കോതമംഗലം: ഗൂഗിൾ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാർ പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെള്ളക്കെട്ടിൽ വീണു. പാലമറ്റം-ആവോലിച്ചാൽ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്നു. പാലമറ്റത്തിനു സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിനു സമീപത്തു വച്ചാണ് പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയിലേക്ക് കാർ തലകീഴായി മറിഞ്ഞത്. യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശികളായ പാറക്കളത്തിൽ ഗോകുൽദാസ് (23), പത്താംകല്ല് പുഴങ്ങര കുന്നംപിള്ളി വീട്ടിൽ ഇസഹാഖ് (29), മുസ്തഫ (36) എന്നിവരാണ് നിസ്സാര പരിക്കോടെ രക്ഷപെട്ടത്. കാർ സാമാന്യം നല്ല വേഗത്തിലായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് റോഡില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് വലത്തോട്ട് വെട്ടിച്ച് മാറ്റുന്നതിനു മുമ്പേ താഴേക്ക് പതിച്ചു. കൂരിരിട്ടും മഞ്ഞും മൂടിയ അവസ്ഥയിൽ എന്താണ് സംഭവിച്ചതെന്ന് ഇവർക്ക് ആദ്യം മനസ്സിലായില്ല. കാറിന്റെ ചില്ല് താഴ്ത്തിയിട്ടിരുന്നതാണ് രക്ഷയ്ക്ക് വഴിതുറന്നതെന്ന് ഗോകുൽദാസ് 'മാതൃഭൂമി'യോടു പറഞ്ഞു. എട്ടടിയോളം വെള്ളത്തിലേക്കാണ് കാർ മറിഞ്ഞത്. വിജനമായ പ്രദേശത്ത് നീന്തൽ അറിയാത്ത മൂവരും കാറിൽ പിടിച്ച് 15 മിനിറ്റോളം കിടന്നു. പോത്തുപാറ റബ്ബർ കമ്പനിയിൽനിന്ന് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന പുന്നേക്കാട് സ്വദേശികളായ ബെന്നി, റോയി, കുട്ടച്ചൻ തുടങ്ങിയ ആറംഗ സംഘമാണ് ഇവരെ രക്ഷപെടുത്തിയത്. വെള്ളക്കെട്ടിൽനിന്ന് രക്ഷിക്കണേയെന്നുള്ള നിലവിളി കേട്ട് ബൈക്കിന്റെ വെളിച്ചത്തിലാണ് കാറിൽ പിടിച്ച് കിടക്കുന്നവരെ കണ്ടത്. ഉടുമുണ്ട് കൂട്ടിക്കെട്ടി ഇട്ടുകൊടുത്താണ് മൂവരേയും കരയ്ക്ക് കയറ്റിയത്. പേടിച്ചു വിറച്ച് നിലവിളിച്ചിരുന്ന ഇവരെ കുറച്ചകലെയുള്ള ഒരു വീട്ടിൽ കൊണ്ടുപോയാക്കി. വീഴ്ചയിൽ തലയും നെഞ്ചും ഇടിച്ച് ചതവും നിസ്സാര മുറിവും പറ്റിയിരുന്നു. കൈവശമുണ്ടായിരുന്ന 12,000 രൂപയും മൂന്ന് മൊബൈൽഫോണും വെള്ളത്തിൽ പോയി. ഒരു ഫോണും 4,000 രൂപയും പിന്നീട് നാട്ടുകാർ മുങ്ങിയെടുത്തു. ഉച്ചയോടെ ക്രെയിൻ എത്തിച്ച് കാർ പൊക്കിയെടുത്തു. ദുരന്തം വഴിമാറി; പരസ്പരം രക്ഷകരായി.... പിന്നെയും വന്നു ഗൂഗിൾ നോക്കി കോതമംഗലം: കാറിനൊപ്പം വെള്ളത്തിൽ പതിച്ചെങ്കിലും മനോധൈര്യം കൈവിടാതെ യുവാക്കൾ പരസ്പരം രക്ഷകരാകുകയായിരുന്നു. അതല്ലെങ്കിൽ കൂരിരുട്ടിൽ ആരുമറിയാതെ മൂന്നു ജീവനുകൾ പൊലിയുമായിരുന്നു. സൈഡ് ഗ്ലാസുകൾ അടഞ്ഞായിരുന്നുവെങ്കിൽ മൂവരും കാറിനുള്ളിൽ കുടുങ്ങുമായിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം വഴിമാറിയത്. റോഡ് മുറിച്ചിട്ടിരിക്കുന്ന കാര്യം കാർ യാത്രികർ അറിഞ്ഞിരുന്നില്ല. കിലോമീറ്ററുകൾക്കു മുമ്പ് പുന്നേക്കാടുള്ള മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിക്കാതെയാണ് സംഘം ഇതുവഴി മുന്നോട്ടുപോയത്. പണി നടക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തും വേണ്ട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ലായിരുന്നു. റോഡ് സുരക്ഷാ നിയമം പാലിക്കാതെയാണ് പൊതുമരാമത്തും കരാറുകാരനും പണികൾ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. പരിചിതമല്ലാത്ത റോഡിലൂടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയാണ് ഇവരെ അപകടത്തിലെത്തിച്ചത്. മൂന്നാർ ഉൾപ്പെടെയുള്ള ഹൈറേഞ്ച് ഭാഗത്തേക്കു പോകുന്ന നിരവധി പേർ കോതമംഗലത്ത് എത്തുമ്പോൾ ഗൂഗിൾ മാപ്പ് ലൊക്കേഷൻ മുഖേന നോക്കുമ്പോൾ തെളിഞ്ഞു വരുന്നത് പാലമറ്റം ആവോലിച്ചാൽ വഴിയുള്ള ഷോർട്ട് കട്ട് റോഡാണ്. വടക്കാഞ്ചേരി സ്വദേശികളെ അപകടത്തിൽനിന്ന് രക്ഷപെടുത്തി സമീപത്തെ വീട്ടിലെത്തിച്ച് ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ തിരൂർ സ്വദേശികളായ ആറംഗ സംഘം സ്ഥലത്തെത്തിയിരുന്നു. ഗൂഗിൾ മാപ്പും നോക്കിയെത്തിയ ഇവരെ കാര്യം പറഞ്ഞു മനസ്സിലാക്കി മടക്കിവിട്ടു. content highlights: google map. kothamangalam, car accident
from mathrubhumi.latestnews.rssfeed https://ift.tt/2RO7fuR
via
IFTTT
No comments:
Post a Comment