഘം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയെ അടിച്ചുവീഴ്ത്തി മാലയും കവർന്ന് കുട്ടിയുമായി രണ്ട് കാറുകളിൽ മടങ്ങി. മുത്തശ്ശിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ പത്തനംതിട്ട പോലീസിൽ വിവരം അറിയിച്ചു. ബന്ധു അവിനാഷ് തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാക്കിയ പോലീസ് കുടുംബപ്രശ്നമെന്നരീതിയിൽ ആദ്യം ഇടപെട്ടില്ലെങ്കിലും ഇൻസ്പെക്ടർ ജി.സുനിൽകുമാർ സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മൈസൂരുവിൽ താമസിക്കുന്ന അവിനാഷ് ഇടയ്ക്കിടെ ഓമല്ലൂരിലെത്തി തങ്ങാറുണ്ട്. ഇയാൾ അടുത്തിടെ 25 ലക്ഷംരൂപ വേണമെന്ന് ആവശ്യപ്പെട്ടതായും നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ മൊഴി നൽകിയതോടെ തട്ടിക്കൊണ്ടുപോയത് പണത്തിനാണെന്ന് ഉറപ്പിച്ചു. ക്വട്ടേഷൻ സംഘത്തിലുള്ളവർ അവസാനം വിളിച്ച ഒരുനമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. ഇതിൽ ബന്ധപ്പെട്ടപ്പോൾ സംഘം കൂത്താട്ടുകുളം പെരുമ്പാവൂർ റൂട്ടിലാണുള്ളതെന്ന് മനസ്സിലായി. പുലർച്ചെ മൂന്നുമണിയോടെ പെരുമ്പാവൂർ പോലീസ് ക്വട്ടേഷൻ സംഘത്തെ പിടികൂടി പത്തനംതിട്ട പോലീസിന് കൈമാറി. വാഹനത്തിനുള്ളിൽവെച്ച് കുട്ടിയെ സംഘം മർദിച്ചു. മദ്യവും കുടിപ്പിച്ചു. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾക്കിടയിലെ സ്വത്ത് കച്ചവടവും ഇതിന്റെ വീതംവെയ്പിലെ തർക്കങ്ങളുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. content highlights:student rescued from abduction gang including Family member
from mathrubhumi.latestnews.rssfeed https://ift.tt/2KL9WdT
via
IFTTT
No comments:
Post a Comment