ന്യൂഡൽഹി:ലൈംഗികപീഡനക്കേസുകളിൽ ഇരകളുടെ പേരുവിവരം ഒരുതരത്തിലും വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ കർശന നിർദേശം. ഇരകൾ മരിച്ചാൽപ്പോലും പേര് വെളിപ്പെടുത്തരുത്. ഇത്തരം കേസുകളിലെ എഫ്.ഐ.ആർ. പോലീസ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തരുത്. ഇര ആരെന്നു വെളിവാകുന്ന വിദൂര സൂചനകൾ പോലും മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നൽകരുതെന്നും ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബലാത്സംഗം, ലൈംഗികപീഡനം, കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ കേസുകളിൽ ഇരകളുടെ പേരുവിവരം മറച്ചിട്ടുപോലും എഫ്.ഐ.ആർ. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തരുത്. ഇരകൾ മരിക്കുകയോ അവർക്ക് ബുദ്ധിസ്ഥിരത ഇല്ലാതാവുകയോ ചെയ്താൽപ്പോലും പേരു വെളിപ്പെടുത്തരുത്. മാധ്യമസ്വാതന്ത്ര്യത്തിനും ഇരകളുടെ അവകാശങ്ങൾക്കുമിടയ്ക്ക് അതിർവരമ്പ് നിർണയിക്കണം. ബലാത്സംഗക്കേസിലെ ഇരകളെ തൊട്ടുകൂടാത്തവരായി കാണുന്ന സാഹചര്യം ദൗർഭാഗ്യകരമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ബലാത്സംഗക്കേസുകളിൽ ഇരയാവുന്നവരെ ക്രോസ് വിസ്താരത്തിനിടെ മോശമായി ചിത്രീകരിക്കുന്നത് ജഡ്ജിമാർ കണ്ടുനിൽക്കുന്ന പ്രവണതയുണ്ട്. പ്രതിഷേധങ്ങൾക്കു പ്രതീകമാക്കാൻ ഇരകളുടെ പേര് ഉപയോഗിക്കുന്നത് അവരുടെ താത്പര്യം സംരക്ഷിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന പല ലൈംഗിക പീഡനകേസുകളിലും മാധ്യമവിചാരണ നടക്കുകയാണെന്ന് അമിക്കസ്ക്യൂറി ഇന്ദിര ജെയ്സിങ് ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കഠുവയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽപ്പോലും സാക്ഷികളുമായി സംസാരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുനൽകുന്നു. കുറ്റപത്രം കോടതിയിൽ എത്തുന്നതിന് മുമ്പുതന്നെ ചില പ്രതികൾ നിഷ്കളങ്കരാണെന്ന് മാധ്യമങ്ങൾ പ്രഖ്യാപിക്കുന്നു -ഇന്ദിര ജെയ്സിങ് പറഞ്ഞു. ലൈംഗികപീഡനത്തിനും ആസിഡ് ആക്രമണങ്ങൾക്കും ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് അഡ്വ. നിപുൻ സക്സേന നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. കോടതിയുടെ നിർദേശങ്ങൾ 1. ഇരകൾ മരിച്ചുകഴിഞ്ഞാൽ അവരുടെ അടുത്തബന്ധുക്കളുടെ സമ്മതമുണ്ടെങ്കിൽപ്പോലും പേര് പരസ്യപ്പെടുത്തരുത്. പീഡനക്കേസിലെ ഇരകൾ കോടതിയിൽ അപ്പീൽ നൽകുമ്പോഴും പേരുവിവരം വെളിപ്പെടുത്തണമെന്നു നിർബന്ധമില്ല. 2. ഇരയുടെ പേര് വരുന്ന എല്ലാ രേഖകളും പോലീസ് ഉദ്യോഗസ്ഥർ മുദ്രവെച്ച കവറിൽ സൂക്ഷിക്കണം. ഏതെല്ലാം അധികൃതർക്ക് മുമ്പാകെയാണോ പോലീസിന് ഇരയുടെ പേര് വെളിപ്പെടുത്തേണ്ടിവരുന്നത്, അവരെല്ലാം അത് രഹസ്യമാക്കി വെക്കണം. 3. മരിച്ചതോ ബുദ്ധിസ്ഥിരത ഇല്ലാത്തതോ ആയ ഇരയുടെ പേര് വെളിപ്പെടുത്തണമെന്ന ബന്ധുക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെഷൻസ് കോടതിയിൽ തന്നെ നൽകണം. ഇരയ്ക്കു പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പേരു വെളിപ്പെടുത്താനുള്ള അനുമതി നൽകേണ്ടത് സ്പെഷ്യൽ കോടതികളാണ്. 4. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യാനായി എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സെൻട്രൽ പോലീസ് സ്റ്റേഷൻ വേണം. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഏകകേന്ദ്രമായി ഇവ മാറണം. content highlights:Cant Identify Sex Assault Victims, Even Dead, Says Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2EciZDn
via
IFTTT
No comments:
Post a Comment