തൃശ്ശൂര്‍: ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് ഒന്നാം പാപ്പാന്‍ മരിച്ചു. പാലക്കാട് സ്വദേശിയായ രാജേഷ്‌കുമാറാണ് മരിച്ചത്. തൃശൂര്‍ എല്‍ത്തുരുത്ത് പുതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അതേസമയം, ഇടഞ്ഞ് പരാക്രമം കാണിച്ച ആനയുടെ മുകളില്‍ ഇരുന്ന രണ്ടാം പാപ്പന്‍ ശിവദാസന്‍ മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം സാഹസീകമായി രക്ഷപെട്ടു. ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിട്ട് മൂന്ന് മാസം മാത്രമായിട്ടുണ്ടായിരുന്നത്.
സ്വതവേ ശാന്തസ്വഭാവക്കാരനാണ് ഇടഞ്ഞ പാര്‍ത്ഥസാരഥി നീരിലായതിനെ തുടര്‍ന്ന് ആറ് മാസമായി തറിയില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. 15 ദിവസം മുമ്പ് പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ചികിത്സകരും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് ആനയുടെ കെട്ടഴിച്ചത്.
തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് കഴിച്ച് ക്ഷേത്രത്തിലെത്തിയതായിരുന്നു രാജേഷ്‌കുമാര്‍. മാറ്റിക്കെട്ടുന്നതിന് മുന്നോടിയായി ശിവദാസന്‍ ആനയുടെ മുകളില്‍ കയറി. ഈ സമയം ആന തലകുലുക്കി തുമ്പിക്കൈ വീശി. തൊട്ടടുത്തുണ്ടായിരുന്ന രാജേഷ്‌കുമാര്‍ അടിയേറ്റ് കരിങ്കല്‍ത്തറയില്‍ തെറിച്ചുവീണു. ചലനമറ്റ് കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ആഘാതമാണ് മരണകാരണം. കലിയടങ്ങാതെ നിലയുറപ്പിച്ച പാര്‍ത്ഥസാരഥിയെ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ഡോക്ടറും ചേര്‍ന്ന് തളയ്ക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മൂന്ന് മണിക്കൂറിനുശേഷം വടമിട്ട് വട്ടംപിടിച്ച് തളയ്ക്കുന്നതിനിടെ ശിവദാസന്‍ ആനപ്പുറത്ത് നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
മുമ്പ് മറ്റൊരു ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന രാജേഷ്‌കുമാര്‍ ഏറെക്കാലം പാപ്പാന്‍ ജോലിയില്‍ നിന്ന് വിട്ടു നിന്നിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പാര്‍ത്ഥസാരഥിയുടെ പാപ്പാനായെത്തുന്നത്.
from mangalam.com https://ift.tt/2QbcV5n
via IFTTT
No comments:
Post a Comment